Thursday 9 November 2017

Manoj Vasthu Consultant: "വാസ്തു വിദ്യാ"

Manoj Vasthu Consultant: "വാസ്തു വിദ്യാ":                                                                       "വാസ്തു  വിദ്യാ" "വാസ്തു  വിദ്യാ" എന്ന ഭാരത...

Sunday 11 June 2017

"വാസ്തു വിദ്യാ"

                                                                      "വാസ്തു  വിദ്യാ"


"വാസ്തുവിദ്യ" ഇന്ന് ഗൃഹരൂപകല്പനയിൽ അവിഭാജ്യമായ പാരമ്പര്യ ശാസ്ത്ര ശാഖയാണ്. ഭൂമിതിരഞ്ഞെടുക്കൽ മുതൽ ഗൃഹപ്രവേശം വരെ ഉള്ള കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട് . ഇതിനെ ശാസ്ത്രമായും അന്ധവിശ്വാസമായും കാണുന്നവർ ഉണ്ട്, യഥാർത്ഥത്തിൽ ഈ രണ്ടുവിഭാഗത്തിലും ഇതിനെ ഇന്നത്തെ സാഹചര്യത്തിൽ പൂർണമായും ഉൾപ്പെടുത്തുവാൻ കഴിയില്ല. മനുഷ്യൻ എന്ന പ്രതിഭാസം ഉൾക്കൊള്ളുന്ന ,നിലനിൽക്കുന്ന തലങ്ങൾക്കനുസൃതമായി വ്യെത്യസ്തമാകും എന്നതാണ് ഇതിന്ടെ പ്രത്യേകത. ഇത് ഭാരതീയ മായ എല്ലാ അറിവുകളുടെയും പ്രത്യേകതയാണ്. പഞ്ചേന്ദ്രിയാധിഷ്ഠിതമായ ശരീരം കൊണ്ട് വിവക്ഷിക്കുന്ന ലോകം മാത്രമേ നമുക്ക് പരിചിതമായിട്ടുള്ളു.......എന്നാൽ ഇതിലും എത്രയോ അപ്പുറമാണ് യഥാർത്ഥ സത്യം! ഈ സത്യത്തിൽ എത്തിച്ചേരും വരെ അശാന്തമായിരിക്കും നാം ഓരോരുത്തരും,പ്രകൃതിയുടെ ഒരോ കണികയും. ഇതിലേക്ക് എത്തിച്ചേരുവാനുള്ള വിവിധങ്ങളായ വഴികളാണ് ഭാരതത്തിൽ രൂപം കൊണ്ട സകല ശാസ്ത്രങ്ങളും നൽകുന്നത്. വളരെ സാധാരണ നിലവാരത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് വിധിവിഹിതമായ ഗൃഹസ്ഥാശ്രമ ധര്മത്തിലൂടെ ഈ സത്യത്തിലേക്ക് എത്തുവാൻ   ഉള്ള ശ്രെമം നടത്തുവാനുള്ള  അവസരം ആണ് വസ്തു പ്രകാരമുള്ള ഗൃഹനിര്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്.  ഒരേ സമയം മനുഷ്യ മനസ്സിന്ടെ  പ്രത്യേക അവസ്ഥയിൽ ഇത് സത്യവും,വളരെ ഉയർന്ന ചിന്താസരണിയിൽ ഇത് വ്യർത്ഥവും ആണ്. അതുകൊണ്ടു തന്നെ എല്ലാവര്ക്കും ഇത് ഒരുപോലെ അനുഭവവേദ്യമാകണം എന്നും ഇല്ല. എന്നാലും സാമാന്യമായി സാധാരണക്കാർക്ക് പൊതുവെ അനുഭവസ്ഥമായി വരുന്ന കാര്യങ്ങൾ ആണ് വസ്തുവിദ്യയിൽ ഉള്ളത്.  ഒരുതരത്തിൽ പറഞ്ഞാൽ,ഇത്, മനുഷ്യന്റെ ആവാസവ്യവസ്ഥയെ പ്രകൃതി വിരുദ്ധമാകാതെ പ്രകൃതിയുടെ താളക്രമങ്ങൾ പാലിച്ചു നിർമ്മിക്കുവാനുള്ള നിർദ്ദേശമാണ് നമുക്ക് നൽകുന്നത്. സ്ഥൂലവും സൂഷ്മവും ഭിന്നങ്ങൾ അല്ലാത്തതുപോലെ, മനസ്സും ,പ്രാണനും ,പ്രകൃതിയും ഭിന്നമല്ല. ഇവയുടെ ശെരിയായ സംയോജനമാണ് വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്നത്.   

Tuesday 14 March 2017

കാ൪പോ൪ച്ചിന്റെ വാസ്തു



ഇന്ന് ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി വാഹനമുണ്ട്. അതോടെ കാര്‍പോര്‍ച്ച് വീടിന്റെ ആവശ്യഘടകമായി മാറി. സ്ഥലത്തിന്റെ ലഭ്യതക്കുറവും വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവും പല വിധങ്ങളായ കാര്‍പോര്‍ച്ചുകളുടെ നിര്‍മാണത്തിനു വഴിവച്ചു.

വാസ്തുശാസ്ത്രാനുസൃതമായി വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഇടതുഭാഗത്തായിട്ടാണ് വാഹനപ്പുര വരേണ്ടത്. എന്നാല്‍, ഇത് വാസ്തുശാസ്ത്രത്തിലെ മറ്റു പ്രമാണങ്ങളോടു വിയോജിപ്പ് വരാത്തവണ്ണം വേണം നല്‍കാന്‍. ഉദാഹരണത്തിന് പ്രത്യേകമായി ഗരാഷ്  (Garage) ആണ് നിര്‍മിക്കുന്നതെങ്കില്‍ കിഴക്കുദര്‍ശനമായ ഗൃഹത്തില്‍ വടക്കുകിഴക്ക് സ്ഥാനം കാണുന്നതിനേക്കാള്‍ നല്ലത് ഇടതു ഭാഗമായ വടക്കു സ്ഥാനത്ത് നല്‍കുന്നതാണ്. കോണുകളിലെ വേധം കഴിയുന്നത്ര ഒഴിവാക്കുന്നതു നല്ലതാണ്. ഇതിനു വിപരീതമായി ഗൃഹത്തിനോടു ചേര്‍ന്നാണ് പോര്‍ച്ച് പണിയുന്നതെങ്കില്‍ ഇതു ഗൃഹത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുതന്നെ നല്‍കുന്നതില്‍ തെറ്റില്ല.

വടക്കുകിഴക്കേ കോണില്‍ കാര്‍പോര്‍ച്ച് വരുന്നതു വലിയ കുഴപ്പമാണ്(ഗൃഹത്തോടു ചേര്‍ന്നു പണിയുമ്പോള്‍) എന്ന രീതിയില്‍ പ്രചാരമുണ്ട്. എന്നാല്‍, ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഗൃഹത്തിനോട് ചേര്‍ന്ന്, ഗൃഹത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. തെക്കുപടിഞ്ഞാറ് ഭാഗത്ത് കട്ടിങ്  വരത്തക്ക വിധം അകത്തേക്കു കയറി പോര്‍ച്ച് നല്‍കുന്നതു ഗുണകരമാവില്ല.

പോര്‍ച്ച് പ്രത്യേകം പണിയാം

ഗൃഹത്തോടു ചേര്‍ന്ന് പോര്‍ച്ച് നല്‍കുന്നതിനേക്കാള്‍ പ്രത്യേകമായി 'ഗരാഷ് പണിയുന്നതാണ് ഇന്നത്തെ രീതി. ഒരു പരിധി വരെ ഇതാണ് ഉത്തമം. അടച്ചുറപ്പുള്ള പ്രത്യേകമായ 'ഗരാഷ് ഗൃഹത്തിനു മുന്‍പില്‍ അനാവശ്യമായ തിക്കും തിരക്കും കുറയ്ക്കുകയും ആവശ്യമായ കാറ്റും വെളിച്ചവും അകത്തേക്കു പ്രദാനം ചെയ്യുകയും ചെയ്യും. പുറത്തെല്ലാം ഓടി വരുന്ന വാഹനങ്ങള്‍ ഗൃഹവുമായി ബന്ധമില്ലാതെ ഇടുന്നത് ശുചിത്വസംവിധാനത്തെ കാര്യക്ഷമമാക്കാന്‍ സഹായിക്കുകയും ചെയ്യും.

മനോഹരമായ ഗൃഹം സംവിധാനം ചെയ്യുമ്പോള്‍ കഴിയുന്നത്ര രീതിയില്‍ ലോഹങ്ങളുമായി സ്ഥിരസമ്പര്‍ക്കം ഒഴിവാക്കി കിട്ടുന്നതു നല്ലതായിരിക്കും. അതുകൊണ്ട് കാര്‍പോര്‍ച്ച് പ്രത്യേകം ഗരാഷ് ആയി മാറ്റുന്നത് ഉത്തമമാണ്. ഇന്ന് കാറില്‍ വന്ന് ഇറങ്ങാന്‍ ചെറിയ, തള്ളിനില്‍ക്കുന്ന  കാര്‍പോര്‍ച്ച് നല്‍കുകയും കാര്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരു സ്ഥാനം നല്‍കുന്ന രീതിയും വര്‍ധിച്ചിച്ചുണ്ട്.

ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ പോര്‍ച്ചില്ലാതെയും പോര്‍ച്ച് ചേര്‍ന്നും കണക്കുകള്‍ ക്രമപ്പെടുത്തണം. അടിസ്ഥാനപരമായി അടിത്തറയിലെങ്കിലും ഗൃഹത്തിലെ ഒരു അവയവമായി തന്നെ കാര്‍പോര്‍ച്ചിനെ കണക്കാക്കണം. സാധാരണ ഒരു വാഹനത്തിന് സുഖമായി പാര്‍ക്ക് ചെയ്യാന്‍ ഏകദേശം മൂന്ന് മീറ്ററെങ്കിലും വീതിയും നാലര മീറ്ററെങ്കിലും നീളവുമുള്ള പോര്‍ച്ച് ആവശ്യമാണ്.

വീട്ടിലെ വൃക്ഷങ്ങൾ



ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതേ യായിരുന്നില്ല. ഒരു വസ്തുവിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അതിലെ സസ്യലതാദി കളെയും ജന്തുവൈവിധ്യത്തെയും നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേ യുള്ളൂ. ഗൃഹനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഉര്‍വരത, ജലസാമീപ്യം, ധാതുസമ്പത്ത്, മണ്ണിന്റെ ഘടന എന്നിവ പ്രത്യക്ഷമായിത്തന്നെ അവിടുത്തെ ജൈവവൈവിധ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നാം വസിക്കുന്ന ഭൂമി നമുക്ക് എത്രത്തോളം അനുയോജ്യമാണ് എന്നതിനാധാരമാക്കുന്നത് പഞ്ചഭൂതാത്മകമായ ഭൂമിയുടെ ത്രിഗുണങ്ങളില്‍ അധിഷ്ഠിതമായ സ്വഭാവവൈ ശിഷ്ട്യങ്ങളാണ്. ഇതേ തത്വത്തിന് ആധാരമായിക്കൊണ്ടാണ് കുടിയിരുപ്പ് ഭൂമിയില്‍ വൃക്ഷ സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്നതും. മനുഷ്യനെയും ഭൂമിയേയുംപോലെ ഗുണാധിഷ്ഠിതമായി വൃക്ഷലതാദികളെയും തരംതിരിച്ചിട്ടുണ്ട്. ശാസ്ത്രവിശദീകര ണങ്ങള്‍ക്കപ്പുറമായി സൂക്ഷ്മതലത്തില്‍ മനുഷ്യന്റെ മനോഘടനയെ മാറ്റിമറിക്കാന്‍ കഴിവുള്ള സസ്യജാലങ്ങളുണ്ട്. ആയുര്‍വേദത്തില്‍ മഹ ഔഷധങ്ങളായി കണക്കാക്കപ്പെടുന്ന ഇവയില്‍ പലതും നാം വസിക്കുന്ന ഗൃഹത്തിനു സമീപം ഉചിതമല്ല എന്നു പറയുന്നത് ഇതേ കാരണംകൊണ്ടാണ്. ഔഷധങ്ങളായ വേപ്പ്, കാഞ്ഞിരം, താന്നി മുതലായവ വീടിനോടു ചേര്‍ന്നു നില്‍ക്കുന്നത് അത്ര നല്ലതല്ല എന്ന് ശാസ്ത്രം പറയുന്നു. കിഴക്കു ഭാഗത്ത് ഇ ലഞ്ഞി, പ്ളാവ്, പേരാല്‍ എന്നിവയും തെക്ക് അത്തി, കമുക്, പുളി എന്നിവയും പടിഞ്ഞാറ് അരയാല്‍, ഏഴിലംപാല, തേക്ക് തുടങ്ങിയവയും വടക്ക് ഇത്തി, മാവ്, പുന്ന എന്നിവ യും ഉണ്ടാകുന്നത് ശ്രേഷ്ഠതരമാണ്. വൃക്ഷത്തിന്റെ നിഴല്‍ ഗൃഹത്തില്‍ തട്ടാത്ത വിധത്തിലാകണം ഇവ നട്ടുവളര്‍ത്തേണ്ടത് എന്നാണ് ശാസ്ത്രം പറയുന്നത്. വൃക്ഷങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഗൃഹത്തിലേക്കുള്ള സൂര്യപ്രകാശത്തിന്റെ ലഭ്യത തടയാതിരിക്കാനുമാണ് ഇങ്ങനെ സൂചിപ്പിക്കുന്നത്.

മേല്‍പ്പറഞ്ഞതില്‍ നിന്ന് നമ്മുടെ ആധുനിക ശാസ്ത്രവിശാരദന്മാര്‍ സമര്‍ഥിക്കുന്നതുപോലെ ഇലച്ചാര്‍ത്തിന്റെ വലുപ്പ വ്യതിയാനങ്ങള്‍ കൊണ്ട് സമശീതോഷ്ണാവസ്ഥ ക്രമീകരിക്കലല്ല വൃക്ഷസ്ഥാനനിര്‍ണയത്തിന്റെ ലക്ഷ്യം. മറിച്ച്, വൃക്ഷങ്ങള്‍ ഗൃഹത്തില്‍ വസിക്കുന്നവരുടെ മനോമണ്ഡലത്തെയും സൂക്ഷമതലത്തെയുമാണ് സ്വാധീനിക്കുന്നത്. കുമിഴ്, കൂവളം, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി, കൊന്ന , ദേവതാരം, പ്ളാശ് എന്നിവ ഗൃഹത്തിനിരുപുറവും പുറകിലുമായി വിന്യസിക്കാവുന്നതാണ്. വാഴ, പിച്ചകം, വെറ്റിലക്കൊടി മുതലായവ എല്ലാ സ്ഥലത്തും ആകാവുന്നതാണ്. ചേര്, വയ്യങ്കതവ്, നറുപുരി, ഉകം, കള്ളിപ്പാല, എരുമക്കള്ളി, പിശാചവൃക്ഷം, മുരിങ്ങ, മുള്ളുള്ള സസ്യങ്ങള്‍ എന്നിവ ഗൃഹപരിസരത്തുനിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം.

ആധുനിക രൂപകല്‍പനാ സമ്പ്രദായത്തില്‍ അവലംബിക്കുന്ന ഇന്‍ഡോര്‍ പ്ളാന്റ്സ്, ബോണ്‍സായ് എന്നിവയെക്കുറിച്ച് വാസ്തുശാസ്ത്രത്തില്‍ പ്രത്യേകിച്ച് പരാമര്‍ശങ്ങ ള്‍ ഒന്നുംതന്നെയില്ല.

