Tuesday 14 March 2017

വാസ്തുവും ശാസ്ത്രവും



വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ വാസ്തു നോക്കണം എന്ന നിര്‍ബന്ധം ഇപ്പോള്‍ മിക്കയാളുകളും പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ വാസ്തുവിനെക്കുറിച്ചുളള അജ്ഞത നിലനില്‍ക്കുകയും ചെയ്യുന്നു. മോഡേണ്‍ ആര്‍ക്കിടെക്ചര്‍ എന്നതുപോലെത്തന്നെ വാസ്തുശാസ്ത്രവും കെട്ടിടനിര്‍മാണത്തിനുളള ഒരു വഴിയാണ് എന്നേ ഉളളൂ. വാസ്തുശാസ്ത്രം നിരവധി വിദഗ്ധരുടെ അനേക കാലത്തെ അനുഭവങ്ങളില്‍ നിന്നും അറിവുകളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില നിര്‍ദേശങ്ങള്‍ മാത്രമാണ്.

വാസ്തുവനുസരിച്ച് കെട്ടിടനിര്‍മാണത്തിന് ഒരു വ്യാകരണം ഉണ്ട്. അതു പിന്തുടര്‍ന്നില്ലെങ്കില്‍ അശുഭ കാര്യങ്ങള്‍ സംഭവിക്കാം എന്നേ വാസ്തുശാസ്ത്രം പറയുന്നുളളൂ. മോഡേണ്‍ ആര്‍ക്കിടെക്ചറും നാഷണല്‍ ബില്‍ഡിങ് റൂളും എല്ലാം ഇതുതന്നെയാണ് പറയുന്നത്. അല്ലാതെ വാസ്തു ഒരിക്കലും നിര്‍ബന്ധിതമായ ഒരു കാര്യമല്ല. കെട്ടിടത്തിന്‍െറ വാസ്തുനോക്കുമ്പോള്‍ ഉണ്ടാകാവുന്ന കുറച്ച് സംശയങ്ങളുടെ ഉത്തരങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1.പ്ലോട്ട് തിരഞ്ഞെടുക്കുന്ന അവസരത്തില്‍തന്നെ വാസ്തു വിദഗ്ധനെ കാണിക്കണം.

വാസ്തുവില്‍ അധിഷ്ഠിതമായി നിര്‍മിക്കുന്ന വീടെന്നു പറയുമ്പോള്‍ പ്ലോട്ടിന്‍െറ സ്ഥാനം എങ്ങനെ എന്നതു മുതല്‍ തുടങ്ങേണ്ടി വരും. പ്ലോട്ടിന്‍െറ ആകൃതി, ദിശ എന്നീ കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സാധാരണയായി കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ ഏതെങ്കിലും ദിക്കുകളിലേക്കു തിരിഞ്ഞാണ് വീടു നിര്‍മിക്കുന്നത്. വിദിക്കുകളിലേക്കു (വടക്കുകിഴക്ക്, തെക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ്) തിരിഞ്ഞ രീതിയില്‍ വീടുവയ്ക്കുന്നത് വാസ്തുശാസ്ത്രം അനുവദിക്കുന്നില്ല. ഇതേ രീതിയില്‍ വിദിക്കുകളിലേക്കു തിരിഞ്ഞിരിക്കുന്ന പ്ലോട്ടും വീടു നിര്‍മാണത്തിന് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഒരു സ്ഥലം വാങ്ങി വീടുവയ്ക്കുകയാണെങ്കില്‍ ചിലപ്പോള്‍ പ്ലോട്ട് റോഡിനെ അഭിമുഖീകരിക്കുന്ന രീതിയിലാകും. എന്നാല്‍ റോഡു തന്നെ ദിക്കിലേക്കാണെങ്കിലോ ? ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ അത്തരം പ്ലോട്ടുകള്‍ ഒഴിവാക്കാം. പക്ഷേ, നേരത്തേ വാങ്ങിയിട്ട പ്ലോട്ടാണെങ്കില്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ വീടിന്‍െറ ഡിസൈനിങ് സമയത്ത് പരിഹരിക്കാം.

