Tuesday 14 March 2017

സ്ഥാന പ്രധാനം വാസ്തു



വാസ്തുവിദ്യപ്രകാരം വീടിന്‍െറ ദര്‍ശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങള്‍ മാറുന്നില്ല. ദര്‍ശനം ഏതു ദിക്കിലേക്കായാലും മുറികള്‍ക്കു പൊതുവായ സ്ഥാനമാണ് വാസ്തുവിദ്യയിലുള്ളത്. ബജറ്റും ഡിസൈനുമനുസരിച്ചു പദയോനിപ്പെടുത്തി എടുത്ത മുറികളാണ് അഭികാമ്യം.

ഓരോ മുറിക്കും പ്രത്യേകതരം അളവുകള്‍ സ്വീകരിക്കുന്ന രീതിയും വാസ്തുവിലില്ല. സിറ്റ് ഔട്ട്, സ്റ്റോര്‍, കാര്‍പോര്‍ച്ച്, വര്‍ക് ഏരിയ, സ്റ്റെയര്‍കെയ്സ് റൂം തുടങ്ങിയവയുടെ ഉള്ളളവുകള്‍ക്ക് വാസ്തുപരമായ അളവുകള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല.

കിഴക്കു ദര്‍ശനമായുള്ള വീടിന്‍െറ രൂപകല്പനയിലും ക്രമീകരണത്തിലും ധാരാളം സ്വാതന്ത്യ്രമുണ്ടാകും. വടക്കു ദിക്കും ഏറെക്കുറെ കിഴക്കു ദിക്കുപോലെത്തന്നെയാണ്. എന്നാല്‍, തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദര്‍ശനമായുള്ള വീടിന്‍െറ രൂപകല്പനയില്‍ പരിമിതികളുണ്ട്.

സിറ്റ് ഔട്ട് / വരാന്ത വീടിന്‍െറ പ്രധാനപ്പെട്ട ഭാഗമാണ് വരാന്ത. വീടിന്‍െറ വിസ്താരത്തിന്‍െറ മൂന്നിലൊന്നു വിസ്താരം പൂമുഖത്തിനു വേണമെന്നാണ് പുരാതനഗ്രന്ഥങ്ങളില്‍ പറയുന്നത്. വീടിന്‍െറ ദര്‍ശനഭാഗം നിറഞ്ഞു നില്‍ക്കുന്ന ചെറിയ തൂണുകളോടു കൂടിയ വരാന്തയാണ് പഴയ വീടുകളുടെ സൌന്ദര്യത്തിന്‍െറ പ്രധാന ഘടകം.

എന്നാല്‍, ആധുനിക രൂപകല്പനയില്‍ വരാന്തയുടെ വകഭേദങ്ങളാണ് സിറ്റ് ഔട്ട് / പോര്‍ട്ടിക്കോ / ഫോയര്‍ എന്നിവ. ഇതിനായി വീടിന്‍െറ മുന്‍ഭാഗത്തു 'കട്ടിങ്സ് നല്‍കേണ്ടി വരുന്നു. 'കട്ടിങ്സ് വരുമ്പോള്‍ വീടിന്‍െറ വടക്കു കിഴക്കേ കോണില്‍ വരുന്നതാണ് ഉചിതം. കാര്‍പോര്‍ച്ച്, എന്‍ട്രി, സിറ്റ് ഔട്ട് എന്നിവ വടക്കു കിഴക്കേ കോണില്‍ വരുന്നത് ഏറെ അഭികാമ്യമാണ്.

ഇപ്പോള്‍ പൂമുഖവും വരാന്തയോടനുബന്ധിച്ചുള്ള പൂമുഖവും തരംഗമായി തിരിച്ചു വന്നിട്ടുണ്ട്. തൂണ്‍, ചാരുപടി തുടങ്ങിയവ ഉള്‍ക്കൊണ്ട പരമ്പരാഗത രീതിയിലുള്ള വരാന്തയുടെ നിര്‍മാണം ചെലവേറിയതാണ്. തടികൊണ്ടുള്ള നിര്‍മാണം നിരുത്സാഹപ്പെടുത്തുകയാണ് ചെലവു കുറയ്ക്കാനുള്ള വഴി.