എന്നാല്‍ സസ്യങ്ങള്‍ക്ക് പ്രത്യേകം സ്ഥാനം കൃത്യമായി പറയുന്ന ഇൌ ശാസ്ത്രശാഖയ്ക്ക് വിരുദ്ധമായ രീതിയിലുള്ള സ്ഥാനങ്ങള്‍ ഗൃഹനിവാസികള്‍ക്ക് ഹാനികരമാകു മെന്നുള്ള പരാമര്‍ശവുമുണ്ട്. ഇതിനാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ ഉള്ള സസ്യങ്ങളുടെ വിന്യാസം കഴിവതും ഒഴിവാക്കേണ്ടതാണ്. എന്നാല്‍ കാവുകളിലെ വൃക്ഷവിന്യാസം ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.

അടുക്കള: വാസ്തുശാസ്ത്രം പറയുന്നത്



അടുക്കളയിലും വാസ്തു പ്രധാനമാണ്. അടുപ്പിന്റെ സ്ഥാനം മുതല്‍ കാബിനറ്റുകളുടെ നിറത്തില്‍ വരെ വാസ്തു ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്. അടുക്കളയിലെ വാസ്തു ശാസ്ത്രത്തെ കുറിച്ചുള്ള പൊതുവായ സംശയങ്ങളും മറുപടികളും.

അടുപ്പ് ഏതു ദിക്കില്‍ വരുന്നതാണ് ഉചിതം?

കിഴക്ക് അഭിമുഖീകരിച്ചാണ് അടുപ്പ് വരേണ്ടത്. ഒരു നിവൃത്തിയുമി ല്ലെങ്കില്‍ മാത്രം വടക്കു ദിക്കിനെ അഭിമുഖീകരിച്ചു നല്‍കാം.

കിഴക്കുദിക്കിനെ അഭിമുഖീകരിച്ചു പാചകം ചെയ്യണമെന്നു പറയാന്‍ എന്താണു കാരണം?

ജീവന്‍െറയും സൃഷ്ടിയുടെയും ആധാരം സൂര്യനാണ്. ഭാരതീയ പാരമ്പര്യമനുസരിച്ച് സൂര്യാഭിമുഖമായാണ് എല്ലാ മംഗളകര്‍മങ്ങളും ചെയ്യാറുള്ളത്. അതുകൊണ്ടാണ് കിഴക്കോട്ടു ദര്‍ശനമായി പാചകം ചെയ്യണമെന്നു പറയുന്നത്. ശാസ്ത്രീയമായും ഇതു നല്ലതാണ്. സൂര്യന്‍െറ ആദ്യ കിരണങ്ങള്‍ അടുക്കളയില്‍ പതിക്കുന്നത് അണുനശീകരണത്തിനു സഹായിക്കുന്നു. അടുക്കളയില്‍ കിഴക്കു ഭാഗത്തേക്ക് വെന്‍റിലേഷനും നല്‍കണം.

കാബിനറ്റുകളുടെയോ അടുക്കളയുടെയോ നിറം ഏതായിരിക്കണമെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ടോ?

അടുക്കളയിലേക്കായി പ്രത്യേകം നിറങ്ങളൊന്നും വാസ്തുശാസ്ത്രം നിഷ്കര്‍ഷിക്കുന്നില്ല.

അടുക്കളയ്ക്ക് ഉചിതമായ സ്ഥാനം ഏതാണ്?

വീടിന്‍െറ വടക്കുകിഴക്കേ കോണായ ഈശാനകോണും തെക്കുകിഴക്കേ കോണായ അഗ്നി കോണുമാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. വടക്കുപടിഞ്ഞാറേ കോണിലും അടുക്കളയ്ക്കു സ്ഥാനം നല്‍കുന്നതില്‍ തെറ്റില്ല. എന്നാല്‍ തെക്കുപടിഞ്ഞാറേ കോണില്‍ അടുക്കള നല്‍കരുത് എന്നുമാത്രം.

സ്ഥാനം കാണലും കുറ്റിവയ്പ്പും




പ്രപഞ്ചത്തിന്‍െറ ഭാഗമായ ഭൂമിയും അതില്‍ നിന്ന് ആവിര്‍ഭവിച്ച ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ശാസ്ത്രജ്ഞാനമൊന്നും ആവശ്യമില്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ ബന്ധത്തെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മനുഷ്യന്‍ ഇന്ന് പ്രകൃതിയില്‍ ഇടപെട്ടു നടത്തുന്നത്. “സ്സhന്ത്സന് ദ്ധന്ഥ ന്nഗ്നഗ്മദ്ദh ക്ഷഗ്നത്സ ന്ത്മന്ത്സത്ന ഗ്നnന്ന്ഥ nന്ന് ദ്ധn ന്ധhദ്ധന്ഥ ന്ദഗ്നത്സl ്വഗ്മന്ധ nഗ്നന്ധ ക്ഷഗ്നത്സ ദ്ദത്സന്ന്” എന്ന ഗാന്ധിജിയുടെ വാക്യം നമുക്കുളള മുന്നറിയിപ്പാണ്. അനിയന്ത്രിതമായ നിര്‍മാണപ്രവര്‍ത്തനങ്ങളും, ഖനനവും, വന നശീകരണവും, വ്യാവസായിക വത്ക്കരണവും ആവശ്യത്തിലധികമായ ലാഭേച്ഛയോടെ ചെയ്യപ്പെടുമ്പോള്‍ പ്രകൃതിയുടെയും മനുഷ്യന്‍െറയും താളമാണ് തെറ്റുന്നത്. വാസ്തു ശാസ്ത്രത്തില്‍ ഒരു ഗൃഹം പറമ്പിന്‍െറ ഏതുഭാഗത്ത്, എങ്ങനെ വേണം നിലനിര്‍ത്താന്‍ എന്നത് നിര്‍ദേശിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ് എന്നുള്ള സന്ദേശമാണ് നല്‍കുന്നത്.

സ്ഥൂലപ്രകൃതിയുടെ ഭാഗമായ മനുഷ്യശരീരത്തെ മാതൃകയാക്കിയാണ് ചുറ്റുപാടുകളെക്കുറിച്ച് വാസ്തുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നമുക്കുള്ള ഭൂമിയില്‍ ദിക്കുകള്‍ അനുസരിച്ച്, ഉള്‍ക്കൊള്ളാവുന്ന കോലളവില്‍, പൂര്‍ണ്ണതയുള്ള, ഏറ്റവും വലിയ സമചതുരത്തെയാണ് വാസ്തുമണ്ഡലം എന്നുപറയുന്നത്. പ്രസ്തുത സമചതുരമണ്ഡലത്തെ സ്ഥൂലശരീരമാക്കിയതും അതിലെ സൂക്ഷ്മമായ ജീവാംശമായി വാസ്തുപുരുഷസങ്കല്പത്തെ കണക്കാക്കിയുമാണ് 'സ്ഥാന നിര്‍ണയം നടത്തുന്നത്.

വാസ്തുമണ്ഡലം മനുഷ്യശരീരംപോലെ


വിശദമായി പറഞ്ഞാല്‍, നമ്മുടെ രൂപമുള്ള ശരീരത്തില്‍ അരൂപിയായ ജീവന്‍െറ അംശമുള്ളതുകൊണ്ടാണ് നാം ജീവിക്കുന്നത്. ഇതേപോലെ ശരീരത്തിനു തുല്യമായി വാസ്തു മണ്ഡലത്തെ കല്പിച്ച് അതിലുള്ള സൂക്ഷ്മമായ ജീവന്‍െറ അല്ലെങ്കില്‍ ഊര്‍ജത്തിന്‍െറ അംശത്തെ വാസ്തുപുരുഷന്‍ എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ മനുഷ്യശരീരത്തിലുള്ളതുപോലെ ഞരമ്പുകളും നാഡികളും മര്‍മങ്ങളും സാങ്കല്പികമായെങ്കിലും വാസ്തുമണ്ഡലത്തില്‍ ഉണ്ടായിരിക്കും. നമ്മുടെ ശരീരത്തിലെ ഞരമ്പുകള്‍ക്കും നാഡികള്‍ക്കും ക്ഷതമേറ്റാല്‍ നമുക്ക് എന്തു സംഭവിക്കുന്നുവോ അതുപോലെ തന്നെയാണ് ഭൂമണ്ഡലത്തിലെ ഞരമ്പുകളിലും നാഡികളിലും മര്‍മങ്ങളിലും ക്ഷതമേറ്റാല്‍ ഗൃഹനിവാസികള്‍ക്കു സംഭവിക്കുന്നത് എന്ന് വാസ്തുശാസ്ത്രം പറയുന്നു. അതിനാല്‍ ഇങ്ങനെയുള്ള സ്ഥാനങ്ങള്‍ ഒഴിവാക്കി ഗൃഹത്തെ നമുക്കുള്ള പുരയിടത്തില്‍ സ്ഥാപിക്കുന്നതിനാണ് സ്ഥാന നിര്‍ണയം എന്നു പറയുന്നത്. ഇത് അത്യന്തം ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട കാര്യമാണ്. മുന്‍കാലങ്ങളില്‍ കയറുകൊണ്ട് പദങ്ങള്‍ നിര്‍വചിച്ച് അതില്‍ ശാലകളുടെ വിന്യാസം കൃത്യമായി നല്‍കുന്ന ശ്രമകരമായ രീതിയാണ് നിലവിലിരുന്നത്. എന്നാല്‍ ഇന്നാകട്ടെ, കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈനിലൂടെ അനായാസേന മണ്ഡല നിര്‍വചനവും നാഡി -മര്‍മ നിര്‍വചനവും സാധ്യമാണ്. അതിനാല്‍ കൃത്യമായിത്തന്നെ സ്ഥാനം നിര്‍ണയിച്ചെടുക്കുവാന്‍ സാധ്യവുമാണ്. കൃത്യമായ ഭൂമിയുടെ അളവുകളും നിര്‍മിക്കുവാന്‍ പോകുന്ന ഗൃഹത്തിന്‍െറ പ്ലാനുമാണ് ഇതിന് ആവശ്യമായിട്ടുളളത്. പല സ്ഥലങ്ങളില്‍ ഇന്നു നിലവിലുള്ള സ്ഥാനം കാണല്‍ രീതികള്‍ ശാസ്ത്രീയമല്ല.

പറമ്പിന്‍െറ വലുപ്പമനുസരിച്ച് സ്ഥാനം


പറമ്പുകളുടെ വലുപ്പവ്യത്യാസത്തിനനുസൃതമായി സ്ഥാന നിര്‍ണയരീതികളും വ്യത്യസ്തമാണ്. സാധാരണയായി ഇന്നത്തെ സ്ഥിതി വിശേഷണത്തില്‍ അഞ്ചോ പത്തോ സെന്റില്‍ ഗൃഹനിര്‍മാണം നടത്തുമ്പോള്‍ വാസ്തു മണ്ഡലത്തില്‍ വടക്കുകിഴക്കോ തെക്കു പടിഞ്ഞാറോ ഭാഗങ്ങളില്‍ ഗൃഹത്തിന്‍െറ മധ്യം വരത്തക്കവിധമാണ് ഗൃഹത്തെ സ്ഥാനം ചെയ്യുന്നത്. ഇങ്ങനെ സ്ഥാനം ചെയ്യുമ്പോള്‍ ഗൃഹത്തിന്‍െറ ഭിത്തികളും തൂണുകളും മറ്റും മണ്ഡലത്തിന്‍െറ മര്‍മങ്ങളിലും നാഡികളിലും പതിക്കാതെവേണം സ്ഥാനം നിര്‍ണയിക്കാന്‍. ഇങ്ങനെ അത്യന്തം ജാഗ്രതയോടെ ചെയ്യേണ്ടന്ന ഒരു വിഷയമാണ് കുറ്റിവയ്ക്കല്‍ അഥവാ സ്ഥാനം കാണല്‍. വലിയ പുരയിടങ്ങളില്‍ സ്വീകരിക്കപ്പെടുന്നത് മേല്‍പ്പറഞ്ഞ രീതിയല്ല. ഒരു പ്രത്യേക രീതിയില്‍ ഭൂമിയെ ഖണ്ഡീകരിച്ച് അനുകൂലമായ സ്ഥലം യുക്തിപരമായി തിരഞ്ഞെടുക്കുകയാണിവിടെ വേണ്ടത്. ഉദയരാശിയുടെ പത്താം ഭാവത്തിലായി ചില ജ്യോതിഷപണ്ഡിതര്‍ സ്ഥാനം നല്‍കാറുണ്ടെങ്കിലും പൊതുവേ പറഞ്ഞാല്‍ ഗൃഹത്തിന്‍െറ തെക്കുപടിഞ്ഞാറേ കോണായ കന്നിമൂലയാണ് ഏറ്റവും ഉചിതം. പ്രധാനപ്പെട്ട വാസ്തുഗ്രന്ഥങ്ങളെല്ലാം ഈ രീതിയെയാണ് പ്രോത്സാഹിപ്പിക്കുന്നത് ഏറ്റവും ഉത്തമമായ മുഹൂര്‍ത്വത്തില്‍വേണം ഇതു നിര്‍വഹിക്കാന്‍. അതാതുസ്ഥലത്തെ അനുഷ്ഠാനങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് ഈ ചടങ്ങ് ഭംഗിയായി നടത്താവുന്നതാണ്.

ഗൃഹനിര്‍മാണം തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്ഥാനം കാണുന്നത് എന്തിനാണ് എന്ന അവബോധമുണ്ടെങ്കില്‍, ചെയ്യുന്ന കാര്യങ്ങളില്‍ യാന്ത്രികത ഒഴിവാക്കി അര്‍ഥപൂര്‍ണമായ ഗൃഹനിര്‍മാണം സാധ്യമായിരിക്കും.

ഗൃഹരൂപകല്പന




വാസ്തു ശാസ്ത്ര മനുശാസിക്കുന്ന രീതിയില്‍ ഗൃഹരൂപകല്‍പന എന്നുള്ളതിന് ചരിഞ്ഞ മേല്‍ക്കൂരയും ഒാടും ചാരുപടിയും ചേര്‍ത്ത് വീടിന്റെ പുറംഭാഗം നിര്‍മിക്കുക എന്നു കരുതുന്നവര്‍ ധാരാളമാണ്. കട്ടിളയുടെ സ്ഥാനം, പടികളുടെ എണ്ണം, മുറികളുടെ സ്ഥാനം എന്നിവയാണ് വാസ്തുവില്‍ പാലിക്കേണ്ട പ്രധാന ഘടകങ്ങള്‍ എന്ന് ധരിച്ചിരിക്കുന്നവരുമുണ്ട്. വാസ്തുഗൃഹരൂപ കല്‍പനയില്‍ അടിസ്ഥാനമായി പാലിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു.

1. നിര്‍മിക്കാനുദ്ദേശിക്കുന്ന ഗൃഹത്തിനായി കരുതുന്ന ധനത്തെക്കുറിച്ച് സത്യസന്ധമായ ധാരണ അനിവാര്യമാണ്. നമ്മുടെ സമ്പാദ്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ആവശ്യങ്ങള്‍ നിര്‍വഹിക്കുകയാണു വേണ്ടത്.

2. ലഭ്യമായ ഭൂമിയുടെ പ്ളാനും ദിക്കും കൃത്യമായി അടയാളപ്പെടുത്തി കരുതേണ്ടതാണ്.

3. ഏറ്റവും കുറഞ്ഞ ആവശ്യങ്ങളുമായോ ഏറ്റവുമധികം ആവശ്യങ്ങളുമായോ ഗൃഹരൂപകല്‍പന നടത്തുന്നത് ഉചിതമാവുകയില്ല. സാധാരണ ജീവിതത്തിന്റെ താളത്തിന് അനുയോജ്യമായ തരത്തില്‍ വേണം ഗൃഹരൂപകല്‍പന നടത്താന്‍. അമിതമായ ആകാംക്ഷ ഒഴിവാക്കേണ്ടതാണ്. വാര്‍ഷികമായോ ജീവിതത്തില്‍ ഒരിക്കല്‍ മാത്ര മാ സംഭവിക്കാവുന്ന കാര്യങ്ങള്‍ക്കായി രൂപകല്‍പനയെ ഭേദഗതി ചെയ്യരുത്.