2.വീടു നിര്‍മാണത്തിനു പറ്റിയ പ്ലോട്ടിന് ദീര്‍ഘചതുരാകൃതി ഉത്തമം

സമചതുരമാണ് ഏറ്റവും പൂര്‍ണതയുളള ആകൃതി. എന്നാല്‍ മനുഷ്യന്‍ പൂര്‍ണനല്ലാത്തതിനാല്‍ സമചതുരാകൃതിയിലുളള പ്ലോട്ടുകള്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ബ്രാഹ്മണന് സമചതുരത്തോട് ചേര്‍ന്ന ആകൃതിയും ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ ഓരോ ജാതികളിലെത്തുമ്പോള്‍ ദീര്‍ഘചതുരാകൃതി കൂടി വരാമെന്നും വാസ്തുശാസ്ത്രം പറയുന്നു. വീടിരിക്കുന്ന സ്ഥലത്തിന്‍െറ ആകൃതിയില്‍ നിന്ന് താമസക്കാരുടെ ജോലി എന്താണെന്നു മനസ്സിലാകാനും എല്ലാവര്‍ക്കും ഭൂമി ലഭിക്കാനുമായിരുന്നിരിക്കണം ഈ നിഷ്കര്‍ഷകള്‍. ദീര്‍ഘചതുരാകൃതിയായ പ്ലോട്ടാണ് വീടുവയ്ക്കാന്‍ നല്ലത് എന്നര്‍ത്ഥം. 1:1:25 ആണ് ഭൂമിക്കുവേണ്ട പൊതു അനുപാതം.

3.വീടിന്‍െറ ദര്‍ശനം ഏതു ദിക്കിലേക്കുമാകാം

ഭാരതീയ ശാസ്ത്രമനുസരിച്ച് കിഴക്കിനും വടക്കിനും പ്രത്യേകതകളുണ്ട്. സൂര്യന്‍ കിഴക്ക് ഉദിക്കുന്നു, അസ്തമിക്കുന്നതു പടിഞ്ഞാറാണ്, ധ്രുവ നക്ഷത്രം ഉദിക്കുന്നത് വടക്കാണ്, തെക്ക് അശുഭകാരിയായ ത്രിശങ്കുവാണുളളത്. ഇതെല്ലാമായിരിക്കും കിഴക്കിനും വടക്കിനും പ്രാധാന്യം കൂടാന്‍ കാരണം. എന്നാല്‍ മറ്റു ദിക്കുകളിലേക്കും ദര്‍ശനം സാധ്യമാണ്.

കിഴക്കോട്ടു ദര്‍ശനമുളള വീട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വീട് കിഴക്കിന്‍െറ അധിദേവതയെ നോക്കിയിരിക്കുന്നു എന്നതാണ്. വാസ്തു ശാസ്ത്രമനുസരിച്ച് കിഴക്കിന്‍െറ ദേവത ഇന്ദ്രന്‍, ഉപേന്ദ്രന്‍, സൂര്യന്‍ (ഐശ്വര്യം) തുടങ്ങിയവരാണ്. വടക്കിന്‍െറ അധിദേവത കുബേരനും(ധനം) സോമനുമാണ്. തെക്കിന്‍െറ യമനും(ധര്‍മ്മം) പടിഞ്ഞാറിന്‍േറത് വരുണനു (സമാധാനം) മാണ്. വേദകാലത്ത് ഇന്ദ്രനേക്കാള്‍ പ്രാധാന്യം വരുണനായിരുന്നു. അതുകൊണ്ട് പടിഞ്ഞാട്ടു ദര്‍ശനമുളള കിഴക്കിനി ഉത്തമമാണെന്നു വിധിച്ചു. ഇന്ന് ഉയര്‍ച്ചയ്ക്കാണ് മിക്കവരും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് കിഴക്കോട്ടു ദര്‍ശനം നല്ലതാണെന്നു പറയുന്നത്. വേദകാലത്ത് തെക്കോട്ടു നോക്കുന്ന ഗൃഹങ്ങള്‍ ശ്രേയസ്കരമായിരുന്നു. കാരണം തെക്കിന്‍െറ ദേവതയായ യമന്‍ ധര്‍മ്മരാജാവാണ്.

