Tuesday 14 March 2017

വാസ്തുശാസ്ത്രം പുന൪ജനിക്കുന്നു



ശാസ്ത്രവും കലയും ആദ്ധ്യാത്മികതയും ഒരുപോലെ സമ്മേളിക്കുന്ന വാസ്തുവിദ്യ മനുഷ്യനെയും അവന്‍െറ ആവാസ വ്യവസ്ഥയെയും പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

ഗൃഹനിര്‍മാണമേഖലയില്‍ ഇന്ന് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് വാസ്തുശാസ്ത്രം. എന്നാല്‍, വാസ്തുവിദ്യയുടെ ശരിയായ ഉപയോഗം പ്രായോഗിക മേഖലയില്‍ ഉണ്ടാകുന്നുണ്ടോ എന്നതുസംശയമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്ത ധാരാളം ആളുകള്‍ വാസ്തുശാസ്ത്രമേഖലയിലെ ഗൃഹനിര്‍മാണത്തെ സ്വാധീനിക്കുന്നുണ്ട് എന്നതാണു വാസ്തവം.

ആധുനിക എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ മേഖലകളില്‍ വാസ്തുവിനെക്കുറിച്ചുള്ള അവബോധം കുറഞ്ഞതും, ഭാരതീയ ശാസ്ത്ര പഠനത്തിനുള്ള വിദ്യാലയങ്ങളുടെ അഭാവവും ഉപഭോക്താവിന്‍െറ സാമൂഹികമായ പല മുന്‍വിധികളുമാണ് ഈ രംഗത്തെ അധഃപതനത്തിനു വഴിയൊരുക്കുന്നത്. വിശ്വാസങ്ങള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സാങ്കേതികതയും കലാമൂല്യവും വഴിമാറുകയും ചെയ്യുമ്പോള്‍ ഗൃഹനിര്‍മാണമേഖല മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിലേക്കു വഴുതി വീഴുന്നു.

ഭാരതീയ സംസ്കാരത്തില്‍ വാസ്തുശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉത്പത്തിക്ക് വേദങ്ങളോളം തന്നെ പഴക്കമുണ്ട്. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഇതിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടുവോളമുണ്ട്. ആയിരക്കണക്കിനു വര്‍ഷത്തെ അനുഭവസമ്പത്തും അസംഖ്യം മനീഷികളുടെ കണ്ടെത്തലുകളും ചേര്‍ന്ന് രൂപപ്പെട്ട ഈ ശാസ്ത്രശാഖയാണ് ഇന്നു നമ്മള്‍ കാണുന്ന മഹാഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും തറവാടുകളുടെയുമൊക്കെ അടിസ്ഥാനം. ആധുനിക ലോകത്തില്‍ ശാസ്ത്രത്തിന്‍െറ വളര്‍ച്ച സാങ്കേതിക തികവു പുലര്‍ത്തുന്നുണ്ടെങ്കിലും മനുഷ്യന്‍െറ ഉദാത്തമായ സങ്കല്പങ്ങളുടെ പൂര്‍ണതയ്ക്കുള്ള രംഗസംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെയാണ് വാസ്തുശാസ്ത്രം പുനര്‍ജനിക്കുന്നത്.

കേവലം രൂപകല്പന, നിര്‍മാണവിദ്യ എന്നതിലുപരി വിശ്വാസങ്ങളും അനുഭവങ്ങളും ആദ്ധ്യാത്മികതയും സാമൂഹികവ്യവസ്ഥതകളും ഒക്കെ ചേര്‍ന്ന് ഉദാത്തമായ ഒരു തലത്തിലാണ് വാസ്തുവിദ്യ നിലനില്‍ക്കുന്നത്. ശാസ്ത്രത്തിന്‍െറ താത്വികമായ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഇതിന്‍െറ ശരിയായ പ്രയോഗത്തിന് അനിവാര്യമാണ്. പ്രകൃതി ജീവനത്തിനുള്ള ആഹ്വാനമാണ് വാസ്തുവിദ്യ. പഞ്ചഭൂതാത്മകമായ പ്രകൃതിയെയും മനുഷ്യനെയും മനുഷ്യന്‍െറ ആവാസ വ്യവസ്ഥയെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത്.

നല്ല ഭാവി നല്ല പ്രവൃത്തിയില്‍ നിന്നും, നല്ല പ്രവൃത്തി നല്ല ചിന്തയില്‍ നിന്നും, നല്ല ചിന്ത നല്ല ചുറ്റുപാടില്‍ നിന്നും രൂപപ്പെടുന്നു എന്ന സാമാന്യ വിചാരത്തില്‍ നിന്നും നല്ല ചുറ്റുപാടുകള്‍ രൂപപ്പെടുത്താനുള്ള ഉപാധിയാണു വാസ്തു ശാസ്ത്രം. പ്രകൃതിലീനമായ ചുറ്റുപാടിനെയാണ് ഉത്തമമായ നല്ല ചുറ്റുപാട് എന്നു വിശേഷിപ്പിക്കാവുന്നത്. പ്രകൃതി വിരുദ്ധരാകാതെ ജീവിതം കെട്ടിപ്പടുക്കാനുള്ള സംവിധാനമാണ് അടിസ്ഥാനപരമായി വാസ്തുവിദ്യ ഒരുക്കുന്നത്.

No comments:

Post a Comment