Tuesday 14 March 2017

ഗൃഹത്തിലെ ദേവസ്ഥാനം




ഭാരതീയ സംസ്കൃതിയുടെ പാരമ്പര്യത്തിനനുസരിച്ച് എല്ലാ ഭൗതീക പ്രവൃത്തികളും ഈശ്വരോന്മുഖമാണ്. ജീവിതം തന്നെ ഈശ്വരോന്മുഖമാകുമ്പോള്‍ അതിന്‍െറ അടിസ്ഥാനമായ ഗൃഹസംവിധാനത്തില്‍ ഈശ്വരസങ്കല്പത്തിനു സ്ഥാനം നല്‍കുന്നത് ഏറ്റവും ഉചിതമാണ്. പൂജാമുറിയുടെ ആവശ്യകത, സ്ഥാനം, അളവുകള്‍ മുതലായവയെക്കുറിച്ച് ധാരാളം സംശയങ്ങളും വികലമായ ചിന്തകളും നിലനില്‍ക്കുന്നുണ്ട്.

ശ്രേഷ്ഠ സ്ഥാനങ്ങള്‍

അവിശ്വാസികള്‍ക്ക് ഏകാന്തമായി ഇരുന്ന് ചിന്തിക്കാനും വിശ്വാസികള്‍ക്ക് ഈശ്വരാരാധനയ്ക്കും അദ്ധ്യാത്മീക സാധനയ്ക്കും ഒരു ഇടം ഗൃഹത്തില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇങ്ങിനെ ഒരു ഇടത്തിന് സ്ഥാനം കല്പിക്കുമ്പോള്‍ അത് ഗൃഹത്തിന്‍െറ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം തന്നെയാകണം എന്നുളളത് നിസ്തര്‍ക്കമാണ്.

സ്ഥൂലത്തിലും സൂക്ഷ്മത്തിലുമായി കല്‍പിക്കപ്പെടുന്ന വാസ്തുപുരുഷ സങ്കല്പത്തിന്‍െറ ശിരോഭാഗമായ വടക്കു കിഴക്കേ ഭാഗമാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥാനം. ഈ സങ്കല്പത്തിന്‍െറ മൂലാധാരസ്ഥാനമായി കണക്കാക്കാവുന്ന തെക്കുപടിഞ്ഞാറേ കോണും ഹൃദയസ്ഥാനമായ മധ്യഭാഗവും ഏറ്റവും ശ്രേഷ്ഠം തന്നെ. ഇങ്ങനെ കണക്കാക്കുമ്പോള്‍ സാധാരണയായി ഗൃഹരൂപകല്പന ചെയ്യുമ്പോള്‍ ഗൃഹത്തിന്‍െറ വടക്കുകിഴക്കേ കോണ്, തെക്കുപടിഞ്ഞാറേ കോണ്, ഗൃഹമധ്യം എന്നിവ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാകുന്നു. ശാലാമധ്യങ്ങളായ കിഴക്കുമധ്യവും പടിഞ്ഞാറു മധ്യവും ഇതിനു പറ്റിയ സ്ഥാനങ്ങള്‍ തന്നെയാണ്.

നാലുകെട്ടിലാണെങ്കില്‍ പൂജാസ്ഥാനം കിഴക്കിനിയിലോ വടക്കിനിയിലോ ഏറ്റവും ശ്രേഷ്ഠമായി നല്‍കാം. വടക്കുപടിഞ്ഞാറായിട്ടും അപൂര്‍വമായി തേവാരപ്പുരകള്‍ക്കു സ്ഥാനം നല്‍കാറുണ്ട്. സമചതുരമായ മുറിയായിരിക്കും പൂജയ്ക്ക് ഏറ്റവും ഉത്തമം. മുറിയുടെ ഉള്‍അളവ് ധ്വജയോനികണക്കിലോ, ദിക്കിനനുസൃതമായ കണക്കിലോ നല്‍കേണ്ടതാണ്. മുറിയുടെ മധ്യഭാഗത്തായി രണ്ടു പാളിയുളള വാതില്‍ നല്‍കുന്നതാണ് ഏറെ ശ്രേഷ്ഠം, വാതിലിന് തേക്ക്, പ്ലാവ് മുതലായ തടികളുപയോഗിക്കാം. പൂജാമുറിയുടെ വാതില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ നാലു ദിക്കിലേക്കും ആകാം. തെക്കു ഭാഗത്തേക്കു വാതില്‍ വരുന്നതു ശാസ്ത്രവിരുദ്ധമല്ല. എന്നാല്‍, കേരളത്തില്‍ ഇതിനെ തെറ്റായിട്ടാണ് ചില വാസ്തുവിശാരദര്‍ വ്യാഖ്യാനിക്കുന്നത്.

അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍

ഗൃഹത്തിനുളളില്‍ പൂജാമുറി നല്‍കുന്നതു ശാസ്ത്രവിരുദ്ധമാണ് എന്ന മട്ടില്‍ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതിന് യാതൊരു അടിസ്ഥാനവും ഉളളതല്ല. നാനാജാതി മതസ്ഥര്‍ക്ക് അവരവരുടെ ആരാധനാരീതിയില്‍ മനസ്സിനെ ഏകാഗ്രമാക്കാനായി ഒരു സ്ഥാനം നല്‍കേണ്ടത് അനിവാര്യമായാണ് വ്യക്തിപരമായി ഞാന്‍ കാണുന്നത്. പൂജാമുറിയെ ക്ഷേത്രസ്ഥാനമായി കാണുന്നതും ആവശ്യമില്ലാത്ത ആചാരങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പറയുന്നതും ശാസ്ത്രത്തിന്‍െറ വഴികളല്ല! എന്നും വിളക്കു കത്തിക്കേണ്ട ഒന്നാണ് പൂജാമുറി എന്ന സങ്കല്പവം ശരിയല്ല. പൂജാമുറിയില്‍ ദേവതാസങ്കല്പങ്ങള്‍ ഗൃഹമധ്യത്തിലേക്കു ദര്‍ശനമായി വരത്തക്കവിധം സ്ഥാപിക്കണം.

ഉദാഹരണത്തിന് വടക്കു കിഴക്കേ കോണിലെ പൂജാമുറിയില്‍ ദേവതാ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറേ കോണിലെ പൂജാമുറിയില്‍ ചിത്രങ്ങള്‍ കിഴക്കോട്ടുമാണ് സ്ഥാപിക്കേണ്ടത്. ചിത്രങ്ങള്‍ക്കഭിമുഖമായിരുന്നു വേണം ഈശ്വരധ്യാനം നടത്താന്‍. വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ ഗൃഹത്തിനുളളിലെ പൂജാമുറിയാണെങ്കില്‍ രണ്ടംഗുലത്തില്‍ അധികം (ആറ് സെമീ) വലുപ്പമുളളവ വയക്ക്താരിക്കുന്നതാണ് ഉത്തമം. വലിയ വിഗ്രഹങ്ങള്‍ ഗൃഹത്തിനു പുറത്ത് കുടുംബക്ഷേത്രമെന്ന രീതിയില്‍ ഗൃഹത്തിനഭിമുഖമായി പ്രത്യേകം ആലയം നിര്‍മിച്ച് വയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെയുളള പവിത്രമായി കരുതുന്ന സംഗതികള്‍ പൂജാമുറിക്കു പുറത്തായി മറ്റൊരു സ്ഥാനത്ത് ഭദ്രമായി വയ്ക്കാം. ധൂപത്തിനായി ചന്ദ്രനത്തിരികളും സുഗന്ധത്തിനായി ചന്ദനമരച്ചതും ഉപയോഗിക്കാം. അലങ്കാരസുഷിരങ്ങളില്ലാത്ത പൂര്‍ണമായ വാതിലുകള്‍ ഉളള മുറിയാണ് ധ്യാനത്തിനിരിക്കുവാനുത്തമം. വിളക്കു കത്തിക്കുമ്പോള്‍ കിഴക്കും പടിഞ്ഞാറും തിരിയിട്ടു കത്തിക്കേണ്ടതാണ്. ഉദയാസ്തമയ സൂര്യനഭിമുഖമായുളള സങ്കല്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

സാധാരണയായി ചെറിയ പൂജാമുറികള്‍ക്ക് 150*150 സെമീ, ഇടത്തരം വലുപ്പത്തിന് 198*198 സെമീ, വലുതിന് 294*294 സെമീ നല്‍കാവുന്നതാണ്. വെളുപ്പ് നിറത്തിലുളള ഭിത്തിയാണ് ഇതിന് ഏറ്റവും ഉത്തമം.

No comments:

Post a Comment