വാസ്തവത്തില്‍ ഓരോ മനുഷ്യനും എന്താണ് ആവശ്യം എന്നതനുസരിച്ചാവണം വീടിന്‍െറ ദര്‍ശനം എവിടേക്ക് എന്നു തീരുമാനിക്കാന്‍.

4.ഭൂമിയുടെ ചരിവും വീടും

മനുഷ്യാലയ ചന്ദ്രികയില്‍ കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമി നല്ലത് എന്നു പറയുന്നുണ്ടെങ്കിലും ഇത് ക്ഷേത്രത്തെ ബാധിച്ചക്കുന്നതാണ്. മാത്രമല്ല ഇത് വലിയൊരു ഭൂപ്രദേശത്തെ കണക്കിലെടുത്തു കൊണ്ടാണ് ചെയ്യേണ്ടത്. അതനുസരിച്ചു നോക്കിയാല്‍ കേരളത്തില്‍ വീടു വയ്ക്കാനേ സാധിക്കില്ല. കാരണം കേരളം പടിഞ്ഞാട്ടു ചരിഞ്ഞല്ലേ കിടക്കുന്നത്, അതുകൊണ്ടുതന്നെ ഈ നിയമം വീടു വയ്ക്കുമ്പോള്‍ നോക്കേണ്ടതില്ല.

5.ഓരോ മുറിക്കും ഓരോ പ്രത്യേക സ്ഥാനങ്ങള്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്.

താമസിക്കുകയും വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുകയുമായിരുന്നു പണ്ടത്തെ മനുഷ്യന്‍ വീടുകൊണ്ടുദ്ദേശിച്ചിരുന്നത്. താമസം എന്നാല്‍ ഉറങ്ങുക എന്നര്‍ഥം. അതുകൊണ്ട് പ്രാധാന്യം സൂക്ഷിക്കുന്ന മുറിക്കായിരുന്നു.

പടിഞ്ഞാറു ദിക്കിനേക്കാള്‍ പ്രാധാന്യം കിഴക്കിനും തെക്കിനേക്കാള്‍ പ്രാധാന്യം വടക്കിനും നമ്മുടെ പൂര്‍വികര്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. സൂര്യന്‍ ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറുമാണ് എന്നതാകാം കിഴക്കിനു പ്രാധാന്യം കൂടാന്‍ കാരണം. വടക്ക് ശുഭകാരണനായ ധ്രുവനക്ഷത്രവും തെക്ക് ത്രിശങ്കുവുമാണ് എന്നതു വടക്കിനു പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കാം. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട മുറിക്ക് വടക്കോ കിഴക്കോ സ്ഥാനം നല്‍കി വന്നു. അങ്ങനെ സാധാനങ്ങള്‍ സൂക്ഷിക്കുന്ന മുറി വടക്ക് അല്ലെങ്കില്‍ കിഴക്ക് വന്നു. താമസിക്കാനുളള മുറി, തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറും. പ്രധാനപ്പെട്ട മുറി കിഴക്കോ വടക്കോ വേണം എന്ന ഈ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മുറികളുടെയും സ്ഥാനം നിര്‍ണയിച്ചിരുന്നത്.

6.അടുക്കള വീടിന്‍െറ വടക്കുകിഴക്കേ ഭാഗത്തുവരണം

പഴയ വീടുകളില്‍ അടുക്കള വീടിനു പുറത്തായിരുന്നു. ഓലപ്പുരകളാണ് അന്നുണ്ടായിരുന്നത് എന്നതിനാല്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളളതിനാലാണ് ഈ സമ്പ്രദായം പിന്തുടര്‍ന്നിരുന്നത്. മനുഷ്യാലയ ചന്ദ്രികയനുസരിച്ച് ഗൃഹ നിര്‍മിതിയിലല്ല, ഉപനിര്‍മിതികളിലാണ് അടുക്കളയെ കണക്കാക്കിയിരുന്നത്. പ്രധാന കെട്ടിടത്തിനു ചുറ്റുമുളള കിണര്‍, പടിപ്പുര തുടങ്ങിയ നിര്‍മിതികളെല്ലാം തന്നെ ഉപനിര്‍മിതികളാണ്. ഈ ഉപനിര്‍മിതികള്‍ എവിടെയെല്ലാം നിര്‍മിക്കാമെന്നതിനെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഒന്നല്ല, നിരവധി സ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇവയ്ക്കു തിരഞ്ഞെടുക്കാം.