4. വാസ്തുവിദ്യ അറിയാവുന്ന ആര്‍ക്കിടെക്റ്റോ എന്‍ജിനീയറോ വേണം ഗൃഹരൂപകല്‍പന നടത്തുവാന്‍. പ്ളാനിനുള്ള ചെലവ് അധിക ചെലവായി കണക്കാക്കരുത്. രൂപകല്‍പനയിലെ പാകപ്പിഴ ജീവിതകാ ലം മുഴുവനും അനുഭവിക്കേണ്ടിവരുന്നത് ഇതിനാല്‍ ഒഴിവാക്കുവാന്‍ സാധിക്കും.

5. സ്ഥലത്തിന്റെ ആകൃതി, വലുപ്പം, ദിക്കുകള്‍, റോഡ് എന്നിവയെ ആശ്രയിച്ചാണ് ഗൃഹത്തിന്റെ ദര്‍ശനം, വലുപ്പം, സ്ഥാനം എന്നിവ നിശ്ചയിക്കുന്നത്.

6. അഭിരുചിക്കനുസരിച്ച് രൂപകല്‍പന പൂര്‍ത്തിയാക്കിയ ഗൃഹത്തില്‍ പിന്നീട് മാറ്റങ്ങള്‍ വരുത്താതിരിക്കുക.

7. ചുറ്റുപാടുകള്‍, ക്ഷേത്രങ്ങള്‍, പുഴ, വഴി, മല, കുളം മുതലായവയുടെ സാന്നിധ്യത്തെ കണക്കാക്കിവേണം ഗൃഹരൂപകല്‍പനയും ദര്‍ശനവും.

8. ഏത് ആധുനിക രൂപകല്‍പനയും വാസ്തുപരമായ അളവിലും സവിശേഷതകളിലും നിര്‍മിക്കാം. കോല്‍ അളവുകളാണ് ഗൃഹരൂപക ല്‍പനയില്‍ അഭികാമ്യം.

9. ഗൃഹത്തില്‍ താമസിക്കുന്നവരുടെ സംതൃപ്തി മനസ്സിന്റെ തൃപ്തിയാണ്. ഇതിനെ പ്രദാനം ചെയ്യുന്നത് ചുറ്റുപാടുകളാണ്. ചുറ്റുപാടുകളെയാണ് വാസ്തുവിദ്യ അളവുകളിലൂടെ ക്രമീകരിക്കുന്ന ത്. അതിനാല്‍ വാസ്തുവില്‍ തന്നിരിക്കുന്ന പ്ളാനിലെ അളവുകള്‍ പരമപ്രധാനമാണ്. അത് കൃത്യമായി പാലിക്കപ്പെടേണ്ടതുമാണ്.

10. ഏത് അളവുകള്‍ വേണമെങ്കിലും വാസ്തുവിദ്യയില്‍ ഉപയോഗിക്കാം. എന്നാല്‍ ഒരു ഗൃഹസമുച്ചയത്തില്‍ പൂര്‍ണമായും ഒരു അളവ് മാത്രമേ ഉപയോഗിക്കാവൂ. പഴയതില്‍ ഭേദഗതി വരുത്തുമ്പോള്‍ അതില്‍ മുന്‍പ് ഉപയോഗിച്ച യൂണിറ്റ് തന്നെ ഉപയോഗിക്കുകയും വേണം.

പ്രകൃതിലീനമായ ഗൃഹരൂപകല്‍പന നടത്തി പ്രകൃതി, ഗൃഹം, മനുഷ്യന്‍ എന്നീ മൂന്നു തലങ്ങളെ കോര്‍ത്തിണക്കിയെടുക്കുകയാണ് വാസ്തുവിദ്യ ചെയ്യുന്നത്. ഇത് എത്രത്തോളം നന്നാവുന്നോ അത്രത്തോളം സുഖവും സന്തോഷവും പ്രദാനം ചെയ്യും.

ഗൃഹത്തിലെ ദേവസ്ഥാനം




ഭാരതീയ സംസ്കൃതിയുടെ പാരമ്പര്യത്തിനനുസരിച്ച് എല്ലാ ഭൗതീക പ്രവൃത്തികളും ഈശ്വരോന്മുഖമാണ്. ജീവിതം തന്നെ ഈശ്വരോന്മുഖമാകുമ്പോള്‍ അതിന്‍െറ അടിസ്ഥാനമായ ഗൃഹസംവിധാനത്തില്‍ ഈശ്വരസങ്കല്പത്തിനു സ്ഥാനം നല്‍കുന്നത് ഏറ്റവും ഉചിതമാണ്. പൂജാമുറിയുടെ ആവശ്യകത, സ്ഥാനം, അളവുകള്‍ മുതലായവയെക്കുറിച്ച് ധാരാളം സംശയങ്ങളും വികലമായ ചിന്തകളും നിലനില്‍ക്കുന്നുണ്ട്.

ശ്രേഷ്ഠ സ്ഥാനങ്ങള്‍

അവിശ്വാസികള്‍ക്ക് ഏകാന്തമായി ഇരുന്ന് ചിന്തിക്കാനും വിശ്വാസികള്‍ക്ക് ഈശ്വരാരാധനയ്ക്കും അദ്ധ്യാത്മീക സാധനയ്ക്കും ഒരു ഇടം ഗൃഹത്തില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇങ്ങിനെ ഒരു ഇടത്തിന് സ്ഥാനം കല്പിക്കുമ്പോള്‍ അത് ഗൃഹത്തിന്‍െറ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം തന്നെയാകണം എന്നുളളത് നിസ്തര്‍ക്കമാണ്.

സ്ഥൂലത്തിലും സൂക്ഷ്മത്തിലുമായി കല്‍പിക്കപ്പെടുന്ന വാസ്തുപുരുഷ സങ്കല്പത്തിന്‍െറ ശിരോഭാഗമായ വടക്കു കിഴക്കേ ഭാഗമാണ് ഇതിന് ഏറ്റവും ഉചിതമായ സ്ഥാനം. ഈ സങ്കല്പത്തിന്‍െറ മൂലാധാരസ്ഥാനമായി കണക്കാക്കാവുന്ന തെക്കുപടിഞ്ഞാറേ കോണും ഹൃദയസ്ഥാനമായ മധ്യഭാഗവും ഏറ്റവും ശ്രേഷ്ഠം തന്നെ. ഇങ്ങനെ കണക്കാക്കുമ്പോള്‍ സാധാരണയായി ഗൃഹരൂപകല്പന ചെയ്യുമ്പോള്‍ ഗൃഹത്തിന്‍െറ വടക്കുകിഴക്കേ കോണ്, തെക്കുപടിഞ്ഞാറേ കോണ്, ഗൃഹമധ്യം എന്നിവ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനമാകുന്നു. ശാലാമധ്യങ്ങളായ കിഴക്കുമധ്യവും പടിഞ്ഞാറു മധ്യവും ഇതിനു പറ്റിയ സ്ഥാനങ്ങള്‍ തന്നെയാണ്.

നാലുകെട്ടിലാണെങ്കില്‍ പൂജാസ്ഥാനം കിഴക്കിനിയിലോ വടക്കിനിയിലോ ഏറ്റവും ശ്രേഷ്ഠമായി നല്‍കാം. വടക്കുപടിഞ്ഞാറായിട്ടും അപൂര്‍വമായി തേവാരപ്പുരകള്‍ക്കു സ്ഥാനം നല്‍കാറുണ്ട്. സമചതുരമായ മുറിയായിരിക്കും പൂജയ്ക്ക് ഏറ്റവും ഉത്തമം. മുറിയുടെ ഉള്‍അളവ് ധ്വജയോനികണക്കിലോ, ദിക്കിനനുസൃതമായ കണക്കിലോ നല്‍കേണ്ടതാണ്. മുറിയുടെ മധ്യഭാഗത്തായി രണ്ടു പാളിയുളള വാതില്‍ നല്‍കുന്നതാണ് ഏറെ ശ്രേഷ്ഠം, വാതിലിന് തേക്ക്, പ്ലാവ് മുതലായ തടികളുപയോഗിക്കാം. പൂജാമുറിയുടെ വാതില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ നാലു ദിക്കിലേക്കും ആകാം. തെക്കു ഭാഗത്തേക്കു വാതില്‍ വരുന്നതു ശാസ്ത്രവിരുദ്ധമല്ല. എന്നാല്‍, കേരളത്തില്‍ ഇതിനെ തെറ്റായിട്ടാണ് ചില വാസ്തുവിശാരദര്‍ വ്യാഖ്യാനിക്കുന്നത്.

അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍

ഗൃഹത്തിനുളളില്‍ പൂജാമുറി നല്‍കുന്നതു ശാസ്ത്രവിരുദ്ധമാണ് എന്ന മട്ടില്‍ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതിന് യാതൊരു അടിസ്ഥാനവും ഉളളതല്ല. നാനാജാതി മതസ്ഥര്‍ക്ക് അവരവരുടെ ആരാധനാരീതിയില്‍ മനസ്സിനെ ഏകാഗ്രമാക്കാനായി ഒരു സ്ഥാനം നല്‍കേണ്ടത് അനിവാര്യമായാണ് വ്യക്തിപരമായി ഞാന്‍ കാണുന്നത്. പൂജാമുറിയെ ക്ഷേത്രസ്ഥാനമായി കാണുന്നതും ആവശ്യമില്ലാത്ത ആചാരങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തി പറയുന്നതും ശാസ്ത്രത്തിന്‍െറ വഴികളല്ല! എന്നും വിളക്കു കത്തിക്കേണ്ട ഒന്നാണ് പൂജാമുറി എന്ന സങ്കല്പവം ശരിയല്ല. പൂജാമുറിയില്‍ ദേവതാസങ്കല്പങ്ങള്‍ ഗൃഹമധ്യത്തിലേക്കു ദര്‍ശനമായി വരത്തക്കവിധം സ്ഥാപിക്കണം.

ഉദാഹരണത്തിന് വടക്കു കിഴക്കേ കോണിലെ പൂജാമുറിയില്‍ ദേവതാ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറേ കോണിലെ പൂജാമുറിയില്‍ ചിത്രങ്ങള്‍ കിഴക്കോട്ടുമാണ് സ്ഥാപിക്കേണ്ടത്. ചിത്രങ്ങള്‍ക്കഭിമുഖമായിരുന്നു വേണം ഈശ്വരധ്യാനം നടത്താന്‍. വിഗ്രഹങ്ങള്‍ വയ്ക്കുമ്പോള്‍ ഗൃഹത്തിനുളളിലെ പൂജാമുറിയാണെങ്കില്‍ രണ്ടംഗുലത്തില്‍ അധികം (ആറ് സെമീ) വലുപ്പമുളളവ വയക്ക്താരിക്കുന്നതാണ് ഉത്തമം. വലിയ വിഗ്രഹങ്ങള്‍ ഗൃഹത്തിനു പുറത്ത് കുടുംബക്ഷേത്രമെന്ന രീതിയില്‍ ഗൃഹത്തിനഭിമുഖമായി പ്രത്യേകം ആലയം നിര്‍മിച്ച് വയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെയുളള പവിത്രമായി കരുതുന്ന സംഗതികള്‍ പൂജാമുറിക്കു പുറത്തായി മറ്റൊരു സ്ഥാനത്ത് ഭദ്രമായി വയ്ക്കാം. ധൂപത്തിനായി ചന്ദ്രനത്തിരികളും സുഗന്ധത്തിനായി ചന്ദനമരച്ചതും ഉപയോഗിക്കാം. അലങ്കാരസുഷിരങ്ങളില്ലാത്ത പൂര്‍ണമായ വാതിലുകള്‍ ഉളള മുറിയാണ് ധ്യാനത്തിനിരിക്കുവാനുത്തമം. വിളക്കു കത്തിക്കുമ്പോള്‍ കിഴക്കും പടിഞ്ഞാറും തിരിയിട്ടു കത്തിക്കേണ്ടതാണ്. ഉദയാസ്തമയ സൂര്യനഭിമുഖമായുളള സങ്കല്പത്തിലാണ് ഇങ്ങനെ ചെയ്യുന്നത്.

സാധാരണയായി ചെറിയ പൂജാമുറികള്‍ക്ക് 150*150 സെമീ, ഇടത്തരം വലുപ്പത്തിന് 198*198 സെമീ, വലുതിന് 294*294 സെമീ നല്‍കാവുന്നതാണ്. വെളുപ്പ് നിറത്തിലുളള ഭിത്തിയാണ് ഇതിന് ഏറ്റവും ഉത്തമം.

വാതിലുകൾ കഥ പറയുമ്പോൾ



ഗൃഹത്തിൻെറ ആന്തരികമായ പ്രസരിപ്പിന് വിസ്താരമുളള വാതിലുകളും ജനാലകളും അത്യാവശ്യമാണ്. തടിയുടെ ലഭ്യതക്കുറവും വിലയും വാതിലുകളുടെയും ജനാലകളുടെയും വലുപ്പവും എണ്ണവും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. വാതിലുകളുടെയും ജനാലകളുടെയും അടുക്കോടും ചിട്ടയോടും കൂടിയ ക്രമീകരണം ഗൃഹത്തിനുളളിലെ വായുസഞ്ചാരവും ഒപ്പം പ്രകാശക്രമീകരണവും സാധ്യമാക്കും. വാസ്തുശാസ്ത്രത്തില്‍ ഇവ ദ്വാരവിധാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. സാധാരണയായി ഗൃഹത്തിനു നല്‍കുന്ന വാതിലുകളുടെയും ജനലുകളുടെയും അളവുകള്‍ കോല്‍മാനത്തിലോ അംഗുലമാനത്തിലോ കണക്കാക്കാവുന്നതാണ്. ഇത് യോനിപ്പെടുത്തിയുളള ശുഭകരമായ അളവുകളോ അല്ലെങ്കില്‍ ആനുപാതിക ക്രമത്തിലുളള അളവുകളോ എടുക്കാവുന്നതാണ്.

തളളക്കതകും പിളളക്കതകും

വാതിലുകള്‍ ഒറ്റപ്പാളിയാണെങ്കില്‍ ഗൃഹത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഇവ ഇടതുഭാഗത്തായാണ് പിടിപ്പിക്കേണ്ടത്. രണ്ടു പാളിയാണെങ്കില്‍ ഇടതുഭാഗത്തുളളതിനെ തളളക്കതക് എന്നും വലതുഭാഗത്തുളളതിനെ പിളളക്കതക് എന്നും വിളിക്കുന്നു. തളളക്കതകിലാണ് അലങ്കാരപ്പണികളായ സൂത്രപ്പട്ടിക, സ്തനം മുതലായ അലങ്കാരങ്ങള്‍ നല്‍കേണ്ടത്. തളളക്കതകിന് പിളളക്കതകിനേക്കാള്‍ അല്പം വലുപ്പം അധികരിച്ചിരിക്കും.