വാസ്തുപരമായി കാര്‍പോര്‍ച്ച് വീടിനോടു ചേര്‍ന്നല്ലാതെ മാറ്റി നല്‍കുന്നതാണ് ഉചിതം. പക്ഷേ, ആധുനിക ജീവിതശൈലിയുടെ ഭാഗമായി വീടിനോടു ചേര്‍ത്ത് കാര്‍പോര്‍ച്ച് നല്‍കാറുണ്ട്. ഇതില്‍ അപാകതയൊന്നുമില്ല.

പ്രധാനവാതില്‍ വീടിന്‍െറ മധ്യത്തില്‍ നിന്ന് അല്പം മാറ്റി (മധ്യത്തിലാണെന്നു തോന്നിക്കും വിധം) പ്രധാന വാതില്‍ വയ്ക്കുന്നതാണ് ഉചിതം. ഇതിനര്‍ഥം ഇങ്ങനെയല്ലാത്ത വാതിലുകള്‍ വാസ്തുവിരുദ്ധമായി കരുതണമെന്നല്ല. മറിച്ചാണെങ്കില്‍ കൂടുതല്‍ നല്ലത് എന്നേ ഉള്ളൂ.

സ്വീകരണമുറി തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വീടിന്‍െറ മധ്യം എന്നിവിടങ്ങളാണ് സ്വീകരണമുറിക്ക് ഉചിതം. എന്നിരുന്നാലും ഡിസൈന്‍ അനുസരിച്ച് മറ്റുള്ള മുറികള്‍ക്ക് പ്രാമുഖ്യം നല്‍കി ശേഷിക്കുന്ന ഭാഗം സ്വീകരണമുറിയായി രൂപപ്പെടുത്തിയെടുക്കാം. പക്ഷേ, ലിവിങ്ങില്‍ സോഫയും കസേരയും ഇടുമ്പോള്‍ അധികമാളുകളും കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി ഇരിക്കത്തക്ക വിധം ക്രമീകരിക്കുന്നതാണ് ഉത്തമം.

ചില ആധുനിക വീടുകളില്‍ ലിവിങ് റൂം ഒരു പടി താഴ്ത്തി നല്‍കാറുണ്ട്. പക്ഷേ, ഗൃഹത്തിന്‍െറ തറനിരപ്പ് സമാനമായി ഇരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. വടക്കോ കിഴക്കോ ദര്‍ശനമായ ഗൃഹത്തില്‍ വടക്കുഭാഗത്തോ കിഴക്കു ഭാഗത്തോ ഉള്ള പൂമുഖവും സ്വീകരണമുറിയും താഴ്ത്തിയിടുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലേക്കു ദര്‍ശനമായുള്ള ഗൃഹത്തിന്‍െറ മുന്‍ഭാഗം താഴ്ത്തി പണിയുന്നത് അഭികാമ്യമല്ല.

പൂജാമുറി വീടിന്‍െറ വടക്കു കിഴക്കേ കോണിലും തെക്കു പടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറിക്കു സ്ഥാനം നല്‍കാം. വീടിന്‍െറ മധ്യഭാഗത്തും വെന്‍റിലേഷനുണ്ടെങ്കില്‍ പൂജാമുറി പണിയാം. ഏറ്റവും ചെറിയ പൂജാമുറിക്ക് 1.5*1.5 മീറ്റര്‍ ധ്വജ യോനി കണക്ക് അഭികാമ്യമാണ്. നാലുകെട്ടിലാണെങ്കില്‍ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നതാണ് അഭികാമ്യം. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയില്‍ പടിഞ്ഞാറു ദര്‍ശനമായി ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ വയ്ക്കാം. തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയില്‍ കിഴക്കുദര്‍ശനമായും വയ്ക്കാം. വിളക്കു കൊളുത്തുമ്പോള്‍ രണ്ടു തിരിയിട്ട് കൊളുത്തുന്നത് ഉത്തമമാണ്.

