Tuesday 14 March 2017

വസ്തുവോ വീടോ വിൽക്കുമ്പോൾ





റിയല്‍ എസ്റ്റേറ്റ് എന്നു കേള്‍ക്കു മ്പോള്‍ വസ്തുവോ വീടോ സ്വന്തമാ ക്കാനുള്ള വഴി എന്നാണു പലരും കരുതുന്നത്. അതിനായി നൂറു കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്യും. എന്നാല്‍ വസ്തുവോ വീടോ കെട്ടിടങ്ങളോ വിറ്റ് ലാഭം നേടാനുള്ള വഴിയുമാണ് റിയല്‍ എസ്റ്റേറ്റ്.

വസ്തു വാങ്ങുന്നത്ര എളുപ്പമല്ല മിക്കപ്പോഴും വസ്തു വില്‍ക്കുന്നത്. ലക്ഷ്യമിടുന്ന വില കിട്ടില്ല, വേണ്ട സമയത്തു കിട്ടില്ല, അഡ്വാന്‍സ് തന്നയാള്‍ക്കു ബാക്കി തരാന്‍ പറ്റാതാകും എന്നിങ്ങനെ പല പല പ്രശ്നങ്ങള്‍ വസ്തു ഉടമയ്ക്കും നേരിടേണ്ടി വരാം. എന്തോ അത്യാവശ്യം ഉള്ളതുകൊണ്ടാണു വില്‍ക്കുന്നതെന്നു വാര്‍ത്ത പരന്നാല്‍പ്പിന്നെ വില കുറയാന്‍ അതുമതി. വസ്തുവും വീടുമൊക്കെ വില്‍ക്കാന്‍ ആലോചിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മാര്‍ക്കറ്റിലെ സ്ഥിതി മനസ്സിലാക്കി വേണം വില്‍പ്പനക്കാര്യം പരസ്യപ്പെടുത്താന്‍. പൊതുവെ ഭൂമി ഇടപാടില്‍ മാന്ദ്യമാണെങ്കില്‍ പ്രതീക്ഷിക്കുന്ന വില കിട്ടില്ലതന്നെ. പ്ലോട്ട് വാണിജ്യപ്രാധാന്യമുള്ള സ്ഥലത്താണെങ്കില്‍ അത്തരം ഇടപാടുകാരെയും സമീപിക്കണം. ലോണെടുത്തു വീടുവയ്ക്കാന്‍ ആലോചിക്കുന്നവരെക്കാള്‍ സാമ്പത്തികശേഷിയുള്ളവരായിരിക്കുമല്ലോ കോര്‍പറേറ്റ് ബിസിനസ് സ്ഥാപനങ്ങള്‍. പലിശനിരക്ക് ഉയര്‍ന്നിരിക്കുന്ന സീസണില്‍ വസ്തുവോ വീടോ വാങ്ങാന്‍ ആളുകുറവായിരിക്കും എന്നതു പ്രത്യേകം ശ്രദ്ധിക്കണം. മൊത്തം വിലക്കയറ്റവും ആളുകളുടെ ക്രയവിക്രയ ശേഷി കുറയ്ക്കും. ബ്രോക്കര്‍മാരെ ഇടപെടുത്തുകയാണെങ്കില്‍ വ്യവസ്ഥകള്‍ വ്യക്തമായി ഉറപ്പിക്കാതെ മുന്നോട്ടുപോകരുത്. മാര്‍ക്കറ്റിലെ വിലനിലവാരം ഉടമയ്ക്ക് അറിയില്ലെന്നു തോന്നിയാല്‍ ബ്രോക്കര്‍മാര്‍ ആശയക്കുഴപ്പമുണ്ടാക്കി നേട്ടംകൊയ്യാന്‍ ശ്രമിക്കും. ബ്രോക്കര്‍മാരെ ഇടപെടുത്താതെ പത്രപ്പരസ്യം വഴി ഇടപാടുകാരുമായി നേരിട്ടു ബന്ധപ്പെടാന്‍ നോക്കുമ്പോള്‍പ്പോലും ബ്രോക്കര്‍മാര്‍ വേഷം മാറി എത്താന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുക. ഉടമയ്ക്ക് വിലയെപ്പറ്റിയും എത്രകാലത്തിനകം ഇടപാടു നടക്കണമെന്നതിനെപ്പറ്റിയുമൊക്കെ വ്യക്തമായ ധാരണയുണ്ടെങ്കില്‍ ഈ കണ്‍ഫ്യൂഷനുകള്‍ ഒഴിവാക്കാം. ഒന്നോര്‍ക്കുക : ബ്രോക്കര്‍ക്ക് കമ്മിഷന്‍ മാത്രമാണു വേണ്ടത്. ഉടമയില്‍നിന്നുമാത്രമല്ല, വാങ്ങുന്നയാളില്‍നിന്നും കമ്മിഷന്‍ കിട്ടും. അതുകൊണ്ടുതന്നെ ഉടമയോട് ബ്രോക്കര്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടെന്ന് കരുതുന്നത് അബദ്ധമാകും.

വില്‍ക്കാനൊരുങ്ങും മുന്‍പ് വസ്തുവായാലും വീടായാലും അത്യാവശ്യം മോടിപിടിപ്പിക്കുന്നത് മൂല്യം കൂട്ടാന്‍ സഹായിക്കും. വ്യക്തമായ അതിര്‍ത്തിയുള്ള, കണ്ടാല്‍ നല്ലൊരു ഷേയ്പ് തോന്നുന്ന, വൃത്തിയുള്ള പറമ്പിന് ഉറപ്പായും മികച്ച ഫസ്റ്റ് ഇംപ്രഷന്‍ കിട്ടും. വസ്തു സംബന്ധമായ രേഖകള്‍ എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം.

വീട് വില്‍ക്കാനാണ് ആലോചനയെങ്കില്‍ അറ്റകുറ്റപ്പണികള്‍ ഏറെ പ്രധാനമാണ്. ചോര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തിലെ വീടുകളുടെ ഏറ്റവും വലിയ പ്രശ്നം. മേല്‍ക്കൂര ചോരുന്നതിനു പുറമെ, സണ്‍ഷേഡ് പോലുള്ളിടങ്ങളില്‍നിന്ന് നനവു ഭിത്തിയിലേക്കു പടരുന്നതും വീടിന്‍െറ മൂല്യം കുത്തനെ കുറയ്ക്കും. ഭിത്തിപൊട്ടല്‍, പെയിന്റ് ഇളകല്‍ തുടങ്ങിയ പ്രശ്നങ്ങളും ഇതിന്റെയൊക്കെ തുടര്‍ച്ചയായി ഉണ്ടാകും. ഇതൊക്കെ അധികം പണച്ചെലവില്ലാതെ പരിഹരിച്ച് അല്‍പം പെയിന്റിങ്, പോളിഷിങ് ഒക്കെ നടത്തി വീട് ഭംഗിയാക്കണം. നശിച്ച വീട് എന്ന ധാരണ ഉണ്ടാകാത്ത വിധത്തിലാക്കമെന്നതാണു പ്രധാനം.

No comments:

Post a Comment