ഓരോ മുറിയുടെയും ധര്‍മ്മമനുസരിച്ചാണ് അവയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത്. അടുക്കള വളരെ പ്രധാനപ്പെട്ട മുറിയാണ്. കാരണം, ഭക്ഷണം പാകം ചെയ്യല്‍ വളരെ വിശുദ്ധമായ കര്‍മമാണല്ലോ. അങ്ങനെ അടുക്കള ഏറ്റവും മികച്ച വടക്കുകിഴക്കു സ്ഥാനത്തെത്തി. പക്ഷേ, വടക്കുകിഴക്ക് ഉത്തമമാണെങ്കിലും നിര്‍ബന്ധമല്ല. തെക്കു കിഴക്കോ, വടക്കുപടിഞ്ഞാറോ അടുക്കളയാകാം. പക്ഷേ, തെക്കുപടിഞ്ഞാറ് അടുക്കള പതിവില്ല.

7.എന്തെല്ലാം നോക്കണം

പ്ളോട്ടിന്റെ ആകൃതി, ദര്‍ശനം, പ്ളോട്ടില്‍ വീടു വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, വീടിന്റെ ദര്‍ശനം ഇവയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കേണ്ടത്. അതിനുശേഷം വീടിന്റെ ഡിസൈനിങ്ങിന്റെ ഘട്ടത്തിലെത്തുമ്പോള്‍ ഓരോ മുറിയുടെയും അളവുകള്‍, മുറികളുടെ ആനുപാതികമായുള്ള സ്ഥാനം. രണ്ടു നില വീടാണെങ്കില്‍ ഏതെല്ലാം ഭാഗങ്ങള്‍ ഉയര്‍ത്തണം. മുറികളുടെ ഉയരം ഇവയെല്ലാം വാസ്തുവിനെ ബാധിക്കും.

8.തെക്കു പടിഞ്ഞാറ് പുറത്തളം എന്ന സിറ്റ്ഔട്ടിനു മാത്രം അനുയോജ്യം

തെക്കു പടിഞ്ഞാറുളള മുറിയിലായിരിക്കും ഏറ്റവും ചൂട്. അതിനാല്‍ അതിഥി മുറിയായോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ അനുയോജ്യമല്ല, പഴയ തറവാടുകളില്‍ തെക്കുപടിഞ്ഞാറ് പുറത്തളം എന്നു വിളിക്കുന്ന മുറിയായിരുന്നു, പുറത്തളം എന്നാല്‍ പുറത്തെ തളം. അതായത് അവിടത്തെ ചൂട് കാരണം മൂന്നുവശവും തുറന്ന മുറിയായിരിക്കണം. ചാരുകസേരയില്‍ വിശറികൊണ്ട് വീശിക്കിടക്കാന്‍ പറ്റുന്ന ഒരിടമാണ് അത്. ഇപ്പോഴത്തെ സിറ്റ് ഔട്ടാണ് ഈ സ്ഥാനത്തുവരുന്നത്.

9.തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, വടക്കു കിഴക്ക് - കിടപ്പുമുറിക്ക് മൂന്നു സ്ഥാനങ്ങള്‍

കിഴക്കുവശത്ത് പതിനൊന്നുമണിവരെ വെയില്‍ ഉണ്ടാകും. അതു കഴിഞ്ഞാല്‍ സൂര്യന്‍ നീങ്ങിത്തുടങ്ങും. വടക്കുവശത്തും വെയിലിന്‍െറ ശല്യമില്ല. അതുകൊണ്ടുതന്നെ, കാലാവസ്ഥാപരമായി കിടപ്പുമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം വടക്കു കിഴക്കാണ്. അടുക്കളയ്ക്കും അതുതന്നെയാണ് ഏറ്റവുമനുയോജ്യം. എന്നാല്‍ അടുക്കളയില്‍ തീ ഉപയോഗിക്കേണ്ടതിനാല്‍ കിടപ്പു മുറിയേക്കാള്‍ അടുക്കളയാണ് ഇവിടെ കൂടുതല്‍ യോജിക്കുക. മാത്രമല്ല, കേരളത്തിലെ കാറ്റിന്‍െറ ഗതിയും വടക്കോട്ടും കിഴക്കോട്ടുമായതിനാല്‍ അടുക്കളയില്‍ നിന്നുളള മണം പുറത്തേക്കു പോകാനും ഈ സ്ഥാനം അനുയോജ്യമായിരിക്കും. ഇനി അടുക്കളയുടെ സ്ഥാനം വടക്കുകിഴക്കല്ല എങ്കില്‍ അവിടെ അച്ഛനമ്മമാരുടെ കിടപ്പുമുറിയാകാമെന്ന് വാസ്തു പറയുന്നു.