ഭിത്തിവണ്ണത്തെ പന്ത്രണ്ടായി ഭാഗിച്ച് ഏഴംശം അകത്തും അഞ്ചംശം പുറത്തും വരത്തക്കവിധത്തിലുളള രേഖയില്‍ കട്ടിള മധ്യം വരത്തക്കവിധത്തില്‍വേണം കതകു സ്ഥാപിക്കാന്‍. എല്ലാ ദിക്കിലേക്കും ദര്‍ശനമായ ഗൃഹങ്ങള്‍ക്കും പ്രധാന വാതിലുകള്‍ ഗൃഹ മധ്യത്തില്‍ നിന്നും അല്പം ഇടതുമാറി വരുന്നത് ശ്രേഷ്ഠമാണ്. എന്നാല്‍ ആധുനിക രൂപകല്പനയില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഗൃഹമധ്യത്തില്‍ വാതിലിൻെറ മധ്യം വരത്തക്കവിധം വാതില്‍ നല്‍കുന്നത് ശുഭകരമാകില്ല എന്നാണ് ശാസ്ത്രം പറയുന്നത്. വാതിലിന്‍െറ മധ്യവും വഴി, മരങ്ങള്‍, തൂണുകള്‍, കിണര്‍, കോടി, മതിലുകള്‍ മുതലായവയുടെ മധ്യവും ഒന്നാകുന്ന രീതിയില്‍ ഇടഞ്ഞു വരുന്നതും ശുഭകരമല്ല. ഗൃഹ ഉയരത്തിന്‍െറ ഇരട്ടി ദൂരത്തിനപ്പുറമാണ് ഇവയെങ്കില്‍ അവയുടെ ദോഷവശങ്ങള്‍ ബാധകമാകില്ല എന്നു കരുതിപ്പോരുന്നു.

സാധാരണയായി ഭിത്തി (സ്തംഭ) ഉയരത്തിന്‍െറ 0.722 ഇരട്ടിയായാണ് വാസ്തുവിദ്യയില്‍ വാതിലിന്‍െറ ഉയരത്തെ ആനുപാതികമായി കണക്കാക്കിയിരിക്കുന്നത്. വാതില്‍ വിസ്താരമാകട്ടെ 0.341 ഇരട്ടിയായും കണക്കാക്കാം. വിസ്താരത്തിനിരട്ടി ഉയരമുളള കതകുകള്‍ മനുഷ്യഗൃഹത്തിനു പയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വാതിലുകളുടെ പാളികള്‍ ഒറ്റസംഖ്യയിലെ തടിക്കഷണങ്ങള്‍ കൂട്ടിയോജിപ്പിച്ചതാകണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. തനിയേ അടയുന്നതോ തുറക്കുന്നതോ ആയ വാതിലുകളും തുറക്കുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാതിലുകളും ശുഭകരമായ ജീവിതം തരുകയില്ല എന്നു വിശ്വസിക്കപ്പെടുന്നു.

സാധാരണയായി ഗൃഹങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ പൂര്‍ണമായും ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ കതകിന് അളവുകള്‍ നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടാറുണ്ട്. വാതിലുകളും ജനാലകളും എങ്ങോട്ടാണോ ദര്‍ശനമായി വരുന്നത് അതാത് യോനിയില്‍ വേണം അവയ്ക്ക് അളവുകള്‍ നല്‍കാന്‍ എന്നും ചില ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ ഒരു ഗൃഹത്തില്‍ പല അളവിലും കനത്തിലുമുളള ജനാലകളും വാതിലുകളും നിര്‍മിക്കേണ്ടിവരുന്നു. ഇത് നിര്‍മാണമേഖലയില്‍ കൂടുതല്‍ ആശയക്കുഴപ്പവും തെറ്റുകളും വരുത്തുന്നതിനാല്‍ മനുഷ്യാലയങ്ങള്‍ക്ക് പൊതുവായ അളവുകളാണ് ഉപയോഗിച്ചുവരുന്നത്. സാധാരണയായി ഉയോഗിക്കുന്ന 100 സെമി * 210 സെമീ അളവിലെ കതക് ഏറെക്കുറെ വാസ്തുശാസ്ത്രമനുശാസിക്കുന്ന എല്ലാ വശങ്ങളും ഉള്‍ക്കൊണ്ട് അളവാണ്. 209.5*86 സെമീ, 209.5*80 സെമീ, 210.5*110 സെമീ, 209.5*98 സെമീ എന്നീ അളവുകളും സ്വീകരിക്കാവുന്നതാണ്.

വാസ്തുവും ജനാലയും

വാസ്തുശാസ്ത്രപ്രകാരം ജനാലകള്‍ പലവിധത്തിലുണ്ട്. ഗവാക്ഷം, നന്ദ്യാവര്‍ത്തം, കുഞ്ജരാക്ഷം മുതലായവ ഇവയില്‍ ചിലതുമാത്രമാണ്. ഇന്നത്തെ രൂപകല്പനാ രീതിയുമായി പലപ്പോഴും യോജിക്കാത്ത രീതികളിലുളളവയായതിനാല്‍ ക്ഷേത്രനിര്‍മാണത്തില്‍ മാത്രമാണ് ഇവ ഉപയോഗിക്കാറുളളത്. 206*144.5 സെമീ നാലുപാളിക്കും 158*144.5 സെമീ മൂന്നുപാളിക്കും, 110*144.5 സെമീ രണ്ടു പാളിക്കും ഉപയോഗിക്കാവുന്ന യോനിപ്പെടുത്തിയ വാസ്തുപരമായ അളവുകളാണ്.

വാതിലുകളും ജനാലകളും തടി, ഇരുമ്പ്, അലുമിനിയം എന്നീ ഏതു തരത്തിലുളള പദാര്‍ഥം കൊണ്ടും നിര്‍മിക്കാവുന്നതാണ്. കാതലുളള ഏതുതടിയും വാതിലിന് ഉപയോഗിക്കാം. പല തരത്തിലുളള തടികള്‍ കൂട്ടിച്ചേര്‍ക്കുന്നതും പുതിയ വീടിന് പഴയ കതകുകള്‍ ഉപയോഗി ക്കുന്നതും ഉത്തമമല്ല. വാതിലുകളുടെയും ജനാലുകളുടെയും സ്ഥാനം നിശ്ചയിക്കുമ്പോള്‍ സൂത്രവേധങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാ ണ്. നിര്‍മാണത്തിനിടയില്‍ ദ്വാരസംബന്ധിയായി ഗൃഹ നിര്‍മാതാവ് ശ്രദ്ധാലുവാകാനും ഏറ്റവും ഭംഗിയോടും ഉറപ്പോടും കൂടി നിര്‍മാണപ്രക്രിയ നിര്‍വഹിക്കാനുമുളള ഒരു സന്ദേശമാണ് വാസ്തുഗ്രന്ഥങ്ങളിലെ ദ്വാര സംവിധാനം എന്ന ഭാഗം. ദ്വാരസ്ഥാനങ്ങള്‍, പൊതുവായ അളവുകള്‍ എന്നീ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി, ശാസ്ത്രം രൂപപ്പെട്ട കാലത്തെ സാമൂഹ്യവ്യവസ്ഥിതി, ആചാരം എന്നിവയെ അന്നത്തെ കാലത്തിനനുസരിച്ചു ഭേദഗതി വരുത്തി പ്രായോഗിക തലത്തില്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്.

ഉറക്കത്തിന്റെ നല്ല ശാസ്ത്രം




വാസ്തുശാസ്ത്രാനുസരണം ഗൃഹരൂപകല്പന ചെയ്യുമ്പോള്‍ ശയനമുറി വിന്യാസത്തിന് അല്‍പം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. സാധാരണയായി മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം എന്നിങ്ങനെ തരംതിരിവോടെയായിരിക്കും ആര്‍ക്കിടെക്ട് പ്ളാന്‍ നല്‍കുന്നത്. പലപ്പോഴും ഇൌ പേരുകള്‍ തന്നെ ഗൃഹനിര്‍മാതാക്കളില്‍ തെറ്റിധാരണ പരത്തുന്നുണ്ട്. മാസ്റ്റര്‍ ബെഡ്റൂം എന്നുപറഞ്ഞാല്‍ ഏറ്റവും വലിയ ബെഡ്റൂം എന്ന സങ്കല്‍പിക്കുന്നവരും ഇത് തെക്കു പടിഞ്ഞാറ് തന്നെ വരണമെന്ന് ശഠിക്കുന്നവരും ധാരാളമുണ്ട്. വാസ്തുവില്‍ മാസ്റ്റര്‍ ബെഡ്റൂമിന് ഉപയോഗിച്ചിരിക്കുന്ന പേര് 'സ്വാമിഗൃഹം എന്നാണ്. ഇതു സൂചിപ്പിക്കുന്നത് തന്നെ ഗൃഹനാഥന്‍ ഉപയോഗിക്കുന്ന മുറി എന്ന അര്‍ഥത്തിലാണ്. സ്വാഭാവികമായും ഗൃഹനാഥന്‍ തന്റെ മുറി ഏറ്റവും വലുപ്പമുള്ളതും പ്രൌഢിയുള്ളതുമായി പണിയുമെന്നുള്ള സങ്കല്പമാണ് മാസ്റ്റര്‍ ബെഡ്റൂം ഏറ്റവും വലുപ്പമുള്ള മുറിയായിരിക്കണം എന്ന ചിന്ത വളര്‍ത്തിയത്. സ്ഥലപരിമിതി മൂലവും രൂപകല്പനയിലെ പ്രത്യേകത മൂലവും ചിലപ്പോള്‍ തെക്കുപടിഞ്ഞാറേ കോണിലെ മുറി ചെറുതായി പോകുന്നുണ്ടെങ്കില്‍ അത് വാസ്തുപരമായ ഒരു പരാധീനതയായി കണക്കാക്കേണ്ടതില്ല.

പൊതുവേ പറയുകയാണെങ്കില്‍ ബെഡ്റൂമുകള്‍ ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. മാസ്റ്റര്‍ ബെഡ്റൂമിന്റെ സ്ഥാനം സാധാരണയായി തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) നല്‍കാറുള്ളത്. എന്നാല്‍, വടക്കുപടിഞ്ഞാറെ മൂലയും ഇതിന് ഏറ്റവും ഉത്തമം തന്നെയാണ്. തെക്കുപടിഞ്ഞാറെ കോണിലെ മുറികളില്‍ സ്ത്രീകള്‍ക്ക് താമസം പറഞ്ഞിട്ടില്ല എന്ന മട്ടില്‍ വളരെയധികം ഉൌഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. യഥാര്‍ഥത്തില്‍ വാസ്തുവിദ്യയില്‍ തെക്കുപടിഞ്ഞാറെ കോണിലെ മുറിയെ സൂതികാഗൃഹമായിട്ടാണ് (പ്രസവ മുറി) പറയുന്നത്. ഇതില്‍ നിന്ന് ഇത് സ്ത്രീകള്‍ക്കും സ്വീകാര്യമാണ് എന്നത് വ്യക്തമാണ്. വടക്കുകിഴക്കെ കോണിലൊഴിച്ച് മറ്റു സ്ഥാനങ്ങളില്‍ ബെഡ്റൂം വരുന്നതുകൊണ്ട് കാര്യമായ വാസ്തുവൈരുധ്യം സംഭവിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തെക്കുപടിഞ്ഞാറെ കോണില്‍ ബെഡ്റൂം നല്‍കുമ്പോള്‍ അറ്റാച്ഡ് ടോയ്ലറ്റ് തെക്കുപടിഞ്ഞാറെ മൂലയില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്. സാധനങ്ങള്‍ കുത്തിനിറച്ച ശയനമുറികള്‍ അസ്വസ്ഥത സൃഷ്ടിക്കുകയേ ഉള്ളു. അതിനാല്‍ ശയനമുറി പൂര്‍ണമായും ആവശ്യമായ ജനാലകളോടും ലളിതമായും ക്രമീകരിച്ചവയായിരിക്കണം.

കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍


ബെഡ്റൂമിനുള്ളില്‍ കട്ടിലുകള്‍ കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കുന്ന രീതിയില്‍ ക്രമീകരിക്കുകയാണു വേണ്ടത്. മയമതം പോലെയുള്ള ആദികാല വാസ്തുഗ്രന്ഥങ്ങളില്‍ തെക്കോട്ട് തലവയ്ക്കുമ്പോള്‍ ഇടത്തോട്ട് ചെരിഞ്ഞ് പടിഞ്ഞാറ് ദര്‍ശനമായും കിഴക്കോട്ട് തല വയ്ക്കുമ്പോള്‍ ഇടത്തോട്ട് ചരിഞ്ഞ് തെക്ക് ദര്‍ശനമായും വേണം കിടക്കാന്‍ എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പല പുരാതനഗ്രന്ഥങ്ങളിലും ഇടത്തോട്ടു ചരിഞ്ഞു കിടന്ന്, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഫലüിക്കുന്നവയാണ് എന്ന പറഞ്ഞിരിക്കുന്നതും ഇത്തരുണത്തില്‍ സ്മരണാര്‍ഹമാണ്. ശയന ഉപാധിയായ കട്ടിലുകള്‍ക്കും വാസ്തുവിദ്യയില്‍ അളവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവയെല്ലാം അംഗുലമാലനത്തിലെ ശുഭകരമായ കണക്കുകളിലാകണം എന്ന് ശാസ്ത്രം പറയുന്നു. ഇവയുടെ വിസ്താരം 108 സെമീ മുതല്‍ ഒമ്പത് സെമീ വര്‍ധനയിലും ദീര്‍ഘം 180 സെമീ മുതല്‍ 15 സെമീ വര്‍ധനയിലും ക്രമമായി വര്‍ധിപ്പിച്ച് അളവുകള്‍ സ്വീകരിക്കാമെന്ന് മയമതം പറയുന്നു. കട്ടിലിന്റെ ഉയരമാകടെ 36-54 സെന്റീമീറ്ററാവണം എന്ന് പറയുന്നു. തൂക്കുകട്ടിലുകളും ഉചിതമായി ഉപയോഗിക്കാവുന്നതാണ്.

വെള്ള, ക്രീം, ഇളംപച്ച, ഇളംനീല എന്നീ നിറങ്ങള്‍ കൂടുതല്‍ ഭംഗി നല്‍കുന്നതാണ്. തറയോടു പോലെയുള്ള ചെലവു കുറഞ്ഞ ഫ്ളോറിങ് ബെഡ്റൂമുകളില്‍ ഉചിതമായി ഉപയോഗിക്കാവുന്നതാണ്. മുറിക്കിണങ്ങും വിധമുള്ള കര്‍ട്ടനുകള്‍ ഭംഗി വര്‍ധിപ്പിക്കും. സാധാരണയായി നല്ല ബെഡ്റൂമുകള്‍ക്കുപയോഗിക്കാവുന്ന അളവുകള്‍ 318*44, 366*414, 366*438, 390*462, 414*558, 462*510, 432*534 എന്നിവയാണ്. ബെഡ്റൂം ചെറുത് മതിയെങ്കില്‍ 294*294, 270*318, 342*390 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

ഊണുമുറിയുടെ സ്ഥാനം എവിടെ?



ഗൃഹസംവിധാനത്തില്‍ താരതമ്യേന നിഷ്കര്‍ഷകള്‍ കുറവുള്ള ഭാഗങ്ങളാണ് അന്നാലയം (ഡൈനിങ്), ഫാമിലി ലിവിങ് എന്നിവ. സാധാരണയായി ഗൃഹങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ പ്രാധാന്യമുള്ള മറ്റു മുറികള്‍ നല്‍കിയശേഷം ഗൃഹശോഭയ്ക്ക് മാറ്റു കൂട്ടത്തക്കവിധം ആര്‍ക്കിടെക്ടിന്റെ ഇഷ്ടപ്രകാരം മാറ്റങ്ങള്‍ വരുത്താവുന്ന ഭാഗമാണിത്. ഇങ്ങനെയാണെങ്കിലും ഇതിന് വൃത്തം മുതലായ ആകൃതികള്‍ സ്വീകരിക്കുന്നത് ഉത്തമമല്ല. ഡൈനിങ് ഹാളിനോടു ചേര്‍ന്ന് കോര്‍ട് യാര്‍ഡുകള്‍ നല്‍കുന്ന രീതി ഇന്ന് വ്യാപകമാണ്. എന്നാല്‍ ഇത് അല്പം ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ്. ഗൃഹ മധ്യത്തിലായിട്ടാണ് ഒാപണ്‍ കോര്‍ട് യാര്‍ഡ് നല്‍കുന്നതെങ്കില്‍ ആ ഗൃഹം നാലുകെട്ടിന്റെ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതിനനുസൃതമായി തന്നെ രൂപകല്പന ചെയ്യേണ്ടതാണ്.

