Tuesday 14 March 2017

വാസ്തുവിലെ വസ്തുതകൾ



ആതൃന്തികമായ സത്യത്തെത്തേടിയുള്ളതാണ് ഭാരതീയശാസ്ത്രങ്ങളെല്ലാം. ഇതില്‍നിന്നു വേര്‍തിരിഞ്ഞ് ഭൌതികജീവിതത്തില്‍ വേരുറപ്പിച്ച ശാസ്ത്രശാഖകളാണ് ആയുര്‍വേദവും വാസ്തുശാസ്ത്രവും. ഭൌതിക ജീവിതത്തിലൂടെ ആത്മീയ ഔന്നത്യത്തിലേക്കു നയിക്കുകയാണ് ഇവയെല്ലാം ചെയ്യുന്നത്.

ധാര്‍മികപാതയിലുള്ള ക്രമമായ ജീവിതത്തിലൂടെ ആഗ്രഹങ്ങളെ നിര്‍ഗുണാവസ്ഥയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ള മാനസികാവസ്ഥയാണ് വാസുതുവനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ള വീട് പ്രദാനം ചെയ്യുന്നത്. ഉദാഹരണത്തിനു ധനസമ്പാദനം ലക്ഷ്യമായിട്ടുള്ള ആളിന് ധനം ലഭിക്കാന്‍ സഹായിക്കുന്നതോടൊപ്പം അതു ഫലപ്രദമായി വിനിയോഗിക്കാനും ആ ആഗ്രഹത്തെ കാലക്രമേണ കുറച്ചു കൊണ്ടുവരാനുമുള്ള അന്തരീക്ഷം വാസ്തുവിധേയമായി നിര്‍മിച്ച വീടു നല്‍കുന്നു.

നല്ല ഭാവി നല്ല പ്രവര്‍ത്തിയില്‍ നിന്നുണ്ടാകുന്നു. നല്ല പ്രവര്‍ത്തി നല്ല ചിന്തയില്‍ നിന്നുണ്ടാകുന്നു. നല്ല ചിന്തകള്‍ നüല്ല ചുറ്റുപാടില്‍ നിന്നുണ്ടാകുന്നു എന്നത് സാമാന്യതത്വമാണല്ലോ. നല്ല ചുറ്റുപാടുകള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് ഭാരതീയ വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു പ്രകൃതിയെ ഹനിക്കാത്ത നല്ല അന്തരീക്ഷം ഒരുക്കുന്നു.

വാസ്തുശാസ്ത്രം എന്തിന്?

കോടാനുകോടി ജീവജാലങ്ങള്‍ക്ക് അമ്മയായ ഭൂമിയില്‍ വീടൊരുക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളുടെ സമഗ്രഭാവമാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിലെ പ്രമാണങ്ങള്‍ പലപ്പോഴും തന്ത്രശാസ്ത്രം, ജ്യോതിഷം, നിമിത്തം മുതലായ അനുബന്ധശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലെ ഗണിതവും സാങ്കേതികമായ അറിവുകളും ആധുനിക ശാസ്ത്രത്തെപ്പോലും അതിശയിപ്പിക്കുന്നതാണ്.

വാസ്തുവിലും അനുബന്ധശാസ്ത്രങ്ങളിലുമുള്ള അറിവും സാങ്കേതിക പരിജ്ഞാനവും കലാബോധവും ആധ്യാത്മിക താല്‍പര്യവുമുള്ള വ്യക്തിക്ക് വാസ്തുശാസ്ത്രം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

വാസ്തു എപ്പോള്‍?

വീട്ടുകാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാഥമികമായി പ്ളാന്‍ തയാറാക്കുമ്പോള്‍ തന്നെ അതിന്റെ വാസ്തുപരമായ വശങ്ങള്‍ നോക്കേണ്ടതാണ്. വാസ്തുവിദ്യ അറിയുന്ന എന്‍ജിനീയറോ ആര്‍കിടെക്ടോ ആണ് വീട് രൂപകല്‍പന ചെയ്യുന്നത് എങ്കില്‍ കൂടുതല്‍ അഭികാമ്യമായിരിക്കും.