അടുക്കള ഗൃഹത്തിന്‍െറ വടക്കുകിഴക്കേ കോണായ ഈശാനകോണും തെക്കുകിഴക്കേ കോണായ അഗ്നികോണിലുമാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. വടക്കു പടിഞ്ഞാറേ കോണിലും അടുക്കളയ്ക്കു സ്ഥാനം നല്‍കുന്നതില്‍ തെറ്റില്ല. അടുക്കളയില്‍ പാതകം ക്രമീകരിക്കുമ്പോള്‍ കിഴക്കു ദര്‍ശനമായി നിന്നു പാചകം ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. നിവൃത്തിയില്ലെങ്കില്‍ വടക്കോട്ടു ദര്‍ശനമായി നിന്നും പാചകം ചെയ്യാം. മറ്റു രണ്ടു ദിക്കുകളും നിഷിദ്ധമാണ്.

തെക്കുപടിഞ്ഞാറേ കോണില്‍ യാതൊരുകാരണവശാലും അടുക്കള നല്‍കരുത്. അടുക്കളയുടെ കിഴക്കു മധ്യത്തിലോ വടക്കുകിഴക്ക് കോണിലോ തെക്കുകിഴക്ക് കോണിലോ ആയി അടുപ്പുകള്‍ സ്ഥാപിക്കാം. തീ കത്തിക്കുന്ന അടുപ്പ് ആണെങ്കില്‍ ഒന്ന് അല്ലെങ്കില്‍ മൂന്ന് എണ്ണം നല്‍കുന്നതാണ് ഉചിതം.

ആധുനിക രീതിയിലുള്ള അടുക്കളയുടെ സജ്ജീകരണത്തില്‍ സ്റ്റോര്‍ അധികപറ്റാണ്. മോഡുലാര്‍ കിച്ചണ്‍ സര്‍വസാധാരണമായ ഇക്കാലത്ത് സ്റ്റോറേജിനായി പ്രത്യേകമുറിയുടെ ആവശ്യമില്ല. പ്രധാന അടുക്കളയില്‍ ഗ്യാസ് അടുപ്പ് വച്ച് വര്‍ക് ഏരിയയില്‍ തീകത്തിക്കുന്ന പതിവുണ്ട്. അല്ലെങ്കില്‍ പുകയടുപ്പ് വീടിനു പുറത്തു നല്‍കുന്ന രീതിയുമുണ്ട്.

ഊണുമുറി അടുക്കളയ്ക്കു പറഞ്ഞ സ്ഥാനങ്ങളൊക്കെ ഊണുമുറിക്കും ഉപയോഗയോഗ്യമാണ്. അതു കൂടാതെ വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ഊണുമുറി നല്‍കാം.

ദീര്‍ഘചതുരാകൃതിയിലുള്ള ഊണുമുറിയാണ് അഭികാമ്യം. ഊണുമേശയുടെ ആകൃതി ഏതായാലും കുഴപ്പമില്ല. പക്ഷേ, കൂടുതല്‍ ആളുകള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായി ഇരിക്കാവുന്ന രീതിയില്‍ വേണം ഊണുമേശ ഇടാന്‍. അതായത് തെക്കുവടക്കായി ഊണുമേശ ഇടണമെന്ന് അര്‍ഥം.