പഞ്ചഭൂതങ്ങളുടെ ഇടപെടല്‍ ഗൃഹത്തിനുള്ളിലേക്ക് നേരിട്ടു വരുമ്പോള്‍ അത് ശാലാസംവിധാനത്തെ സ്വാധീനിക്കുമെന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. സാധരണയായ ഗൃഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചെയ്യുന്ന രീതിയല്ല ഇവിടെ അവലംബിക്കേണ്ടി വരിക. ഒാപണ്‍ കോര്‍ട് യാര്‍ഡിന്റെ ഒരു ഭാഗം പുറംഭിത്തിയോട് ചേര്‍ന്നാണു വരുന്നതെങ്കില്‍ അതു വടക്കായോ കിഴക്കായോ ആണ് വേണ്ടത്. തെക്കും പടിഞ്ഞാറും വശങ്ങളിലായി വരുന്നത് ഉത്തമമല്ല. മുകള്‍ഭാഗം മൂടി വരുന്ന കോര്‍ട് യാര്‍ഡുകള്‍ ഏതു ഭാഗത്തും ക്രമീകരിക്കാവുന്നതാണ്. ഗൃഹസംവിധാനത്തില്‍ ഡൈനിങ് ഹാളിനോടനുബന്ധിച്ച് വേണമെങ്കില്‍ സ്റ്റെയര്‍കേസ് മുതാലായവ നല്‍കാവുന്നതാണ്. ഡൈനിങ്, സ്റ്റെയര്‍, ഫാമിലിലിവിങ് എന്നിവ ചേര്‍ത്ത് പണിയുകയാണെങ്കില്‍ ഹൃഹവിസ്താരത്തില്‍ കുറവു വരുത്തി മനോഹരമായ രൂപകല്പന നടത്തി എടുക്കാന്‍ സാധിക്കുന്നതാണ്.

ഊണുമേശ തെക്കുവടക്ക്


നാലുകെട്ടുകളിലാകട്ടെ നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്തയും ചേര്‍ത്ത് നടുമുറ്റത്തേക്ക് തുറസ്സായി വരത്തക്കവിധം അന്നാലയത്തിനെ മനോഹരമാക്കിയെടുക്കാവുന്നതാണ്. അന്നാലയത്തില്‍ ഡൈനിങ് ടേബിള്‍ തെക്കുവടക്കാണ് ഇടേണ്ടത്. പരമാവധി ആളുകള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇരിക്കത്തക്കവിധം വേണം ഇതു ക്രമീകരിക്കാന്‍. ഡൈനിങ്ങിനോട് ചേര്‍ന്ന് ടോയ്ലറ്റ്, വാഷ്ബേസില്‍ എന്നിവ പണിയുമ്പോള്‍ അവ ആഹാരം കഴിക്കുന്നവര്‍ക്ക് അലോസരമാകാത്തവിധം വേണം രൂപകല്പന ചെയ്യാന്‍്. അടുക്കളയില്‍ നിന്നും എളുപ്പത്തില്‍ ആഹാരം എത്തിക്കത്തക്ക വിധവുമായിരിക്കണം രൂപകല്പന നടത്തേണ്ടത്. വാസ്തുപരമായി അന്നാലയത്തിനെ കിഴക്കു ഭാഗത്തോ മകരം, മേടം രാശികളിലോ ക്രമീകരിക്കാവുന്നതാണ്.

ഡൈനിങ്, സ്റ്റെയര്‍ , ഫാമിലി ലിവിങ്, പാന്‍ട്രി എന്നിവ ചേര്‍ന്നുണ്ടാക്കുന്ന ഭാഗമായിരിക്കും സാധരണയായി ഗൃഹത്തിലെ ഏറ്റവും വലിയ ഒാപണ്‍ സ്പേസ് . ഇളംനിറങ്ങള്‍ ഭിത്തിക്കു നല്‍കിയും മനോഹരമായ ചെറിയ ചിത്രങ്ങള്‍ നല്‍കിയും ഇതു കൂടൂതല്‍ മനോഹരമാക്കാവുന്നതാണ്. ഇവിടെയും കഴിവതും പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതാണുത്തമം. ഇന്‍ഡോര്‍ പ്ളാന്റ്സ്, അക്വേറിയം മുതലായവ ഒഴിവാക്കേണ്ടതാണ്. ഉയരക്കൂടൂതലുള്ള മേല്‍ക്കൂര നല്‍കി ഡൈനിങ് ഡബിള്‍ ഹൈറ്റില്‍ ചെയ്യുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കും. ദീര്‍ഘചതുരാകൃതിയിലുള്ള ഊണുമേശകളായിരിക്കും ഏറെ അഭികാമ്യമെങ്കിലും സാഹചര്യത്തിനനുസരിച്ച് മറ്റ് ആകൃതികളും സ്വീകരിക്കാം.

മനോജ് എസ് നായര്‍
കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍
വാസ്തുവിദ്യാ ഗുരുകുലം
ആറന്‍മുള

കുളിയുടെ കാര്യം




മലയാളിയുടെ കുളിയുടെ കാര്യം പ്രശസ്തമാണ്. കടലേഴും കടന്ന് മരം കോച്ചുന്ന തണുപ്പുള്ളിടത്ത് ചെന്നാലും മലയാളി രണ്ടു നേരം കുളിച്ചിരിക്കും. നിശ്ചയം.

കുളി എന്നു പറയുന്നത് മലയാളിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കുളിച്ച് ഈറനോടെ ഇഷ്ട ദേവനെയോ ദേവിയെയോ തൊഴുതാണ് കേരളീയര്‍ ഒരു ദിവസം തുടങ്ങിയിരുന്നത്. എന്നാല്‍ മാറിയ ജീവിതശൈലി മറ്റു പലതിനേയും പോലെ കുളപ്പടവുകളേയും അനാഥമാക്കി.

പ്രകൃതിയില്‍ രമിച്ചൊരു കുളി


ശരീരം ശുദ്ധീകരിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല കുളി എന്നാണ് പ്രകൃതി ജീവനം സമര്‍ഥിക്കുന്നത്. ''ശരീരം വൃത്തിയാക്കുക എന്നതിനൊപ്പം തന്നെ ശരീരോഷ്മാവ് സ്ഥായിയായി നിലനിര്‍ത്താനും കുളി സഹായിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് നീന്തിക്കുളിക്കുന്നതുപോലെ നല്ലൊരു വ്യായാമം വേറെയില്ല, തിരൂരിലെ ഗാന്ധിയന്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്‍െറ സ്ഥാപകന്‍ ഡോ. രാധാകൃഷ്ണന്‍ പറയുന്നു. ആയുര്‍വേദത്തിലെന്ന പോലെ പ്രകൃതി ചികിത്സയിലും കുളി ഒരു ചികിത്സാ വിധിയാണ്. ഉദരരോഗങ്ങള്‍ക്കു പരിഹാരമായുള്ള നിതംബസ്നാനം, നട്ടെല്ലിലെ കശേരുക്കള്‍ക്കു ബലം പകരുന്ന സ്പൈനല്‍ ബാത് തുടങ്ങിയവ ഈ ചികിത്സാവിധികളില്‍ ചിലതു മാത്രം.

മരണത്തില്‍ പോലും കുളിക്കുള്ള പ്രാധാന്യമാണ് പ്രകൃതി ചികിത്സകനായ ഡോ. ജയകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ''ഹൈന്ദവാചാരപ്രകാരം മരിച്ചു കഴിഞ്ഞാല്‍ കുളിപ്പിച്ചതിനു ശേഷമേ ശരീരം പൊതുദര്‍ശനത്തിനു വയ്ക്കു. ആചാരമെന്നതില്‍ കവിഞ്ഞ് ഇതൊരു ആരോഗ്യപരമായ മുന്‍കരുതല്‍ കൂടിയാണ്. ഇതിനു പുറമേ മണ്ണു തേച്ചുള്ള കുളിയും വെയിലത്തുള്ള കുളിയുമൊക്കെ ചികിത്സയുടെ ഭാഗമാവാറുണ്ട്.

കുളിക്കാം, ആനയെപ്പോലെ

നീന്തിത്തുടിക്കാന്‍ ജലാശയങ്ങളൊരുപാടുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എപ്പോഴാണ് മനുഷ്യര്‍ നീരാട്ടില്‍ നിന്നു കയറി കുളിമുറിയുടെ വാതിലുകള്‍ കൊട്ടിയടച്ചതെന്നറിയില്ല.

''ഭാരതീയ ശാസ്ത്രപ്രകാരം കുളി ഏഴു വിധത്തിലുണ്ട്. എപ്പോള്‍, എവിടെ വച്ച്, എങ്ങനെ കുളിക്കണമെന്നും കൃത്യമായ നിഷ്കര്‍ഷയുണ്ട്., വാസ്തുശാസ്ത്ര വിദഗ്ധനായ മനോജ്. എസ്. നായര്‍ പറയുന്നു. മാന്ത്രം, ഭൌമം, ആത്മേയം, വായവ്യം, ദിവ്യം, വാരുണം, മാനസം എന്നിങ്ങനെയാണ് കുളിയെ തരം തിരിച്ചിരിക്കുന്നത്. മാന്ത്രമെ ന്നാല്‍ മന്ത്രോച്ചാരണത്തോടു കൂടിയത്. ഭൌമം മണ്ണ് തേച്ചുള്ളതും ആത്മേയം ചാരം അല്ലെങ്കില്‍ ഭസ്മം തേച്ചുള്ള കുളിയുമാണ്. കുതിരക്കുളമ്പടിയില്‍ നിന്നുയരുന്ന പൊടി കൊണ്ടുള്ള കുളിയാണ് വായവ്യം. മഴയും വെയിലും ഒത്തുവരുമ്പോഴുള്ള കുളിയാണ് ദിവ്യം. വാരുണം മുങ്ങിക്കുളിയും മാനസം മനസ്സിന്‍െറ ശുദ്ധിയുമാകുന്നു. ഇതില്‍ വാരുണമാണ് ഏറ്റവും ഉത്തമം.

നദി, തടാകം, പൊയ്ക, വെള്ളച്ചാട്ടം, വെള്ളം നിറഞ്ഞ ആഴമുള്ള ഗര്‍ത്തം തുടങ്ങിയവയിലാണ് കുളിക്കേണ്ടത്. അതും അതിരാവിലെ. ദിവസം രണ്ടു നേരം കുളിക്കണം. കുളിയില്‍ നിഷിദ്ധമായ കാര്യങ്ങളെക്കുറിച്ചും ശാസ്ത്രത്തില്‍ പ്രതിപാദി ക്കുന്നുണ്ട്. പരിചയമില്ലാത്ത സ്ഥലത്ത് കുളി പാടില്ല. അതുപോലെ തന്നെ ഭക്ഷണ ശേഷവും രാത്രിയുള്ള കുളിയേയും വസ്ത്രത്തോടെയുള്ള കുളിയേയും ശാസ്ത്രം വിലക്കുന്നു. ഇനി എന്തിനു കുളിക്കുന്നു എന്നു ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. നൈര്‍മല്യം, ഭാവശുദ്ധി, കാര്യവിശുദ്ധി, ഐശ്വര്യം, ആരോഗ്യപുഷ്ടി തുടങ്ങിയവ യാണ് കുളിയുടെ പ്രധാന ഉദ്ദേശ്യങ്ങള്‍. അതുപോലെതന്നെ ഏതു കര്‍മത്തിനു മുമ്പും കുളിക്കുന്നത് നല്ലതാണെന്നും പറയുന്നു. ഇനി ഏറ്റവും രസകരമായത് കേട്ടോളു, ആനയെപ്പോലെ കുളിക്കണമെന്നാണ് വേദങ്ങള്‍ പറയുന്നത്. അതായത് വളരെയേറെ സമയമെടുത്ത് നീരാടി മദിച്ച്.... വീടു പണിയുമ്പോള്‍ ഒരിക്കലും മധ്യഭാഗത്തായി കുളിമുറി വരാന്‍ പാടില്ല. വീടിനു പുറത്താണ് കുളിമുറിയുടെ ഉത്തമസ്ഥാനം. വടക്കുകിഴക്ക് ഭാഗങ്ങളില്‍ കുളിമുറി പണിയാമെന്നു പറയുന്ന വാസ്തുശാസ്ത്രം തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ പണിയുന്നത് കര്‍ശനമായി വിലക്കുന്നു.

'ചി വരുന്ന വഴി

''ചി എന്നു വിളിക്കപ്പെടുന്ന ഊര്‍ജമാണ് ഫുങ്ഷ്വേയുടെ ആധാരം. നെഗറ്റീവ് എനര്‍ജിയുടെ വിളനിലമായിട്ടാണ് ഫുങ്ഷ്വേ കുളിമുറിയെ കാണുന്നത്. 'ചി കുളിമുറിക്കുള്ളില്‍ കുടുങ്ങിപ്പോകാതെ നോക്കേണ്ടതുണ്ട്, ഫുങ്ഷ്വേ വിദഗ്ധ ചിത്രാ ഹാന്‍സന്‍ പറയുന്നു. അധികം വിസ്താരമില്ലാത്ത കുളിമുറിയാണ് ഫുങ്ഷ്വേ നിര്‍ദേശിക്കുന്നത്. വലിയ ആഡംബരങ്ങളൊന്നും തന്നെ പാടില്ല. വീടിന്‍െറ ഏതു കോണില്‍ കുളിമുറി സ്ഥാപിച്ചാലും ദോഷങ്ങളുണ്ടാകാം.

വീടിന്‍െറ തെക്കുഭാഗത്താണ് കുളിമുറിയെങ്കില്‍ അപകീര്‍ത്തിയും ദുഷ്പേരുമു ണ്ടാകാം. കലാരംഗത്തുള്ളവര്‍ക്ക് ശോഭനമായ ഭാവിയായിരിക്കില്ല. തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണെങ്കില്‍ ബന്ധങ്ങളെ ബാധിക്കും. കüല്യാണം നടക്കാന്‍ വിഷമമായിരി ക്കും. കിഴക്കു ഭാഗത്താണെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. ആണ്‍മക്കള്‍ ഉണ്ടാവില്ല. ഉണ്ടാവുന്നെങ്കില്‍ തന്നെ 'ഹൈപ്പര്‍ ആക്ടീവ് ആയിരിക്കും. വടക്കാണെങ്കിലോ ജോലിയില്‍ എപ്പോഴും തടസ്സങ്ങള്‍ നേരിട്ടു കൊണ്ടിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ തിക്തഫലങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് കുളിമുറി സ്ഥാപിക്കാന്‍ കഴിയില്ലെന്നര്‍ഥം. ഏറ്റവും കുറച്ച് ഉപദ്രവമുണ്ടാക്കുന്ന ഇടം തിരഞ്ഞെടുക്കുക എന്നതാണ് പോംവഴി.