ഒരു പ്ളോട്ടിനു വേണ്ടി ചെയ്യുന്ന പ്ളാനുകള്‍ മറ്റൊരു പ്ളോട്ടിന് യോജിക്കണമെന്നില്ല. വീട്ടുകാരുടെ അഭിരുചിയും സ്ഥലത്തിന്റെ രീതിയും സാമ്പത്തിക സ്ഥിതിയുമനുസരിച്ചായിരിക്കണം രൂപകല്‍പന നടത്തേണ്ടത്. ഒരിക്കല്‍ രൂപകല്‍പന തീരുമാനിച്ച ശേഷം വീണ്ടും അളവുകള്‍ മാറുന്നത് അഭികാമ്യമല്ല.

സ്ഥാന നിര്‍ണയം


ഭൂമിയുടെ വലുപ്പത്തിനെ ആധാരമാക്കിയാണ് പണിയാന്‍ പോകുന്ന വീടിന്റെ വലുപ്പം കണക്കാക്കുന്നത്. മനുഷ്യശരീരത്തിലുള്ളതു പോലെ നാഡികളും ഞരമ്പുകളും ഭൂമിയിലും ഉണ്ടെന്നു കരുതുന്നു. ഇങ്ങനെയുള്ള ഊര്‍ജബിന്ദുക്കളെയും ഊര്‍ജഇടനാഴികളെയും ഒഴിവാക്കി ഗൃഹത്തെ സ്ഥാപിക്കുക എന്നതാണ് സ്ഥാനനിര്‍ണയം കൊണ്ടുദേശിക്കുന്നത്.

പ്ളാന്‍ തയാറാക്കാതെ സ്ഥാനനിര്‍ണയം നടത്താന്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്നില്ല. ഭൂമി കണ്ട് പ്ളാന്‍ വാസ്തുപരമായി തയാറാക്കിക്കഴിഞ്ഞാല്‍ മാത്രമേ സ്ഥാനനിര്‍ണയം നടത്താന്‍ സാധിക്കൂ. ഇതിനുശേഷം മാത്രമേ കിണര്‍, ഉരല്‍പ്പൂരം, പട്ടിക്കൂട്, ഗാരേജ്, കുളം മുതലായ ഉപാലയങ്ങള്‍ക്കു സ്ഥാനം കാണാന്‍ സാധിക്കൂ.

സ്ഥാനനിര്‍ണയത്തില്‍ അപാകത വന്നു എന്നു ബോധ്യം വന്നാല്‍ ചെയ്യുന്ന താന്ത്രികവിദ്യയാണ് പഞ്ചശിരസ്ഥാപനം. എല്ലാ വാസ്തുദോഷങ്ങള്‍ക്കും പരിഹാരമായി ഇതുപയോഗിച്ചാല്‍ പ്രയോജനം കിട്ടണമെന്നില്ല.

തെക്കോട്ടു ദര്‍ശനം


തെക്കോട്ടുള്ള വീടിന്റെ ദര്‍ശനം ഇന്നു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ് എന്നിങ്ങനെയുള്ള പ്രധാന ദിക്കുകളില്‍ ഏതിലേക്കെങ്കിലും ദര്‍ശനമായി വീട് പണിയാവുന്നതാണ്. ഗൃഹങ്ങളുടെ ദര്‍ശനം തീരുമാനിക്കുന്നത് വഴി, ദിക്ക്, ചുറ്റുപാട്, വാതില്‍ മുതലായവ കണക്കാക്കിയാണ്.

