Tuesday 14 March 2017

ഐശ്വര്യ ദ൪ശനം



ഗൃഹനിര്‍മിതിക്ക് തയ്യാറെടുക്കുന്ന ഓരോ വ്യക്തിയെയും ഏറ്റ വും അധികം ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് നിര്‍മിക്കാന്‍ പോകുന്ന ഗൃഹത്തിന്‍െറ ദര്‍ശനം എങ്ങോട്ട് എന്നത്. പരമ്പരാഗതമായി പല വിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്ന കേരളീയ സമൂഹത്തില്‍ ശാസ്ത്രത്തിന്‍െറ ശരിയായ ധാരണക്കുറവ് പല തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. തങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗൃഹം കിഴക്കോട്ടുതന്നെ വേണം എന്ന് ശാഠ്യം പിടിക്കുന്നവര്‍ ഗൃഹരൂപകല്പന പലപ്പോഴും വികലമാക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെ വീടിന്‍െറ ദര്‍ശനം എന്നാല്‍ വാതിലിന്‍െറ പുറത്തേക്കുള്ള അഭിമുഖത്വമാണ് എന്നു കരുതുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്.

വാസ്തുശാസ്ത്ര വീക്ഷണത്തില്‍ ഗൃഹത്തിന് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകള്‍ക്കനുസൃതമായി ദര്‍ശനം സ്വീകരിക്കാവുന്നതാണ്. സ്ഥലത്തിന്‍െറയും ചുറ്റുപാടുകളുടെയും പ്രത്യേകതകള്‍ക്കനുസരിച്ചാണ് ദര്‍ശനം തീരുമാനിക്കേണ്ടത്. പുഴകള്‍, മലകള്‍, വഴികള്‍, കോട്ടകള്‍, കിടങ്ങുകള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, വന്‍മരങ്ങള്‍ മുതലായവയെല്ലാം തന്നെ വാസ്തുപരമായി ഗൃഹത്തിന്‍െറ സ്ഥാനത്തെയും ദര്‍ശനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതുകൊണ്ടുതന്നെയാണ് ഗൃഹരൂപകല്പനയ്ക്ക് മുന്നോടിയായി സ്ഥലസന്ദര്‍ശനം(സൈറ്റ് വിസിറ്റ്) അത്യാവശ്യമായി വരുന്നത്. വാസ്തുവിദ്യ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന അഭ്യസ്തവിദ്യരായ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും ഈ രംഗത്തേക്ക് അധികമായി കടന്നു വരേണ്ടത് അത്യന്താപേക്ഷിതമാണ്.

പൊതുവെ പറഞ്ഞാല്‍, വഴിയും പുഴയും ക്ഷേത്രങ്ങളും ഉളള ഭാഗത്തേക്ക് ദര്‍ശനമായി ഗൃഹത്തെ പണിയേണ്ടതാണ്. മലകള്‍, പുഴകള്‍ മുതലയാ പ്രകൃതിജന്യമായ ഊര്‍ജസ്രേതസ്സുകളെ വേധിക്കാത്ത തരത്തിലായിരിക്കണം ദര്‍ശനവും രൂപകല്പനയും ചെയ്യേണ്ടത്. ദര്‍ശന നിര്‍ണയം വാസ്തുശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദര്‍ശനത്തിനനുസൃതമായാണ് ഗൃഹത്തിന് കണക്കുകള്‍ നിശ്ചിക്കേണ്ടത്. കണക്കുകളില്‍ ഉത്തമ, മധ്യമ, അധമ, വര്‍ജ്യ വിഭാഗങ്ങളുണ്ട്. സാധാരണയായി ഉത്തമ, മധ്യമ കണക്കുകളാണ് ഗൃഹരൂപകല്പനയ്ക്ക് ഉപയോഗിക്കുന്നത്.

പലപ്പോഴും ഉത്കണ്ഠയോടുകൂടിയാണ് തെക്കുദര്‍ശനമായ ഗൃഹനിര്‍മാണത്തെ വീക്ഷിക്കുന്നത്. എന്നാല്‍ ശാസ്ത്രാനുസൃതമായ കണക്കിലു രൂപകല്പനയിലും ഗൃഹരൂപ കല്പന ചെയ്യുകയാണെങ്കില്‍ തെക്കുദര്‍ശനവും പടിഞ്ഞാറുദര്‍ശനവും മറ്റു രണ്ടു ദര്‍ശനങ്ങളെപ്പോലെതന്നെ ഉപയോഗയോഗ്യങ്ങളാണ്. തെക്കുകിഴക്ക് മുതലായ കോണ്‍ദിക്കിലേക്ക് ഒരു കാരണവശാലും ഗൃഹത്തിന് ദര്‍ശനം നല്‍കാതിരിക്കുക. ഒരു പുരയിടത്തില്‍ ഗൃഹനിര്‍മാണം ചെയ്യുമ്പോള്‍ അതിലുള്‍ക്കൊള്ളുന്ന ദിക്കനുസരിച്ച് വാസ്തുമണ്ഡലത്തിനാധാരമായി വേണം രൂപകല്പന ചെയ്യാന്‍.

മറ്റൊരു രസകരമായ സംഗതി കിഴക്കും വടക്കും ദര്‍ശനത്തിനുപയോഗിക്കുന്ന കണക്കുകള്‍ തമോഗുണപ്രധാനമായതും തെക്കുദര്‍ശനമായത് രജോഗുണപ്രധാനമായതും പടിഞ്ഞാറ് ദര്‍ശനമായ കണക്ക് സ്വാത്വിക പ്രധാനമായതുമാണ് എന്നതാണ്. വടക്കും കിഴക്കും ദര്‍ശനങ്ങള്‍ അതിഭൌതികതയ്ക്കും മറ്റുരണ്ടു ദര്‍ശനങ്ങള്‍ ആത്മീയോന്നതിക്കും കൂടുതല്‍ ഗുണകരമാണ് എന്നു വേണമെങ്കില്‍ വിവക്ഷിക്കാവുന്നതാണ്. പൊതുവേ പറഞ്ഞാല്‍, നാലു പ്രധാന ദിക്കുകളിലേക്കും ദര്‍ശനമായി ഗൃഹനിര്‍മാണം സാധ്യമാണ്.

No comments:

Post a Comment