പ്രശ്നങ്ങള്‍ക്കെല്ലാം ഫുങ്ഷ്വേ പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്. തെക്ക് കുളിമുറിയെങ്കില്‍ നീല കളര്‍ തീം കൊടുക്കണം. ഒരു ബക്കറ്റ് നിറയെ വെള്ളം പിടിച്ചു വയ്ക്കുന്നതും നല്ലതാണ്. വടക്കാണെങ്കില്‍ ബാത്റൂമില്‍ ഒരു ചെടി വയ്ക്കാം. കിഴക്കാണെങ്കില്‍ ചുവന്ന കളര്‍തീമും വിന്‍ഡ് ചൈമും കൊടുക്കണം. പടിഞ്ഞാറാ ണെങ്കില്‍ കുളിമുറിയില്‍ ഒരു ചുവന്ന ലൈറ്റ് പിടിപ്പിക്കുന്നതു വഴി നെഗറ്റീവ് എനര്‍ജിയെ പടി കടത്താം. ചെറിയ ഒരു കോപ്പയില്‍ ഉപ്പു സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഉപ്പു വെള്ളത്തിലുള്ള കുളി അത്യുത്തമമെന്നും ഫുങ് ഷ്വേ പറയുന്നു.

കുളിയിലൂടെ പാപമുക്തിയും

കുളിയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ ഒട്ടേറെ പ്രതിപാദിക്കുന്നുണ്ട്. ദഹനശക്തി, പൌരുഷം, ഊര്‍ജം, ആയുസ്സ് എന്നിവ വര്‍ധിപ്പിക്കുകയാണ് കുളിയുടെ പ്രധാന ഉദ്ദേശ്യം. ഇതു കൂടാതെ ചെയ്ത പാപങ്ങള്‍ കഴുകിക്കളഞ്ഞ് മനസ്സിനെ ശുദ്ധമാക്കാനും കുളിയിലൂടെ സാധിക്കും, പ്രശസ്ത ഭിഷഗ്വരന്‍ ഡോ. സി. കെ. രാമചന്ദ്രന്‍ പറയുന്നു.

ചെറിയ ചൂടുവെള്ളത്തിലാണ് കുളിക്കേണ്ടത്. ഇത് ശരീരത്തിലെ നാഡീ ഞരമ്പുകള്‍ ക്കു ബലം കൊടുക്കും. കണ്ണിനസുഖമുള്ളവര്‍ ചൂടുവെള്ളത്തില്‍ തല കുളിക്കാന്‍ പാടുള്ളതല്ല. രാവിലെ വ്യായാമത്തിനു ശേഷമാണ് കുളിക്കേണ്ടത്. നീന്തിത്തുടിച്ചുള്ള കുളിയാണ് ആയുര്‍വേദവും നിര്‍ദേശിക്കുന്നത്. വാതം, ദഹനേന്ദ്രിയക്കേട് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ കുളി നിയന്ത്രിക്കണം. അതുപോലെ കണ്ണ്, ചെവി, കഴുത്ത് തുടങ്ങിയ അവയവങ്ങള്‍ക്ക് രോഗം ബാധിച്ചവരും കുളി നിജപ്പെടുത്തണം. ഇഞ്ച, പച്ചില, താളി എന്നിവ തേച്ചുള്ള കുളി ശരീരപുഷ്ടിയോടൊപ്പം സൌന്ദര്യവും നല്കുമെന്നും ആയുര്‍വേദം പറയുന്നു.

സമയമെടുത്ത് ചെയ്യേണ്ടതാണ് കുളി. കുളിമുറിയുടെ പരിമിതികള്‍ക്കുള്ളിലും ആസ്വദിച്ചു കുളിക്കുക. തുടര്‍ച്ചയായി കുറച്ചു ദിവസം നദിയിലോ കുളത്തിലോ നീന്തിക്കുളിച്ചുനോക്കട്ടെ. ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന മാറ്റം സുനിശ്ചിതം. ആശയങ്ങള്‍ വിഭിന്നമാണെങ്കിലും ശാസ്ത്രങ്ങളെല്ലാം ഒറ്റക്കെട്ടായി പറയുന്ന കാര്യവും ഇതു തന്നെ. കുളി, വെറും കളിയല്ല.

കാവുകൾ വെട്ടിതെളിച്ചു വീടു വെച്ചാൽ ?



നമ്മുടെ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് കാവുകള്‍. പഴയസിനിമകളില്‍ കാവും കുളവുമില്ലാത്ത ഒരു കഥ പോലും ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും എന്തേ നാം കാവുകളെ ഭയപ്പെടുന്നു?

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സ്ഥൂല സൃഷ്ടിയാണ് കാവുകള്‍. മനുഷ്യന്റെ മനസ്സിലും ചിന്തയിലും ജീവിതത്തിലുമുള്ള ആത്മീയതയുടെ പൂര്‍ത്തീകരണമാണ് കാവുകള്‍. ഭൌതികതയുടെ അതിപ്രസരവും പൈതൃകത്തെക്കുറിച്ചുള്ള അജ്ഞതയും സംഘടിതമതങ്ങളുടെ കടന്നുകയറ്റവും ഹൈന്ദവസംസ്കാരത്തിലെ മൂല്യശോഷണവുമെല്ലാം ചേര്‍ന്നപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന കാവുകള്‍ അപ്രത്യക്ഷമായി.

കാര്‍ഷിക സംസ്കൃതിയുടെയും ശക്തമായ താന്ത്രികഅടിയൊഴുക്കുകളുടെയും പൂര്‍ത്തീകരണമായിരുന്നു നമ്മുടെ കാവുകള്‍. ഗൃഹം നിര്‍മിക്കുമ്പോള്‍ അതിനെടുക്കുന്ന സ്ഥലത്തെ ജീവജാലങ്ങള്‍ക്ക് വസിക്കാനായി തത്തുല്യമായ രീതിയില്‍ ഭൂമിയെ അവയ്ക്കുവേണ്ടി മാറ്റിയിട്ട് സംരക്ഷിച്ചിരുന്ന സംവിധാനമാണ് കാവുകളായി മാറിയത്. ഭൂമിയുമായി ഏറ്റവും ഇഴുകിച്ചേര്‍ന്ന ഉരഗവര്‍ഗത്തിലെ നാഗങ്ങളെ കാര്‍ഷിക സംസ്കൃതിയുടെ ആദ്യപാഠത്തിലെ സൂഹൃത്തായി പരിഗണിച്ച് അവയെ ആരാധിക്കുന്ന രീതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. പിന്നീടെപ്പോഴോ രൂഢമൂലമായ താന്ത്രിക ആശയങ്ങളില്‍ നാഗങ്ങള്‍ പ്രാണന്റെ സ്ഥൂലമായ ആവിഷ്കാരമായി കരുതിവന്നു. അങ്ങനെ കാവുകള്‍ ക്രമേണ സര്‍പ്പക്കാവുകളായി.

പ്രാണന്റെ സഞ്ചാരം തരംഗരൂപത്തിലാണെന്നതും തരംഗരൂപത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകജീവി നാഗങ്ങളാണെന്നതും പ്രാണന്റെ പ്രക്രിയയില്‍ നാഗങ്ങളുടെ പ്രാധാന്യം കരുത്താര്‍ജിക്കാന്‍ ഇടയായി. ഇതുകൊണ്ടുതന്നെയാണ് കാവുകള്‍ നശിപ്പിച്ചാല്‍ മൂന്നാം തലമുറയില്‍ കുടുംബം അന്യംനിന്നുപോകും എന്ന് കരുതപ്പെട്ടിരുന്നത്. മേല്‍പ്പറഞ്ഞ വിശ്വാസങ്ങളും യുക്തികളും മാറ്റിവച്ചാല്‍ തന്നെ കാവുകള്‍ ജൈവവൈവിധ്യത്തിന്റെ ബാക്കിപത്രമാണ്. ശുദ്ധജലസ്രോതസ്സ് സംപുഷ്ടമാക്കുന്ന കാവുകള്‍ അപൂര്‍വസസ്യങ്ങളുടെയും ജീവികളുടെയും ഉറവിടമാണ്.

വാസ്തുപരമായി കാവുകളുടെ സംരക്ഷണം എത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാവുകളുള്ള ഭൂമിയില്‍ കാവുകള്‍ ഒഴിച്ചിട്ട് ബാക്കിവരുന്ന സ്ഥലത്ത് വാസ്തുപരമായി കണക്കുകള്‍ നിഷ്കര്‍ഷിച്ച് ഗൃഹം നിര്‍മിക്കാന്‍ സാധിക്കുമെങ്കിലും അവ കാവുകളുടെ സ്വഭാവം, ആരാധനാ രീതി എന്നിവയെ ആശ്രയിച്ചിരിക്കും.

യാതൊരു കാരണവശാലും കാവുകള്‍ വെട്ടിത്തെളിച്ച സ്ഥലത്ത് ഗൃഹനിര്‍മാണംനടത്തുന്നത് ഉചിതമല്ല. കാവുകള്‍ ഉള്ള പറമ്പില്‍ ഗൃഹനിര്‍മാണത്തിന് നാഗസൂത്രവേധം ഒഴിവാക്കി വേണം ഗൃഹത്തിന് സ്ഥാനം കാണാന്‍. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമുള്ളവരും അതു പാലിക്കുന്നവരും കാവുകള്‍ ഉള്‍പ്പെട്ട പുരയിടങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പൊന്നുമില്ല. എന്നാല്‍, ജൈവവൈവിധ്യമാര്‍ന്ന കാവുകള്‍ വെട്ടി നിരത്തി സിമന്റ് കൊണ്ട് ആരാധനാബിംബങ്ങള്‍ പ്രതിഷ്ഠിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. നമ്മുടെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതി തന്നെയാണ് നമ്മുടെ ഈശ്വരനും . പ്രകൃതിസംരക്ഷണം വാസ്തുവിദ്യയില്‍ ഈശ്വരാരാധന തന്നെയാണ്.

വിവരങ്ങള്‍ക്ക്

മനോജ് എസ് നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍
വാസ്തുവിദ്യാ ഗുരുകുലം
ആറന്മുള

വാസ്തുവിദ്യയിലെ സ്ഥല നിരൂപണം




മനസ്സുകൊണ്ട് തൃപ്തികരമായ ഭൂമി ഗൃഹനാഥന് കൂടുതല്‍ ഗുണങ്ങള്‍ നല്‍കും. വീടു വയ്ക്കാനുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ .

ഗൃഹനിര്‍മാണത്തിലെ മുഖ്യമായ ഒരു ഘടകമാണ് ഭൂമി. നാം വസിക്കുന്ന ഭൂമിയുടെ പ്രത്യേകതകള്‍ നമ്മെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. പലപ്പോഴും തല ചായ്ക്കാന്‍ ഇടം തേടുന്നവര്‍ ഇതേക്കുറിച്ച് അധികം ചിന്തിച്ച് വിഷമിക്കാറില്ല. എത്ര മോശമാണെങ്കിലും നഗരഹൃദയത്തില്‍ എല്ലാ സൌകര്യങ്ങളുടെയും മധ്യത്തിലുള്ള ഭൂമി ഏവരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. ഒരുപരിധി വരെ ഭൂമി സംബന്ധിയായ വൈകല്യങ്ങളെയും ന്യൂനതകളെയും പരിഹരിച്ചെടുക്കാനുള്ള ഉപായങ്ങള്‍ വാസ്തുവിദ്യയില്‍ ഉണ്ടെങ്കിലും ഭൂമിയുടെ സ്വാഭാവികമായ ഗുണഗണങ്ങളെ അപ്പാടെ മാറ്റിമറിക്കുക അസാധ്യമാണ്. ഭൂമിയുടെ കിടപ്പ്, ആകൃതി, ദിക്കുകള്‍, മണ്ണിന്‍െറ ഘടന, സസ്യലതാദികളുടെ പ്രത്യേകതകള്‍. ചുറ്റുപാടുകളുടെ പ്രത്യേകതകള്‍ മുതലായവയെ പരിഗണിച്ചാണ് ഭൂമിയുടെ ഗുണത്തെ നിശ്ചയിച്ചുവരുന്നത്. വ്യക്തികള്‍ക്ക് വ്യത്യസ്തമായ സ്വഭാവങ്ങളുള്ളതുപോലെ തന്നെ ഭൂമിയെയും മേല്‍പ്പറഞ്ഞ ഘടകങ്ങളുടെ വ്യതിയാനമനുസരിച്ച് വ്യത്യസ്തമായി തരംതിരിക്കാം. ഇതിനെ സാമൂഹ്യ വ്യവസ്ഥതിയുമായി കൂട്ടിയിണക്കിയാണ് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ഭൂമികള്‍ രൂപപ്പെട്ടത്. ഇതിനെ തികച്ചും ഗുണപരമായ ഒരു തരംതിരിവായിട്ട് മാത്രമാണ് കാണേണ്ടത്. അതല്ലാതെ വാസ്തുവിദ്യാഭത്സകര്‍ പറയുന്നതുപോലെ ജാതി തരംതിരിവായി കാണേണ്ടതില്ല.

പൊതുവില്‍ വടക്കന്‍ ചായ്വിലോ കിഴക്കന്‍ ചായ്വിലോ കിടക്കുന്ന ഭൂമി സാധാരണ ഗൃഹസ്ഥര്‍ക്ക് അധികം അനുയോജ്യമാണ് എന്ന് പറയാം. എന്നിരുന്നാലും നിരപ്പാര്‍ന്ന ഭൂമിയും വിരുദ്ധ ചരിവുളള ഭൂമിയും വേണ്ട ഭേദഗതികള്‍ വരുത്തി ഉപയോഗിക്കാവുന്നതാണ്. ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ദിക്കാണ്. ഏതു ദിക്കിലേക്കും ദര്‍ശനം വരുന്ന ഭൂമിയും സ്വീകാര്യമാണ്. പൊതുവെ തെക്കു ദര്‍ശനമായി വരുന്ന ഭൂമിക്ക് ആഭിമുഖ്യം കുറവായിട്ടാണ് കാണുന്നത്. എന്നാല്‍, ശാസ്ത്ര പ്രകാരം അവയും മറ്റു ഭൂമിയെപ്പോലെ തന്നെ ഉപയോഗയോഗ്യമാണ്.

ഫലഭൂയിഷ്ഠമായ മണ്ണുളള ഭൂമിയാണ് തിരഞ്ഞെടുക്കേണ്ടത്. ഭൂമിയുടെ ഊര്‍വരതയ്ക്ക് ഗൃഹനിര്‍മാണത്തില്‍ ഉള്ള സ്ഥാനമാണ് ഇതു കാണിക്കുന്നത്. കല്ലു നിറഞ്ഞ പ്രദേശങ്ങളും പാറയുടെ സാമീപ്യവും ഉള്ള ഭൂമി ഗൃഹനിര്‍മാണത്തിന് യോജിച്ചതല്ല. അതുപോലെ തന്നെയാണ് പാറയുടെ മുകളിലെ ഗൃഹനിര്‍മാണവും. പാടംനികത്തി ഗൃഹം നിര്‍മിക്കുന്നതും പാടത്തിനടുത്ത് ഗൃഹം നിര്‍മിക്കുന്നതും ശാസ്ത്രവിധി പ്രകാരം അത്ര നല്ലതല്ല.

ദുര്‍ഗന്ധമുള്ള ഭൂമി, ധാരാളം ചിതല്‍ ഉളള ഭൂമി, ശ്മശാന സമീപത്തുള്ള ഭൂമി, മലയുടെ തെക്കന്‍ ചായ്വിലെ ഭൂമി, പാറ നിറഞ്ഞ ഭൂമി മുതലായവ അനുകൂല അവസ്ഥ സംജാതമാക്കാന്‍ പര്യാപ്തമല്ല. ക്ഷേത്രം, കാവ് മുതലായവയ്ക്ക് സമീപമായിട്ടുള്ള ഭൂമിയില്‍ ഗൃഹനിര്‍മാണം നടത്തുമ്പോള്‍ ശാസ്ത്രവിധികള്‍ കര്‍ശനമായിത്തന്നെ പാലിച്ചിരിക്കേണ്ടതാണ്. ധാരാളം ഭൂമിയുള്ള പക്ഷം ശാസ്ത്രപ്രകാരം വൃക്ഷലതാദികളും വിന്യസിക്കാവുന്നതാണ്.