തെക്കുഭാഗത്തു വഴിയുള്ള പുരയിടത്തില്‍ തെക്കോട്ടു ദര്‍ശനമായി അതിനു പറഞ്ഞിരിക്കുന്ന കണക്കില്‍ തെക്കോട്ടു വാതില്‍ നല്‍കിത്തന്നെ വീടുപണിയാം. എന്നാല്‍, ഇങ്ങനെയുള്ള വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുന്നതിനായി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി പടികള്‍ നല്‍കുന്ന ആചാരവും കണ്ടുവരുന്നു. വടക്കും കിഴക്കും ദിക്കുകള്‍ തമോഗുണവും തെക്ക് രജോഗുണവും പടിഞ്ഞാറ് സത്വഗുണ പ്രകാരവുമാണ് എന്നാണു ശാസ്ത്രം...

വാസ്തുവിലെ ജാതി

വാസ്തുവിദ്യയിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ജാതി തിരിവുകള്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടവയാണ്. ഗുണപ്രധാനമായി പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും നാലായി തിരിച്ചിരിക്കുന്നു.

സാത്വികരായവരെ ബ്രാഹ്മണഗണത്തിലും, രജോഗുണഭാവമുള്ളവരെ ക്ഷത്രിയഗണത്തിലും, രജോതമോസമ്മിശ്രഗുണമുള്ളവരെ വൈശ്യഗണത്തിലും, തമോഗുണപ്രധാനമായവരെ ശൂദ്രവിഭാഗത്തിലും പെടുത്തിയിരിക്കുന്നു. ഇതേരീതിയിലാണ് ഭൂമിയെയും നാലാക്കി തിരിച്ചത്. അതാതു ഗുണങ്ങള്‍ അധികരിച്ചവര്‍ക്ക് അതാതിനനുയോജ്യമായ ഭൂമി കൂടുതല്‍ ഫലപ്രദമായിരിക്കും എന്നു ചുരുക്കം.

കുറ്റിയടിക്കാന്‍ മുഹൂര്‍ത്തം


നമ്മുടെ ചുറ്റിപാടുമുള്ള വസ്തു നമ്മളെ സ്വാധീനിക്കുന്നതുപോലെ പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം സ്വാധീനിക്കുന്നു. വസ്തുക്കളുടെ വലുപ്പവും ദൂരവുമനുസരിച്ച് അവയുടെ സ്വാധീനത്തിലും വ്യത്യാസമുണ്ട്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്താണ്. ചന്ദ്രന്‍ ഭൂമിയെ സ്വാധീനിക്കുന്നണ്ടെന്നതിന്റെ തെളിവാണല്ലോ വേലിയേറ്റവും വേലിയിറക്കവുമെല്ലാം.

ഭൂമിയുടെ അച്ചുതണ്ടിലുള്ള സ്വയം കറക്കവും സൂര്യനുചുറ്റുമുള്ള സഞ്ചാരവും ഭൂമിയുടെ 23 1/2 ഡിഗ്രി ചരിവും ആണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. വാസ്തുവിദ്യയയില്‍ ഓരോ ദിക്കിലേക്കു ദര്‍ശനമായി നില്‍ക്കുന്ന ഗൃഹത്തിലും കുറ്റി വയ്ക്കാനായി പ്രത്യേകം മാസങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പന്ത്രണ്ട് മാസങ്ങളില്‍ എട്ടുമാസങ്ങള്‍ മാത്രമാണ് കുറ്റി വയ്ക്കാന്‍ അനുയോജ്യമായിട്ടുള്ളത്.

ഒരു ശാലയ്ക്ക് രണ്ടുമാസം വീതം നാലു ശാലയ്ക്ക് എട്ടുമാസമാണ് ഉള്ളത്. അതാതു ശാലയ്ക്ക് അതാതിനു പറയുന്ന മാസത്തില്‍ ഏറ്റവും നല്ല ഗ്രഹസ്ഥിതിയുള്ള മുഹൂര്‍ത്തം തിരഞ്ഞെടുക്കണം.