തെക്കു കിഴക്ക് രാവിലെ കിഴക്കുനിന്നുളള വെയിലുണ്ടാകും, ഉച്ചയ്ക്ക് തെക്കുനിന്നും. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്ക് ചൂടു കുറയും. വടക്കു കിഴക്കുപോലെ സുഖപ്രദമല്ലെങ്കിലും തരക്കേടില്ലാത്ത കാലാവസ്ഥയായിരിക്കും ഈ മുറിയില്‍. വടക്കു പടിഞ്ഞാറു മുറിയില്‍ പടിഞ്ഞാറു നിന്നുളള കാറ്റു കിട്ടും. വടക്ക് ചൂട് കുറവുമാണ്. അതിനാല്‍ വടക്കു പടിഞ്ഞാറേ മുറിയും നല്ല കാലാവസ്ഥയുളള മുറിയാണ്. പടിഞ്ഞാറു നിന്നുളള കാറ്റു കിട്ടുന്നതിനാല്‍ വടക്കു പടിഞ്ഞാറിനെ വായുകോണ്‍ എന്നാണു പറയുക. അതുകൊണ്ടു തന്നെ തെക്കുകിഴക്കും, വടക്കുപടിഞ്ഞാറും കിടപ്പു മുറിക്ക് അനുയോജ്യമാണ്.

10.കന്നിമൂലയില്‍ മാത്രമല്ല, ഒരു മൂലയിലും ബാത്റൂം നിര്‍മിക്കരുത്.

കന്നിമൂലയില്‍ ബാത്റൂം നിര്‍മിക്കാന്‍ പാടില്ല എന്നു പറയുന്നവരുണ്ട്. എന്നാല്‍ കന്നിമൂലയില്‍ മാത്രമല്ല, ഒരു മൂലയിലും ബാത്റൂം വരരുത്. മൂലകള്‍ക്കെല്ലാം തുല്യപ്രാധാന്യമുളളതിനാലാണിത്. വാസ്തുശാസ്ത്രമനുസരിച്ച് കിണറിന്‍െറ സ്ഥാനം വടക്കു കിഴക്കാണ്. അപ്പോള്‍ അതിനെതിരായി തെക്കോ പടിഞ്ഞാറോ ആയിരിക്കണം ബാത്റൂമിന്‍െറ സ്ഥാനം. മാത്രമല്ല, കിടപ്പുമുറിയുടെ സ്ഥാനമനുസരിച്ച് ബാത്റൂമുകള്‍ക്ക് സ്ഥാനം കൊടുക്കണം. പ്രാധാന്യമുളള മുറിക്ക് കിഴക്കോ വടക്കോ സ്ഥാനം നല്‍കണം എന്ന നിയമമനുസരിച്ചു നോക്കിയാലും ബാത്റൂമിന് കിടപ്പുമുറിയുടെ തെക്കോ പടിഞ്ഞാറോ ആയേ സ്ഥാനം ലഭിക്കൂ. അപ്പോള്‍ മൂലയില്‍ വരില്ല.

