Tuesday 14 March 2017

കിടപ്പുമുറിയും വാസ്തുവും



കിടപ്പുമുറിയില്‍ വര്‍ക്കിങ് സ്പേസും ടിവിയും വേണോ ? വേണ്ടയോ ?

രണ്ടഭിപ്രായത്തിനും കൈപൊക്കാന്‍ ഇഷ്ടം പോലെ ആളുണ്ട്. 'അവരവരുടെ ജീവിതശൈലി അനുസരിച്ചു വേണ്ടതു ചെയ്യുക എന്നാണ് വിദഗ്ധര്‍ ഇതിനു നല്‍കുന്ന ഉത്തരം. പക്ഷേ, അതിനൊപ്പം നല്‍കുന്ന വിശദീകരണത്തിന് ഉത്തരത്തേക്കാള്‍ പ്രസക്തിയുണ്ട്. മാസ്റ്റര്‍ ബെഡ്റൂം ഉറങ്ങാനും ദാമ്പത്യജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ക്കുമുള്ള ഇടമാണ്. അതിനുതകുന്ന രീതിയിലാകണം ഇവിടത്തെ ക്രമീകരണങ്ങള്‍. സ്വകാര്യതയ്ക്കാകണം മുന്‍ഗണന. ഭാര്യയും ഭര്‍ത്താവും മാത്രമുള്ളപ്പോള്‍ അതിനിടയിലേക്ക് ടിവി, കംപ്യൂട്ടര്‍, ഓഫീസ് ജോലികള്‍ തുടങ്ങിയവ കയറിവരുന്നത് ഒഴിവാക്കാമെങ്കില്‍ അതാണു നല്ലത്.

ബെഡ്റൂമില്‍ കിടക്ക കാണുന്ന രീതിയില്‍ കണ്ണാടി നല്‍കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?

 കിടക്ക പ്രതിഫലിക്കുന്ന രീതിയില്‍ ബെഡ്റൂമില്‍ കണ്ണാടി നല്‍കുന്നതു നല്ലതല്ല. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഉത്തരേന്ത്യയിലും മറ്റും ഈ വിശ്വാസം പ്രബലമാണ്. അവിടെ കണ്ണാടി മറയ്ക്കാന്‍ കര്‍ട്ടന്‍ പിടിപ്പിച്ച ഡ്രസിങ് ടേബിളുകള്‍ ലഭിക്കും. കിടക്ക കാണുന്നവിധം കണ്ണാടിയുണ്ടെങ്കില്‍ ഇത്തരത്തില്‍ കര്‍ട്ടന്‍ പിടിപ്പിക്കുകയോ തുണികൊണ്ട് മൂടിയിടുകയോ ചെയ്യാം. കബോര്‍ഡിനുള്ളില്‍ കണ്ണാടി പിടിപ്പിക്കുകയോ കിടക്ക കാണാത്തവിധം കണ്ണാടി സ്ഥാപിക്കുകയോ ചെയ്യാം. കംപ്യൂട്ടര്‍/ ടിവി സ്്ക്രീനിലോ പോലും കിടക്ക പ്രതിഫലിക്കുന്നതു നന്നല്ല. രാത്രിയില്‍ അവ മൂടിയിടണം.

കിടപ്പുമുറിയില്‍ രണ്ടു കട്ടിലുകള്‍ ഇടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?

രണ്ടു കട്ടിലുകള്‍ ഇടുന്നതുകൊണ്ട് കുഴപ്പമില്ല. ചേര്‍ത്തിടരുതെന്ന് മാത്രം. രണ്ടു കട്ടിലുകളോ രണ്ട് കിടക്കകളോ ചേര്‍ത്തിട്ട് കിടക്കുന്നത് നല്ലതല്ലെന്നാണ് ഫുങ്- ഷ്വേ പറയുന്നത്. രണ്ട് കട്ടിലുകള്‍ അകത്തിയിട്ട് കിടക്കാം. അതിനു പ്രശ്നങ്ങളില്ല. പക്ഷേ, ദമ്പതികള്‍ ഉപയോഗിക്കുന്ന കട്ടിലോ കിടക്കയോ രണ്ടെണ്ണം ചേര്‍ത്തിടുന്നത് എനര്‍ജി ഓഫ് സെപ്പറേഷന്‍ സൃഷ്ടിക്കും. മിക്കവരും കട്ടിലിനോ കിടക്കയ്ക്കോ വലുപ്പം കുറവാണെങ്കില്‍ രണ്ടെണ്ണം ചേര്‍ത്തിടാറുണ്ട്. ഇത് ഒഴിവാക്കാം. ആവശ്യത്തിനിണങ്ങുന്ന വലിയ കട്ടിലും കിടക്കയും വാങ്ങുക.

ബെഡ്റൂമില്‍ ചെടികള്‍ വയ്ക്കാമോ?

കിടപ്പുമുറിയില്‍ പ്രകൃതി സ്നേഹം ഒഴിവാക്കുന്നതാണു നല്ലത്. ഇത്തിരി പച്ചപ്പിരിക്കട്ടെ എന്നൊന്നും വിചാരിച്ചിട്ടു കാര്യമില്ല. ചെറിയ ക്ലാസുകളില്‍ സയന്‍സ് പഠിച്ചിട്ടില്ലേ. ചെടികള്‍ സൂര്യപ്രകാശത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ പുറന്തള്ളുന്നു. പക്ഷേ, രാത്രിയില്‍ നേരെ തിരിച്ചും. അതുകൊണ്ട് എന്തിനാ വെറുതെ കാര്‍ബണ്‍ഡൈഓക്സൈഡ് ശ്വസിക്കുന്നത് ? മാത്രമല്ല, ദമ്പതികളുടെ ബെഡ്റൂമില്‍ ചെടികള്‍ വച്ചാല്‍ കലഹം ഉണ്ടാകുമെന്നും പെണ്‍കുട്ടികളുടെ മുറിയില്‍ വച്ചാല്‍ വിവാഹതടസ്സമുണ്ടാകുമെന്നും ഫുങ് - ഷ്വേ പറയുന്നു.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വലതുവശം തിരിഞ്ഞെഴുന്നേല്‍ക്കണമെന്ന് പറയുന്നതില്‍ കാര്യമുണ്ടോ ? 

 ഇടതുവശത്തു കൂടി എഴുന്നേറ്റാല്‍ അന്നത്തെ ദിവസം പോക്കാണെന്ന് പറയാറുണ്ട്. ഈ വിശ്വാസത്തിനു പിന്നില്‍ ആരോഗ്യരഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. രാത്രി മുഴുവന്‍ കിടക്കുമ്പോള്‍ ശരീരത്തിനുള്ളില്‍ വായു രൂപപ്പെടുന്നുണ്ട്. ഇടതുവശം ചരിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ വായുസഞ്ചാരം തടസ്സപ്പെടും. ഇതു ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കും. വലതുവശം ചരിഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ ഈ പ്രശ്നം ഉണ്ടാകുന്നില്ല.

No comments:

Post a Comment