കുണ്ടും കുഴികളും നിറഞ്ഞതും ശ്മശാനഭൂമിയായി അറിയപ്പെട്ടതുമായ ഭൂമി പരിഹാരക്രിയകള്‍ ചെയ്ത് വാസയോഗ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും സ്വതവേ ശുഭകരമായ ഭൂമിയില്‍ ഗൃഹം വയ്ക്കുന്നതായിരിക്കും ഉചിതം.

സ്റ്റെയ൪കേസ് വാസ്തുവീക്ഷണത്തിൽ



പ്രത്യേകമായി സ്ഥാനങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും വാസ്തുവിലെ അടിസ്ഥാനതത്വങ്ങള്‍ പാലിക്കപ്പെടുന്ന രീതിയിലാകണം സ്റ്റെയര്‍കേസിന്റെ സ്ഥാനം.

വാസ്തുശാസ്ത്രത്തില്‍ ഏറ്റവും അധികം സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വിഷയമാണ് ഗോവണികള്‍. വാസ്തുവില്‍ സ്റ്റെയര്‍കേസിന് പ്രത്യേകമായി സ്ഥാനങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും വാസ്തുവിലെ അടിസ്ഥാനതത്വങ്ങള്‍ പാലിക്കപ്പെടുന്ന രീതിയിലാവണം അതിന്റെ സ്ഥാനം. പ്രധാന വാതില്‍ തുറക്കുമ്പോള്‍ സ്റ്റെയര്‍കേസ് കാണരുതെന്ന അന്ധവിശ്വാസം അടിസ്ഥാനരഹിതമാണ്. സ്റ്റെയര്‍കേസ് ഗൃഹത്തിന്റെ മധ്യഭാഗത്ത് നല്‍കാതിരിക്കുകയാണ് നല്ലത്. കാരണം, ഇത് സൂത്രവേധമുണ്ടാകാതിരിക്കാനിടയുണ്ട്. വാസ്തുവിദ്യ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് ഇതെല്ലാം നോക്കി മധ്യഭാഗത്ത് തന്നെ നല്‍കാവുന്നതാണ്. ഗൃഹത്തിന്റെ വടക്കുകിഴക്കേ കോണില്‍ കഴിവതും സ്റ്റെയര്‍കേസ് നല്‍കരുത്. ഇത് സാമ്പത്തികമായ പ്രതിസന്ധികള്‍ ഉണ്ടാക്കാനിടയുണ്ട് എന്ന അഭിപ്രായമുണ്ട്. സ്റ്റെയര്‍കേസിന് ഏറ്റവും ഉത്തമമായ സ്ഥലം തെക്കുപടിഞ്ഞാറ് ആണ്. പൊതുവെ, സ്റ്റെയര്‍കേസിന് പറ്റിയ സ്ഥാനം ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും വശങ്ങളാണ്. പ്രദക്ഷിണമായി വേണം സ്റ്റെയര്‍കേസ് നല്‍കാന്‍. തെക്കോട്ട് കയറരുത് എന്ന വാദം വച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രത്തിന്റെ പിന്തുണയില്ല. താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാന്‍ പടികളുടെ എണ്ണം ഇരട്ടസംഖ്യയില്‍ നല്‍കണം. അതായത്, മുകളിലത്തെ ലാന്‍ഡിങ് ഒറ്റസംഖ്യയില്‍ അവസാനിക്കണം.

പടികളുടെ വീതിയും ഉയരവും


സാധാരണയായി ഒരുമീറ്റര്‍ വീതിയില്‍ ഉള്ള സ്റ്റെയര്‍കേസ് ആണ് ഗൃഹങ്ങള്‍ക്ക് നല്‍കാറുള്ളത്. ഇത് 90 സെമീ വേണമെങ്കിലും ആകാം. പടികള്‍ക്ക് 27 മുതല്‍ 30 സെമീ വരെ വീതിയും 15-16 സെമീ ഉയരവും നല്‍കുകയാണ് ഏറ്റവും അഭികാമ്യം. ഒറ്റനില ഗൃഹങ്ങളില്‍ പുരപ്പുറത്തേക്ക് കയറാന്‍ കോണ്‍ക്രീറ്റ് സ്റ്റെയര്‍കേസ് നല്‍കേണ്ട ആവശ്യമില്ല. സ്റ്റീല്‍ കൊണ്ടുള്ള സ്റ്റെയര്‍കേസ് ലാഭകരവും ഈടുനില്‍ക്കുന്നതുമായിരിക്കും. സ്റ്റെയര്‍കേസുകള്‍ ഡോഗ് ലഗ്ഡ് , ഓപണ്‍ വോള്‍ , സ്പൈറല്‍ എന്നിങ്ങനെ പലവിധത്തിലുണ്ട്. ഏറ്റവും അധികം ചെലവ് കുറച്ചും സ്ഥലം കുറച്ചും നിര്‍മിക്കാനുതകുന്നത് ഡോഗ് ലഗ്ഡ് ആയിരിക്കും. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ ഡൈനിങ് ഏരിയയില്‍ നിന്നുമാണ് സ്റ്റെയര്‍കേസ് നല്‍കുക. എന്നാല്‍ ഇത് ഷോപീസ് ആക്കണമെന്നുള്ളവര്‍ ഡ്രോയിങ് റൂമിലും നല്‍കാറുണ്ട്. സ്ഥലത്തെ പരമാവധി ഉപയോഗിക്കാന്‍ സ്റ്റെയര്‍കേസിന്റെ അടിഭാഗത്ത് ടോയ്‌ലറ്റ്  നല്‍കാറുണ്ട്. എന്നാല്‍ ഇത് സ്റ്റെയറിന്റെ സ്ഥാനത്തെ ആസ്പദമാക്കി വേണം നിശ്ചയിക്കാന്‍. നാലുകെട്ടുകളില്‍ നടുമുറ്റത്തു നിന്നും സ്റ്റെയര്‍കേസ് നല്‍കുന്നത് നല്ലതല്ല.


മനോജ് എസ്. നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള.

ഐശ്വര്യ ദ൪ശനം



ഗൃഹനിര്‍മിതിക്ക് തയ്യാറെടുക്കുന്ന ഓരോ വ്യക്തിയെയും ഏറ്റ വും അധികം ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് നിര്‍മിക്കാന്‍ പോകുന്ന ഗൃഹത്തിന്‍െറ ദര്‍ശനം എങ്ങോട്ട് എന്നത്. പരമ്പരാഗതമായി പല വിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്ന കേരളീയ സമൂഹത്തില്‍ ശാസ്ത്രത്തിന്‍െറ ശരിയായ ധാരണക്കുറവ് പല തരത്തിലുള്ള അന്ധവിശ്വാസങ്ങളെയും ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. തങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗൃഹം കിഴക്കോട്ടുതന്നെ വേണം എന്ന് ശാഠ്യം പിടിക്കുന്നവര്‍ ഗൃഹരൂപകല്പന പലപ്പോഴും വികലമാക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ തന്നെ വീടിന്‍െറ ദര്‍ശനം എന്നാല്‍ വാതിലിന്‍െറ പുറത്തേക്കുള്ള അഭിമുഖത്വമാണ് എന്നു കരുതുന്ന ആളുകളുടെ എണ്ണവും കൂടുതലാണ്.

വാസ്തുശാസ്ത്ര വീക്ഷണത്തില്‍ ഗൃഹത്തിന് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകള്‍ക്കനുസൃതമായി ദര്‍ശനം സ്വീകരിക്കാവുന്നതാണ്. സ്ഥലത്തിന്‍െറയും ചുറ്റുപാടുകളുടെയും പ്രത്യേകതകള്‍ക്കനുസരിച്ചാണ് ദര്‍ശനം തീരുമാനിക്കേണ്ടത്. പുഴകള്‍, മലകള്‍, വഴികള്‍, കോട്ടകള്‍, കിടങ്ങുകള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, വന്‍മരങ്ങള്‍ മുതലായവയെല്ലാം തന്നെ വാസ്തുപരമായി ഗൃഹത്തിന്‍െറ സ്ഥാനത്തെയും ദര്‍ശനത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതുകൊണ്ടുതന്നെയാണ് ഗൃഹരൂപകല്പനയ്ക്ക് മുന്നോടിയായി സ്ഥലസന്ദര്‍ശനം(സൈറ്റ് വിസിറ്റ്) അത്യാവശ്യമായി വരുന്നത്. വാസ്തുവിദ്യ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്ന അഭ്യസ്തവിദ്യരായ എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്ടുകളും ഈ രംഗത്തേക്ക് അധികമായി കടന്നു വരേണ്ടത് അത്യന്താപേക്ഷിതമാണ്.

പൊതുവെ പറഞ്ഞാല്‍, വഴിയും പുഴയും ക്ഷേത്രങ്ങളും ഉളള ഭാഗത്തേക്ക് ദര്‍ശനമായി ഗൃഹത്തെ പണിയേണ്ടതാണ്. മലകള്‍, പുഴകള്‍ മുതലയാ പ്രകൃതിജന്യമായ ഊര്‍ജസ്രേതസ്സുകളെ വേധിക്കാത്ത തരത്തിലായിരിക്കണം ദര്‍ശനവും രൂപകല്പനയും ചെയ്യേണ്ടത്. ദര്‍ശന നിര്‍ണയം വാസ്തുശാസ്ത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ദര്‍ശനത്തിനനുസൃതമായാണ് ഗൃഹത്തിന് കണക്കുകള്‍ നിശ്ചിക്കേണ്ടത്. കണക്കുകളില്‍ ഉത്തമ, മധ്യമ, അധമ, വര്‍ജ്യ വിഭാഗങ്ങളുണ്ട്. സാധാരണയായി ഉത്തമ, മധ്യമ കണക്കുകളാണ് ഗൃഹരൂപകല്പനയ്ക്ക് ഉപയോഗിക്കുന്നത്.

പലപ്പോഴും ഉത്കണ്ഠയോടുകൂടിയാണ് തെക്കുദര്‍ശനമായ ഗൃഹനിര്‍മാണത്തെ വീക്ഷിക്കുന്നത്. എന്നാല്‍ ശാസ്ത്രാനുസൃതമായ കണക്കിലു രൂപകല്പനയിലും ഗൃഹരൂപ കല്പന ചെയ്യുകയാണെങ്കില്‍ തെക്കുദര്‍ശനവും പടിഞ്ഞാറുദര്‍ശനവും മറ്റു രണ്ടു ദര്‍ശനങ്ങളെപ്പോലെതന്നെ ഉപയോഗയോഗ്യങ്ങളാണ്. തെക്കുകിഴക്ക് മുതലായ കോണ്‍ദിക്കിലേക്ക് ഒരു കാരണവശാലും ഗൃഹത്തിന് ദര്‍ശനം നല്‍കാതിരിക്കുക. ഒരു പുരയിടത്തില്‍ ഗൃഹനിര്‍മാണം ചെയ്യുമ്പോള്‍ അതിലുള്‍ക്കൊള്ളുന്ന ദിക്കനുസരിച്ച് വാസ്തുമണ്ഡലത്തിനാധാരമായി വേണം രൂപകല്പന ചെയ്യാന്‍.

മറ്റൊരു രസകരമായ സംഗതി കിഴക്കും വടക്കും ദര്‍ശനത്തിനുപയോഗിക്കുന്ന കണക്കുകള്‍ തമോഗുണപ്രധാനമായതും തെക്കുദര്‍ശനമായത് രജോഗുണപ്രധാനമായതും പടിഞ്ഞാറ് ദര്‍ശനമായ കണക്ക് സ്വാത്വിക പ്രധാനമായതുമാണ് എന്നതാണ്. വടക്കും കിഴക്കും ദര്‍ശനങ്ങള്‍ അതിഭൌതികതയ്ക്കും മറ്റുരണ്ടു ദര്‍ശനങ്ങള്‍ ആത്മീയോന്നതിക്കും കൂടുതല്‍ ഗുണകരമാണ് എന്നു വേണമെങ്കില്‍ വിവക്ഷിക്കാവുന്നതാണ്. പൊതുവേ പറഞ്ഞാല്‍, നാലു പ്രധാന ദിക്കുകളിലേക്കും ദര്‍ശനമായി ഗൃഹനിര്‍മാണം സാധ്യമാണ്.

വാസ്തുശാസ്ത്രം പുന൪ജനിക്കുന്നു



ശാസ്ത്രവും കലയും ആദ്ധ്യാത്മികതയും ഒരുപോലെ സമ്മേളിക്കുന്ന വാസ്തുവിദ്യ മനുഷ്യനെയും അവന്‍െറ ആവാസ വ്യവസ്ഥയെയും പ്രകൃതിയുമായി ബന്ധിപ്പിക്കുന്നു.

ഗൃഹനിര്‍മാണമേഖലയില്‍ ഇന്ന് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് വാസ്തുശാസ്ത്രം. എന്നാല്‍, വാസ്തുവിദ്യയുടെ ശരിയായ ഉപയോഗം പ്രായോഗിക മേഖലയില്‍ ഉണ്ടാകുന്നുണ്ടോ എന്നതുസംശയമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്ത ധാരാളം ആളുകള്‍ വാസ്തുശാസ്ത്രമേഖലയിലെ ഗൃഹനിര്‍മാണത്തെ സ്വാധീനിക്കുന്നുണ്ട് എന്നതാണു വാസ്തവം.

ആധുനിക എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ മേഖലകളില്‍ വാസ്തുവിനെക്കുറിച്ചുള്ള അവബോധം കുറഞ്ഞതും, ഭാരതീയ ശാസ്ത്ര പഠനത്തിനുള്ള വിദ്യാലയങ്ങളുടെ അഭാവവും ഉപഭോക്താവിന്‍െറ സാമൂഹികമായ പല മുന്‍വിധികളുമാണ് ഈ രംഗത്തെ അധഃപതനത്തിനു വഴിയൊരുക്കുന്നത്. വിശ്വാസങ്ങള്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ സാങ്കേതികതയും കലാമൂല്യവും വഴിമാറുകയും ചെയ്യുമ്പോള്‍ ഗൃഹനിര്‍മാണമേഖല മുമ്പെങ്ങുമില്ലാത്ത വിധം അരാജകത്വത്തിലേക്കു വഴുതി വീഴുന്നു.

ഭാരതീയ സംസ്കാരത്തില്‍ വാസ്തുശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉത്പത്തിക്ക് വേദങ്ങളോളം തന്നെ പഴക്കമുണ്ട്. ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ഇതിലുള്ള പരാമര്‍ശങ്ങള്‍ വേണ്ടുവോളമുണ്ട്. ആയിരക്കണക്കിനു വര്‍ഷത്തെ അനുഭവസമ്പത്തും അസംഖ്യം മനീഷികളുടെ കണ്ടെത്തലുകളും ചേര്‍ന്ന് രൂപപ്പെട്ട ഈ ശാസ്ത്രശാഖയാണ് ഇന്നു നമ്മള്‍ കാണുന്ന മഹാഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും തറവാടുകളുടെയുമൊക്കെ അടിസ്ഥാനം. ആധുനിക ലോകത്തില്‍ ശാസ്ത്രത്തിന്‍െറ വളര്‍ച്ച സാങ്കേതിക തികവു പുലര്‍ത്തുന്നുണ്ടെങ്കിലും മനുഷ്യന്‍െറ ഉദാത്തമായ സങ്കല്പങ്ങളുടെ പൂര്‍ണതയ്ക്കുള്ള രംഗസംവിധാനം ഒരുക്കുന്നതില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെയാണ് വാസ്തുശാസ്ത്രം പുനര്‍ജനിക്കുന്നത്.