11.ഊണു മുറിയുടെ സ്ഥാനം

അടുക്കള വടക്കുകിഴക്കാണെങ്കില്‍ അതിനടുത്തുതന്നെയായിരിക്കണം ഭക്ഷണം കഴിക്കാനുള്ള ഇടം. അപ്പോള്‍ ഭക്ഷണശാല അതായത് ഡൈനിങ്്റൂം വടക്കുവശത്തോ കിഴക്കുവശത്തോ ആയിരിക്കും. മാത്രമല്ല പഴയകാലത്തെ സമ്പ്രദായമനുസരിച്ച് അതിഥികള്‍ക്ക് ഭക്ഷണം, കൊടുക്കല്‍ അതിവിശിഷ്ടമായ കാര്യമായിരുന്നു. അതുകൊണ്ട് അതിന്റെ സ്ഥാനം വടക്കോ കിഴക്കോ വശത്താകണം. പ്രാര്‍ഥനാമുറി അല്ലെങ്കില്‍ പൂജാ മുറിയും വടക്കോ കിഴക്കോ ആകാം.

12.മുറിയുടെ വലുപ്പത്തിനു പ്രാധാന്യമുണ്ട്.

വാസ്തുശാസ്ത്രമനുസരിച്ച് വീടിന്‍െറ ദിശയും സ്ഥാനവുമെന്നതുപോലെത്തന്നെ പ്രധാനമാണ് മുറികളുടെ വലുപ്പവും. പലരും അതുവേണ്ടത്ര പരിഗണിക്കാറില്ല. മനുഷ്യശരീരത്തിലെ അവയവങ്ങള്‍ തമ്മില്‍ ഒരു അനുപാതമുളളതുപോലെ വീട്ടിലെ മുറികള്‍ തമ്മിലും അനുപാതം ആവശ്യമാണ്. കാഴ്ചയ്ക്കും വീടിനുളളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്.

മനുഷ്യശരീരത്തിനനുസൃതമായാണ് വാസ്തുശാസ്ത്രമനുസരിച്ച് മുറികളുടെ വüലുപ്പം തീരുമാനിക്കുന്നത്. ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു നില്‍ക്കാനും നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങാനുമുളള വലുപ്പമാണ് ഒരു മുറിക്ക് വേണ്ടത്. ഒരാള്‍ കൈകള്‍ മുകളിലേക്കു കൂപ്പിനില്‍ക്കുന്ന(പുരുഷാഞ്ജലി) ഉയരമാണ് ഇതിനുവേണ്ടി കണക്കാക്കുന്നത്. മുറിയുടെ ഉയരം ഒരു പുരുഷാഞ്ജലിയും നീളമോ വീതിയോ കുറഞ്ഞത് രണ്ടു പുരുഷാഞ്ജലിയുമായിരിക്കണം. ഒരു പുരുഷാഞ്ജലി എന്നാല്‍ അഞ്ച് മുഴം എന്നാണ് കണക്ക്. ഒരു മുഴം എന്നാല്‍ രണ്ട് പദം, ഒരു പദം 24 സെമി. അതായത്, 240 സെമി*240 സെമി ആയിരിക്കണം മുറിയുടെ ഏറ്റവും കുറഞ്ഞ വലുപ്പം. നാഷണല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ചും ഇതേ അളവുകളാണ് നിഷ്കര്‍ഷിക്കുന്നത്. 240*240 സെമി വലുപ്പമുളള മുറി സമചതുരമായിരിക്കുമെന്നതിനാല്‍ ഏതെങ്കിലുമൊരു വശത്തിന് നീളമോ വീതിയോ കൂടുതല്‍ വേണം.