മരണച്ചുറ്റ് എന്നാല്‍

ഒരു വസ്തു അതിനു ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വസ്തുക്കളുടെ വലുപ്പവും രൂപവും ഈ ആശ്യവിനിമയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

അളവുകളാണ് വലുപ്പവും രൂപവും നിശ്ചയിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ ഈ അളവുകള്‍ക്കും ബാധകമാണ്.

മരണ വിഭാഗത്തില്‍പെടുന്ന അളവുകള്‍ അനുസരിച്ചു ഗൃഹരൂപകല്‍പന ചെയ്താല്‍ ഗുണങ്ങള്‍ ഒന്നും ലഭിക്കുകയില്ല. കൌമാര, യൌവന വിഭാഗത്തിലെ കണക്കുകള്‍ക്കാണ് ശ്രേഷ്ഠത കല്‍പിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് മരണച്ചുറ്റ് ഉള്ള ഗൃഹത്തിലെ താമസം നന്നല്ല എന്നു പറയുന്നത്.

ഭൂമിയുടെ അധിപന്‍ സൂര്യനാണ്. അതിനാല്‍ സൂര്യനെ അധിഷ്ഠിതമാക്കിയുള്ള ദിക്കുകള്‍ക്കു പ്രാധാന്യമുണ്ട്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ചു ഗൃഹത്തിനു നല്‍കാവുന്ന ആകൃതിയെക്കുറിച്ചും വാസ്തുവിദ്യയില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. കിഴക്കു ദിക്കിന് ഏതാകൃതിയും യോജിക്കും.

മുറികളുടെ സ്ഥാനം

ഊര്‍ജസംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുറികളുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. നമ്മള്‍ ചെലവാക്കുന്ന ഊര്‍ജത്തെ പിന്തുണയ്ക്കുന്ന ഊര്‍ജം നല്‍കുവാനാണ് ഓരോ മുറിക്കും ഇന്ന സ്ഥാനം എന്നു കല്‍പിച്ചിട്ടുള്ളത്. വിപരീതമായി നല്‍കിയാല്‍ നമ്മള്‍ ഓരോയിടത്തും ചെലവാക്കുന്ന ഊര്‍ജത്തെ സമ്പുഷ്ടമാക്കുന്ന ഊര്‍ജം ലഭിക്കില്ല എന്നേയുള്ളൂ.

മുറികള്‍ സ്ഥാനം തെറ്റിവച്ചാല്‍ ഊര്‍ജവ്യതിയാനം സംഭവിക്കുമെന്നു പറഞ്ഞല്ലോ. ഈ ഊര്‍ജവ്യതിയാനം കാലക്രമേണ നമ്മളെ മാനസികമായി ബാധിക്കുന്നു. അതായതു നമ്മുടെ ഉന്മേഷം കുറയുന്നു. അപ്പോള്‍ അതു നമ്മുടെ പ്രവൃത്തിയെ ബാധിക്കും. സ്വാഭാവികമായും പ്രതീക്ഷിച്ചപോലെയുള്ള ഫലങ്ങള്‍ നമ്മുടെ പ്രവൃത്തികള്‍ക്കു കിട്ടില്ല. അതാണ് സ്ഥാനം തെറ്റിയാല്‍ ഐശ്വര്യ കുറയുമെന്നു പറയുന്നതിന്റെ അടിസ്ഥാനം.

ഉദാഹരണത്തിന് ലിവിങ് റൂമിലിരുന്നാല്‍ കാണാന്‍ പാകത്തിന് ഒരു ടോയ്ലറ്റ് കൊടുത്താല്‍ എങ്ങനെയിരിക്കും? അതു കാഴ്ചക്കാരെ മാത്രമല്ല ഉപയോഗിക്കുന്നവരെയും അലോസരപ്പെടുത്തും. കാലക്രമേണ ഇതുണ്ടാക്കുന്ന ഊര്‍ജവ്യതിയാനം അവിടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

No comments:

Post a Comment