കിടപ്പുമുറി നാലുകെട്ട് ശൈലിയിലുള്ള വീടുകളില്‍ ബെഡ്റൂം തെക്കിനിയിലോ പടിഞ്ഞാറ്റിനിയിലോ നല്‍കുന്നതാണ് നല്ലത്. സാധാരണ വീടുകളില്‍ തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കിടപ്പുമുറി നല്‍കുന്നത് ഏറെ ഉചിതമാണ്. തല കിഴക്കോട്ടോ തെക്കോട്ടോ വച്ചു കിടക്കത്തക്ക വിധം വേണം കട്ടില്‍ ഇടാന്‍.

അനാവശ്യമായ അലങ്കാരങ്ങളും അലമാരകളും ഇല്ലാതെ കട്ടിലും കിടക്കയും മാത്രം ഇടാവുന്ന ചെറിയ കിടപ്പുമുറിയാണ് ഉചിതം. അനാവശ്യമായ ബെര്‍ത്ത്, ഷെല്‍ഫ് എന്നിവയൊക്കെ മുറിയുടെ അളവിന്‍െറ പൂര്‍ണതയെ ബാധിക്കും. കാബിനറ്റുകള്‍ കിടപ്പുമുറിയോടു ചേര്‍ന്നുള്ള ഡ്രസിങ് ഏരിയയില്‍ നല്‍കി അവിടെ നിന്ന് ടോയ്ലറ്റിലേക്കു കയറുന്നതാണ് ഉചിതം.

ബാത്റൂം പൂജാമുറിക്കു പറഞ്ഞ സ്ഥാനങ്ങളെല്ലാം ടോയ്ലറ്റിനു വര്‍ജ്യമാണ്. പൂജാമുറിയുടെ ഭിത്തിയോടു ചേര്‍ന്നു ബാത്റൂം പണിയരുത്. അടുക്കളയോടു ചേര്‍ന്നു ബാത്റൂം പണിയുന്നതു ശരിയല്ലെന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ അതില്‍ വാസ്തുപരമായി തെറ്റില്ല. നാലു കോണുകളും വീടിന്‍െറ മധ്യവും ഒഴിവാക്കി വേണം ടോയ്ലറ്റിനു സ്ഥാനം കാണാന്‍. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകള്‍ നിശ്ചയമായും ഒഴിവാക്കണം. ഡിസൈന്‍ അനുസരിച്ചു സൌകര്യപ്രദമായ രീതിയില്‍ ക്ലോസറ്റ് സ്ഥാപിക്കാം. അതിനു പ്രത്യേകം സ്ഥാനമൊന്നും നിര്‍ദേശിച്ചിട്ടില്ല.

ഡ്രൈ ഏരിയയും വെറ്റ് ഏരിയയും തമ്മില്‍ വേര്‍തിരിക്കാനായി വെറ്റ് ഏരിയ അല്പം താഴ്ത്തി നല്‍കുന്ന പ്രവണതയുണ്ട്. എന്നാല്‍, തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള ടോയ്ലറ്റുകള്‍ ഇങ്ങനെ താഴ്ത്തി നല്‍കുന്നത് അഭികാമ്യമല്ല. വടക്കു ഭാഗത്തും കിഴക്കു ഭാഗത്തും തറ താഴ്ത്തി നല്‍കാം.

ഹോം തിയറ്റര്‍ പണ്ടുകാലത്ത് വിനോദങ്ങള്‍ക്കായി വീടിനു പുറത്ത് വലതുവശത്തായി മണ്ഡപങ്ങള്‍ പണിതിരുന്നു. ആധുനിക രൂപകല്പനയില്‍ മുകളിലെ നിലയിലെ ഓപ്പണ്‍ ടെറസ്, ഓപ്പണ്‍ വരാന്ത എന്നിവ വിനോദങ്ങള്‍ക്കായി ഉപയോഗിക്കാം. വടക്കുപടിഞ്ഞാറേ ഭാഗത്ത് ഹോംതിയറ്റര്‍ സജ്ജീകരിക്കാം. മുകളിലെ നിലയിലെ ലോഞ്ച് ഹോംതിയറ്ററിന് അനുയോജ്യമാണ്. ഊണുമുറിയില്‍ തന്നെ ടിവി വയ്ക്കുന്ന പ്രവണതയും ഉണ്ട്. ഇതിനും കുഴപ്പമില്ല. പഠനമുറി, പൂജാമുറി എന്നിവയില്‍ നിന്ന് ദൂരം പാലിച്ചു ക്രമീകരിക്കാം.

