Tuesday 14 March 2017

വാസ്തുവിദ്യയിലെ സ്ഥല നിരൂപണം




മനസ്സുകൊണ്ട് തൃപ്തികരമായ ഭൂമി ഗൃഹനാഥന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കും. വീടു വയ്ക്കാനുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഗൃഹനിര്‍മാണത്തിലെ മുഖ്യമായ ഒരു ഘടകമാണ് ഭൂമി. നാം വസിക്കുന്ന ഭൂമിയുടെ പ്രത്യേകതകള്‍ നമ്മെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. പലപ്പോഴും തല ചായ്ക്കാന്‍ ഇടം തേടുന്നവര്‍ ഇതേക്കുറിച്ച് അധികം ചിന്തിച്ച് വിഷമിക്കാറില്ല. എത്ര മോശമാണെങ്കിലും നഗരഹൃദയത്തില്‍ എല്ലാ സൌകര്യങ്ങളുടെയും മധ്യത്തിലുള്ള ഭൂമി ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഒരുപരിധി വരെ ഭൂമി സംബന്ധിയായ വൈകല്യങ്ങളെയും ന്യൂനതകളെയും പരിഹരിച്ചെടുക്കാനുള്ള ഉപായങ്ങള്‍ വാസ്തുവിദ്യയില്‍ ഉണ്ടെങ്കിലും ഭൂമിയുടെ സ്വാഭാവികമായ ഗുണഗണങ്ങളെ അപ്പാടെ മാറ്റിമറിക്കുക അസാധ്യമാണ്. ഭൂമിയുടെ കിടപ്പ്, ആകൃതി, ദിക്കുകള്‍, മണ്ണിന്‍െറ ഘടന, സസ്യലതാദികളുടെ പ്രത്യേകതകള്‍. ചുറ്റുപാടുകളുടെ പ്രത്യേകതകള്‍ മുതലായവയെ പരിഗണിച്ചാണ് ഭൂമിയുടെ ഗുണത്തെ നിശ്ചയിച്ചുവരുന്നത്. വ്യക്തികള്‍ക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുള്ളതുപോലെ തന്നെ ഭൂമിയെയും മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ വ്യതിയാനമനുസരിച്ച് വ്യത്യസ്തമായി തരംതിരിക്കാം. ഇതിനെ സാമൂഹ്യ വ്യവസ്ഥതിയുമായി കൂട്ടിയിണക്കിയാണ് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ഭൂമികള്‍ രൂപപ്പെട്ടത്. ഇതിനെ തികച്ചും ഗുണപരമായ ഒരു തരംതിരിവായിട്ട് മാത്രമാണ് കാണേണ്ടത്. അതല്ലാതെ വാസ്തുവിദ്യാഭത്സകര്‍ പറയുന്നതുപോലെ ജാതി തരംതിരിവായി കാണേണ്ടതില്ല.

പൊതുവില്‍ വടക്കന്‍ ചായ്വിലോ കിഴക്കന്‍ ചായ്വിലോ കിടക്കുന്ന ഭൂമി സാധാരണ ഗൃഹസ്ഥര്‍ക്ക് അധികം അനുയോജ്യമാണ് എന്ന് പറയാം. എന്നിരുന്നാലും നിരപ്പാര്‍ന്ന ഭൂമിയും വിരുദ്ധ ചരിവുളള ഭൂമിയും വേണ്ട ഭേദഗതികള്‍ വരുത്തി ഉപയോഗിക്കാവുന്നതാണ്. ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ദിക്കാണ്. ഏതു ദിക്കിലേക്കും ദര്‍ശനം വരുന്ന ഭൂമിയും സ്വീകാര്യമാണ്. പൊതുവെ തെക്കു ദര്‍ശനമായി വരുന്ന ഭൂമിക്ക് ആഭിമുഖ്യം കുറവായിട്ടാണ് കാണുന്നത്. എന്നാല്‍, ശാസ്ത്ര പ്രകാരം അവയും മറ്റു ഭൂമിയെപ്പോലെ തന്നെ ഉപയോഗയോഗ്യമാണ്.

ഫലഭൂയിഷ്ഠമായ മണ്ണുളള ഭൂമിയാണ് തിരഞ്ഞെടുക്കേണ്ടത്. ഭൂമിയുടെ ഊര്‍വരതയ്ക്ക് ഗൃഹനിര്‍മാണത്തില്‍ ഉള്ള സ്ഥാനമാണ് ഇതു കാണിക്കുന്നത്. കല്ലു നിറഞ്ഞ പ്രദേശങ്ങളും പാറയുടെ സാമീപ്യവും ഉള്ള ഭൂമി ഗൃഹനിര്‍മാണത്തിന് യോജിച്ചതല്ല. അതുപോലെ തന്നെയാണ് പാറയുടെ മുകളിലെ ഗൃഹനിര്‍മാണവും. പാടംനികത്തി ഗൃഹം നിര്‍മിക്കുന്നതും പാടത്തിനടുത്ത് ഗൃഹം നിര്‍മിക്കുന്നതും ശാസ്ത്രവിധി പ്രകാരം അത്ര നല്ലതല്ല.

ദുര്‍ഗന്ധമുള്ള ഭൂമി, ധാരാളം ചിതല്‍ ഉളള ഭൂമി, ശ്മശാന സമീപത്തുള്ള ഭൂമി, മലയുടെ തെക്കന്‍ ചായ്വിലെ ഭൂമി, പാറ നിറഞ്ഞ ഭൂമി മുതലായവ അനുകൂല അവസ്ഥ സംജാതമാക്കാന്‍ പര്യാപ്തമല്ല. ക്ഷേത്രം, കാവ് മുതലായവയ്ക്ക് സമീപമായിട്ടുള്ള ഭൂമിയില്‍ ഗൃഹനിര്‍മാണം നടത്തുമ്പോള്‍ ശാസ്ത്രവിധികള്‍ കര്‍ശനമായിത്തന്നെ പാലിച്ചിരിക്കേണ്ടതാണ്. ധാരാളം ഭൂമിയുള്ള പക്ഷം ശാസ്ത്രപ്രകാരം വൃക്ഷലതാദികളും വിന്യസിക്കാവുന്നതാണ്.

കുണ്ടും കുഴികളും നിറഞ്ഞതും ശ്മശാനഭൂമിയായി അറിയപ്പെട്ടതുമായ ഭൂമി പരിഹാരക്രിയകള്‍ ചെയ്ത് വാസയോഗ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും സ്വതവേ ശുഭകരമായ ഭൂമിയില്‍ ഗൃഹം വയ്ക്കുന്നതായിരിക്കും ഉചിതം.

No comments:

Post a Comment