13.തെക്ക് ധാന്യം, പടിഞ്ഞാറ് ധനം, കിഴക്ക് അന്നം, വടക്ക് സുഖം

മയമതം എന്ന പുസ്തകം പറയുന്നത് തെക്ക് ധാന്യാലയം, പടിഞ്ഞാറ് ധനാലയം, കിഴക്ക് അന്നാലയം, വടക്ക് സുഖാലയം എന്നാണ്. നമ്മുടെ കാലാവസ്ഥയുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. ഇന്ത്യ, പ്രത്യേകിച്ച് ദക്ഷിണേന്ത്യ, ഉത്തരാര്‍ദ്ധഗോളത്തിലാണ് ( nഗ്നത്സന്ധhന്ത്സn hന്ണ്ഡദ്ധന്ഥണ്മന്ത്സന്) കിടക്കുന്നത്. അതായത്, കേരളം ഏതാണ്ട് എട്ട്- പത്ത് ഡിഗ്രി അക്ഷാംശത്തില്‍ കിടക്കുന്നു. അപ്പോള്‍ കൂടുതല്‍ സമയവും സൂര്യന്‍ തെക്കുവശത്തായിരിക്കും. കേരളത്തെ സംബന്ധിച്ച് വര്‍ഷത്തില്‍ എട്ടുമാസവും സൂര്യന്‍ തെക്കുവശത്തായിരിക്കും. അതായത്, ഏറ്റവും ചൂട് തെക്കുവശത്തുളള മുറികളിലായിരിക്കും. അതുകൊണ്ടുതന്നെ കിടപ്പുമുറിയോ അടുക്കളയോ കൊടുക്കാന്‍ കഴിയില്ല. ചൂടുളളതിനാല്‍ അവിടെ ധാന്യം കേടുകൂടാതെയിരിക്കും. തെക്കിന് എതിര്‍വശമുളള ഭാഗം. അതായത് വടക്കുവശത്ത് ഈ സമയം തണലായിരിക്കും. അതുകൊണ്ട് അവിടം സുഖാലയമാകുന്നു. അതിഥികള്‍ക്ക് ഭക്ഷണം നല്‍കല്‍ പ്രധാനമായതിനാല്‍ അതു കിഴക്കായി. പണം സൂക്ഷിക്കല്‍ വളരെ പ്രധാനപ്പെട്ട എന്നു സൂചിപ്പിക്കാന്‍ കൂടിയാണ് ധനാലയം പടിഞ്ഞാറാക്കിയത്.

14. മുറികള്‍ക്ക് കൃത്യമായ അളവുകള്‍ ഉണ്ട്

പല വീടുകളും പല ദിക്കിനെ അഭിമുഖീകരിച്ചായിരിക്കും കിടക്കുന്നത്. ചില വീടുകള്‍ കിഴക്കോട്ടു നോക്കി, ചിലത് പടിഞ്ഞാട്ടു നോക്കി. അങ്ങനെ. അപ്പോള്‍ വാസ്തുനിയമങ്ങള്‍ക്കനുസൃതമായി വീടു പണിയുമ്പോള്‍ ഈ വീടുകള്‍ തമ്മില്‍ കാഴ്ചയില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഗണിത ശാസ്ത്രപരമായി ചെറിയൊരു മാര്‍ഗം പണ്ടുളളവര്‍ കണ്ടെത്തി.

മുറിയുടെ ചുറ്റളവ് എത്രയാണെങ്കിലും അത് പദത്തിലേക്കു മാറ്റുന്നു. പദത്തിലേക്കു മാറ്റാന്‍ മൂന്ന് കൊണ്ട് ഗുണിക്കുകയാണ് ചെയ്യേണ്ടത്. ആകെ എട്ട് ദിക്കുകളാണ് എന്നതിനാല്‍ ആ കിട്ടുന്ന ഗുണനഫലത്തെ എട്ട് കൊണ്ട് ഹരിക്കണം. ശിഷ്ടം കിട്ടുന്നത് പദത്തിലുളള അളവുമായി കൂട്ടണം. 40*40 പദം വലുപ്പമുളള മുറിയുടെ കാര്യമെടുക്കയാണെങ്കില്‍, ശിഷ്ടം ഒന്നു കിട്ടിയാല്‍ ഒരു വശം 41 പദമാകും. അപ്പോള്‍ കിഴക്കുനിന്ന് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കുന്ന വീടാകും. ശിഷ്ടം രണ്ടാണെങ്കില്‍ ദിശ തെക്കുകിഴക്കാണ്. അങ്ങനെ എട്ടു ദിശയ്ക്കും വരും. എന്നാല്‍ പടിഞ്ഞാട്ട് തിരിഞ്ഞ വീടിന് ശിഷ്ടം ഒന്നു വരുന്ന അടുത്ത അളവ് 49 പദമാണ്. ഈ വിധത്തില്‍ വളരെ ലളിതമായ ഗണിതത്തിലൂടെയാണ് മുറികളുടെ വലുപ്പം നിര്‍ണയിക്കുന്നത്.

ഡോ ബാലഗോപാല്‍ ടി എസ് പ്രഭു
ഡയറക്ടര്‍
വാസ്തുവിദ്യാപ്രതിഷ്ഠാനം
കോഴിക്കോട്

No comments:

Post a Comment