പഠനമുറി, വ്യായാമ മുറി, യൂട്ടിലിറ്റി പഠനമുറി വടക്കുഭാഗത്ത് വരുന്നതാണ് ഉത്തമം. വടക്ക് അഭിമുഖമായോ കിഴക്ക് അഭിമുഖമായോ ഇരുന്നു പഠിക്കുന്നതാണ് നല്ലത്.

വ്യായാമം, യോഗ, തെറപ്പി തുങ്ങി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തെക്കു പടിഞ്ഞാറും പടിഞ്ഞാറുമാണ് ഉത്തമം. വടക്കുപടിഞ്ഞാറ് യൂട്ടിലിറ്റി റൂമിനു സ്ഥാനം നല്‍കാവുന്നതാണ്.

സ്റ്റെയര്‍കെയ്സ് സ്റ്റെയര്‍കെയ്സ് തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആയി വരുന്നതു ഗുണകരമാണ്. ഘടികാരസൂചികള്‍ കറങ്ങുന്ന ദിശയില്‍ മുകളിലേക്കു കയറുന്ന രീതിയിലുള്ള ഗോവണിയാണ് അനുയോജ്യം. പ്രധാനവാതില്‍ തുറക്കുമ്പോള്‍ സ്റ്റെയര്‍കെയ്സ് കാണുന്നതുകൊണ്ട് കുഴപ്പമില്ല. മറിച്ചൊരു ധാരണ ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റെയര്‍കെയ്സ് ഗൃഹമദ്ധ്യത്തിലും പ്രധാനവാതില്‍ ഗൃഹമധ്യത്തില്‍ തന്നെ നേര്‍ക്കു നേരെ വരുമ്പോഴാണ് സ്റ്റെയര്‍കെയ്സ് വില്ലനാകുന്നത്. ഗൃഹമധ്യത്തിലും പാര്‍ശ്വവശങ്ങളിലെ മധ്യഭാഗത്തും ഗോവണി ഒഴിവാക്കുന്നതാണു നല്ലത്.

കോര്‍ട്ട്യാര്‍ഡിന്‍െറ പാര്‍ശ്വങ്ങളിലോ ധാരാളം വെന്‍റിലേഷനോടെയോ സ്റ്റെയര്‍കെയ്സ് നല്‍കുന്നതും ഗുണപ്രദമാണ്. നാലുകെട്ടിനുള്ളില്‍ ഒരുകാരണവശാലും നടുമുറ്റത്ത് സ്റ്റെയര്‍കെയ്സ് നല്‍കാന്‍ പാടില്ല. ചില വീടുകളില്‍ പുറത്തു നിന്നു സ്റ്റെയര്‍കെയ്സ് നല്‍കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പടിഞ്ഞാറേ പുറത്തു നിന്നോ തെക്കുപുറത്തു നിന്നോ കയറുന്ന രീതിയില്‍ നല്‍കാം.

ഏതവസ്ഥയിലും തെക്കുപടിഞ്ഞാറേ കോണ്‍പൂര്‍ണമായി നില്‍ക്കുന്ന രീതിയില്‍ വേണം രൂപകല്പന ചെയ്യാന്‍. ഈ ഭാഗത്ത് കാര്‍പോര്‍ച്ച് കട്ട് ചെയ്തു കയറിവരുന്നത് അപാകതയാണ്. എന്നാല്‍, പുറത്തേക്കു തള്ളി കാര്‍പോര്‍ച്ച് നല്‍കുന്നതില്‍ അപാകതയില്ല. അനാവശ്യമായ തൊങ്ങലുകളും തള്ളലുകളും ഒഴിവാക്കുന്നതു നല്ലതാണ്. വീടുപണി കഴിയുമ്പള്‍ വീടിന് തെക്കുപടിഞ്ഞാറ് ഉയര്‍ന്ന് വടക്കുകിഴക്ക് താഴ്ന്നിരിക്കുന്ന ആകാരമാണ് ഉചിതം. രണ്ടാംനില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറേ മൂല ഒഴിവാക്കി ഗൃഹനിര്‍മിതി അരുത്.

ഇളം നിറങ്ങള്‍ നല്ലത് പച്ച, നീല എന്നിവയുടെ ഇളം ഷെയ്ഡുകള്‍ ആണ് വീടിനുള്‍വശത്ത് അഭികാമ്യം. വീടിനു പുറത്ത് വെള്ളനിറത്തോളം അഭികാമ്യമായി മറ്റു നിറങ്ങളില്ല. ചുവരുകള്‍ക്ക് കറുപ്പുനിറവും ചാരനിറവും കടുംമഞ്ഞയും കടുംചുവപ്പും ഒഴിവാക്കാം. വെള്ളയുടെ പല ഷെയ്ഡുകളാണ് ഫ്ളോറിങ്ങിന് കൂടുതലായും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. വീടിനെ പ്രകാശമാനമാക്കാന്‍ ഇതു നല്ലതാണ്. കടുത്ത നിറങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തടികൊണ്ട് ഫോള്‍സ് സീലിങ് ചെയ്യുമ്പോള്‍ തടിയുടെ ഗുണമേന്മയ്ക്കും ഉത്ഭവത്തിനും വാസ്തുവില്‍ ഏറെ പ്രാധാന്യമുണ്ട്.

ഓമനമൃഗങ്ങള്‍ വീടിനുപുറത്ത് അക്വേറിയം, വീട്ടിനുള്ളിലെ ചെടികള്‍, പക്ഷികള്‍, വാട്ടര്‍ ഫൌണ്ടന്‍ പോലെയുള്ള ഒഴുകുന്ന ജലസാന്നിധ്യം എന്നിവ ഒഴിവാക്കാം. വീട് മനുഷ്യനു വസിക്കാനുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് അതാതിന്‍െറ സ്ഥാനം വീടിനു പുറത്ത് നിര്‍ദേശിക്കുന്നുണ്ട്. വീട്ടിനുള്ളിലും പുറത്തും മുള്ളുള്ള ചെടികള്‍ നടുന്നതും ഉചിതമല്ല.

എല്ലാ സ്ഥാനവും അതിന്‍െറ പൂര്‍ണരൂപത്തില്‍ ആവിഷ്കരിച്ചുകൊണ്ട് രൂപകല്പന നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗൃഹനാഥന്‍ അധികപ്രാമുഖ്യം നല്‍കുന്ന ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കി മറ്റുള്ളവയ്ക്കു ദോഷങ്ങള്‍ ഒഴിവാക്കിയുള്ള ശൈലി സംയോജിപ്പിച്ച് രൂപകല്പന ചെയ്യുകയാണ് വാസ്തുവിദഗ്ധന്‍ ചെയ്യേണ്ടത്.

1:1:5 എന്ന അനുപാതം ഉള്ളില്‍വരത്തക്ക വിധമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള മുറികളാണ് ഏറ്റവും അഭികാമ്യം. സമചതുരവും ഉപയോഗിക്കാം. എന്നാല്‍, ത്രികോണം, ഷഡ്കോണ്‍, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ മറ്റ് ആകൃതികള്‍ ഒഴിവാക്കണം.

മനോജ് എസ്. നായര്‍ (എംഐഇ)
കണ്‍സള്‍ട്ടിങ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള.

No comments:

Post a Comment