കേവലം രൂപകല്പന, നിര്‍മാണവിദ്യ എന്നതിലുപരി വിശ്വാസങ്ങളും അനുഭവങ്ങളും ആദ്ധ്യാത്മികതയും സാമൂഹികവ്യവസ്ഥതകളും ഒക്കെ ചേര്‍ന്ന് ഉദാത്തമായ ഒരു തലത്തിലാണ് വാസ്തുവിദ്യ നിലനില്‍ക്കുന്നത്. ശാസ്ത്രത്തിന്‍െറ താത്വികമായ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഇതിന്‍െറ ശരിയായ പ്രയോഗത്തിന് അനിവാര്യമാണ്. പ്രകൃതി ജീവനത്തിനുള്ള ആഹ്വാനമാണ് വാസ്തുവിദ്യ. പഞ്ചഭൂതാത്മകമായ പ്രകൃതിയെയും മനുഷ്യനെയും മനുഷ്യന്‍െറ ആവാസ വ്യവസ്ഥയെയും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുകയാണ് വാസ്തുശാസ്ത്രം ചെയ്യുന്നത്.

നല്ല ഭാവി നല്ല പ്രവൃത്തിയില്‍ നിന്നും, നല്ല പ്രവൃത്തി നല്ല ചിന്തയില്‍ നിന്നും, നല്ല ചിന്ത നല്ല ചുറ്റുപാടില്‍ നിന്നും രൂപപ്പെടുന്നു എന്ന സാമാന്യ വിചാരത്തില്‍ നിന്നും നല്ല ചുറ്റുപാടുകള്‍ രൂപപ്പെടുത്താനുള്ള ഉപാധിയാണു വാസ്തു ശാസ്ത്രം. പ്രകൃതിലീനമായ ചുറ്റുപാടിനെയാണ് ഉത്തമമായ നല്ല ചുറ്റുപാട് എന്നു വിശേഷിപ്പിക്കാവുന്നത്. പ്രകൃതി വിരുദ്ധരാകാതെ ജീവിതം കെട്ടിപ്പടുക്കാനുള്ള സംവിധാനമാണ് അടിസ്ഥാനപരമായി വാസ്തുവിദ്യ ഒരുക്കുന്നത്.

കാഴ്ചയിൽ കാര്യമുണ്ട്‌



ഗൃഹം നിര്‍മിക്കാന്‍ തുടങ്ങുന്ന ഏതൊരാളിനും ആവശ്യം വ്യത്യസ്തമായ ശൈലിയാണ്. തന്റെ വീടിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ ഉണ്ടാകണം എന്ന് ശഠിക്കുന്ന നിര്‍മാതാവ് ഭാവിയില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒട്ടും ബോധവാനായിരിക്കുകയില്ല.

ഒരു എന്‍ജിനീയര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് ആദ്യമായി മുന്‍കൈ എടുത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ വിശദമാക്കുകയാണ് വേണ്ടത്. എല്ലാവരില്‍ നിന്നും വ്യത്യസ്തമാവാനായി നക്ഷത്രരൂപത്തില്‍ ഗൃഹം നിര്‍മിച്ച് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയ ഒരാളിനെയാണ് ഇപ്പോള്‍ ഒാര്‍മ്മവരുന്നത്.

പ്രകൃതി നമുക്കു പറഞ്ഞു തരുന്ന ഒരു വലിയ പാഠമുണ്ട്, എല്ലാം അനുഭവിക്കുക, ഉപയോഗിക്കുക. ആവശ്യത്തിനു മാത്രം. മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളെയും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യം അവയുടെ എല്ലാം വാസസ്ഥാനങ്ങള്‍, ആവശ്യത്തിനുമാത്രം നിര്‍മിച്ചവയാണ്. ഒരേ ജാതിയില്‍പ്പെട്ട ജീവികള്‍ക്ക് ഒരേ തരത്തില്‍ അല്ലെങ്കില്‍ ഒരേ ഘടനയിലെ ആവാസ സ്ഥാനങ്ങളാവും ഉണ്ടാവുക. മനുഷ്യന്റെ കാര്യമാകട്ടെ ഇതിനു നേരെ വിപരീതവും. മനനം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് അതിരുവിടുമ്പോള്‍ അത് അരോചകമായ സൃഷ്ടികളുണ്ടാവാന്‍ കാരണമാവുന്നു എന്ന് ഒാര്‍മയുണ്ടാവണം.

ശാലാവിന്യാസം പ്രധാനം


വാസ്തുവിദ്യയില്‍ ഗൃഹരൂപകല്പനയ്ക്ക് സ്വീകരിക്കാവുന്ന ആകൃതികളെക്കുറിച്ച് വളരെ വ്യക്തമായ സൂചനകളുണ്ട്. ഗൃഹത്തിന്റെ ദര്‍ശനമനുസരിച്ചാണ് അതിന് സ്വീകരിക്കാവുന്ന രൂപഭാവങ്ങള്‍. വാസ്തുവിന്റെ അടിസ്ഥാനഘടകങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇൌ ആകൃതികള്‍ നിശ്ചയിച്ചിരിക്കുന്നത്.

വാസ്തുവില്‍ പറഞ്ഞ പ്രകാരം പൂര്‍ണതയുള്ള ഗൃഹം എന്നു പറയാവുന്നത് നാലുകെട്ടിനെയാണ്. നാലു ദിക്കുകളെ പ്രതിനിധാനം ചെയ്ത് അന്തര്‍മുഖമായി, നടുമുറ്റത്തിനു ചുറ്റും വിന്യസിക്കുന്ന നാലുകെട്ടിനെ പ്രായേണ ഏതു ദിക്കിലേക്കും ദര്‍ശനമായും ഏതു തരം ഭൂമിയിലും നിര്‍മിക്കാവുന്നതാണ്.

സാധാരണയായി നിര്‍മിക്കപ്പെടുന്ന ഗൃഹങ്ങളെ ഏകശാലകള്‍ എന്നു പറയുന്നു. ഇതിനെ ഏതു ദിക്കിലേക്കും ദര്‍ശനമായി നിര്‍മിക്കാം. ദര്‍ശനത്തിനനുസൃതമായ കണക്കുകള്‍ നിശ്ചയിക്കുകയാണ് പതിവ്. രണ്ടു ശാലകള്‍ ചേര്‍ന്നുവരുന്ന രീതിക്ക് ദ്വിശാല എന്നു പറയുന്നു. അത് വടക്കു മുഖമുള്ളതും, കിഴക്കുമുഖമുള്ളതുമായ രണ്ടു ശാലകളായി പണിയാം. അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറും മുഖങ്ങളോടു കൂടിയതും സമാന്തരമായി കിടക്കുന്നതുമായ രണ്ടു ശാലകള്‍ ചേര്‍ന്ന രീതിയിലും നിര്‍മിക്കാം. ഇവ രണ്ടും മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായിട്ടുള്ളു.

മൂന്ന് ശാലകള്‍ ചേര്‍ന്ന രീതിയിലുള്ള ഗൃഹത്തിനെ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി പണിയാവുന്നതാണ്. ഇത് മറ്റു ദിക്കുകളിലേക്ക് അനുയോജ്യമല്ല. മുമ്പു പറഞ്ഞ ഗൃഹരൂപകല്‍പനയിലെ ആകൃതികള്‍ മേല്‍പറഞ്ഞ ശാലാവിന്യാസത്തിനനുസൃതമായിട്ട് വേണം എടുക്കു വാന്‍. ഇത് ദിക്കുകള്‍ക്കനുസരിച്ച് ഭിന്നമായിരിക്കുകയും ചെയ്യും.

വാസ്തുദോഷപരിഹാരത്തില്‍ ഗൃഹത്തിന്റെ കോണിലെ കട്ടിങ്ങുകള്‍ ഒഴിവാക്കത്തക്ക രീതിയില്‍ എല്ലാ മൂലകളിലും കെട്ടിയടയ്ക്കുന്ന രീതി മേല്‍പ്പറഞ്ഞ ശാലാവിന്യാസത്തെ ശരിക്ക് മനസ്സിലാക്കാതെ പ്രയോഗത്തില്‍ വരുത്തുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. ഇതിന്റെ ശരിയായ തത്വം മനസ്സിലാക്കാതെയാണ് വടക്ക് കിഴക്ക് കാര്‍പോര്‍ച്ച് വരുന്നതു നല്ലതല്ല എന്നു പറയുന്നത്. അതുപോലെ തന്നെ തെക്കുപടിഞ്ഞാറ് വരുന്ന കിട്ടിങ്ങുകള്‍ ഒഴിവാക്കേണ്ടതാണ്. രണ്ടാം നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കോണ്‍ ചേര്‍ത്ത് എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

വേണ്ടത് സിംപിള്‍ സ്ട്രെയിറ്റ്

പൊതുവേ പറഞ്ഞാല്‍ ഗൃഹത്തിന് കൃത്യമായ സമചതുരമോ, ദീര്‍ഘചതുരാകൃതിയോ, വരത്തക്കവിധം വേണം രൂപകല്‍പന നിര്‍വഹിക്കാന്‍. ഇതില്‍ നിന്നുള്ള പ്രൊജക്ഷന്‍സ് മേല്‍ സൂചിപ്പിച്ച ശാലാവിന്യാസത്തെ സാധൂകരിക്കുന്ന രീതിയില്‍ നല്‍കുന്നത് ഏറെ ഉത്തമമായിരിക്കും. വൃത്താകൃതി, അര്‍ധവൃത്താകൃതി തുടങ്ങിയ വ്യത്യസ്തങ്ങളായ ആകൃതികള്‍ കാലക്രമത്തില്‍ അസൌകര്യങ്ങളും അസംതൃപ്തിയും മാത്രമായിരിക്കും നല്‍കുക.

ഗൃഹരൂപകല്‍പന നടത്തുമ്പോള്‍ ഭൂമിയുടെ ചരിവ്, റോഡിന്റെ സ്ഥിതി, ചുറ്റുപാടുകള്‍ എന്നിവയ്ക്ക് ചേര്‍ന്നവിധത്തില്‍ സിംപിള്‍ സ്ട്രെയിറ്റ് ഡിസൈനുകളാവും ഏറ്റവും അനുയോജ്യമായിട്ടുള്ളത്.

വാസ്തുവിലെ വസ്തുതകൾ



ആതൃന്തികമായ സത്യത്തെത്തേടിയുള്ളതാണ് ഭാരതീയശാസ്ത്രങ്ങളെല്ലാം. ഇതില്‍നിന്നു വേര്‍തിരിഞ്ഞ് ഭൌതികജീവിതത്തില്‍ വേരുറപ്പിച്ച ശാസ്ത്രശാഖകളാണ് ആയുര്‍വേദവും വാസ്തുശാസ്ത്രവും. ഭൌതിക ജീവിതത്തിലൂടെ ആത്മീയ ഔന്നത്യത്തിലേക്കു നയിക്കുകയാണ് ഇവയെല്ലാം ചെയ്യുന്നത്.

ധാര്‍മികപാതയിലുള്ള ക്രമമായ ജീവിതത്തിലൂടെ ആഗ്രഹങ്ങളെ നിര്‍ഗുണാവസ്ഥയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ള മാനസികാവസ്ഥയാണ് വാസുതുവനുസരിച്ചു രൂപകല്‍പന ചെയ്തിട്ടുള്ള വീട് പ്രദാനം ചെയ്യുന്നത്. ഉദാഹരണത്തിനു ധനസമ്പാദനം ലക്ഷ്യമായിട്ടുള്ള ആളിന് ധനം ലഭിക്കാന്‍ സഹായിക്കുന്നതോടൊപ്പം അതു ഫലപ്രദമായി വിനിയോഗിക്കാനും ആ ആഗ്രഹത്തെ കാലക്രമേണ കുറച്ചു കൊണ്ടുവരാനുമുള്ള അന്തരീക്ഷം വാസ്തുവിധേയമായി നിര്‍മിച്ച വീടു നല്‍കുന്നു.

നല്ല ഭാവി നല്ല പ്രവര്‍ത്തിയില്‍ നിന്നുണ്ടാകുന്നു. നല്ല പ്രവര്‍ത്തി നല്ല ചിന്തയില്‍ നിന്നുണ്ടാകുന്നു. നല്ല ചിന്തകള്‍ നüല്ല ചുറ്റുപാടില്‍ നിന്നുണ്ടാകുന്നു എന്നത് സാമാന്യതത്വമാണല്ലോ. നല്ല ചുറ്റുപാടുകള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് ഭാരതീയ വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു പ്രകൃതിയെ ഹനിക്കാത്ത നല്ല അന്തരീക്ഷം ഒരുക്കുന്നു.

വാസ്തുശാസ്ത്രം എന്തിന്?

കോടാനുകോടി ജീവജാലങ്ങള്‍ക്ക് അമ്മയായ ഭൂമിയില്‍ വീടൊരുക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളുടെ സമഗ്രഭാവമാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിലെ പ്രമാണങ്ങള്‍ പലപ്പോഴും തന്ത്രശാസ്ത്രം, ജ്യോതിഷം, നിമിത്തം മുതലായ അനുബന്ധശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിലെ ഗണിതവും സാങ്കേതികമായ അറിവുകളും ആധുനിക ശാസ്ത്രത്തെപ്പോലും അതിശയിപ്പിക്കുന്നതാണ്.

വാസ്തുവിലും അനുബന്ധശാസ്ത്രങ്ങളിലുമുള്ള അറിവും സാങ്കേതിക പരിജ്ഞാനവും കലാബോധവും ആധ്യാത്മിക താല്‍പര്യവുമുള്ള വ്യക്തിക്ക് വാസ്തുശാസ്ത്രം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

വാസ്തു എപ്പോള്‍?

വീട്ടുകാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാഥമികമായി പ്ളാന്‍ തയാറാക്കുമ്പോള്‍ തന്നെ അതിന്റെ വാസ്തുപരമായ വശങ്ങള്‍ നോക്കേണ്ടതാണ്. വാസ്തുവിദ്യ അറിയുന്ന എന്‍ജിനീയറോ ആര്‍കിടെക്ടോ ആണ് വീട് രൂപകല്‍പന ചെയ്യുന്നത് എങ്കില്‍ കൂടുതല്‍ അഭികാമ്യമായിരിക്കും.

ഒരു പ്ളോട്ടിനു വേണ്ടി ചെയ്യുന്ന പ്ളാനുകള്‍ മറ്റൊരു പ്ളോട്ടിന് യോജിക്കണമെന്നില്ല. വീട്ടുകാരുടെ അഭിരുചിയും സ്ഥലത്തിന്റെ രീതിയും സാമ്പത്തിക സ്ഥിതിയുമനുസരിച്ചായിരിക്കണം രൂപകല്‍പന നടത്തേണ്ടത്. ഒരിക്കല്‍ രൂപകല്‍പന തീരുമാനിച്ച ശേഷം വീണ്ടും അളവുകള്‍ മാറുന്നത് അഭികാമ്യമല്ല.

സ്ഥാന നിര്‍ണയം


ഭൂമിയുടെ വലുപ്പത്തിനെ ആധാരമാക്കിയാണ് പണിയാന്‍ പോകുന്ന വീടിന്റെ വലുപ്പം കണക്കാക്കുന്നത്. മനുഷ്യശരീരത്തിലുള്ളതു പോലെ നാഡികളും ഞരമ്പുകളും ഭൂമിയിലും ഉണ്ടെന്നു കരുതുന്നു. ഇങ്ങനെയുള്ള ഊര്‍ജബിന്ദുക്കളെയും ഊര്‍ജഇടനാഴികളെയും ഒഴിവാക്കി ഗൃഹത്തെ സ്ഥാപിക്കുക എന്നതാണ് സ്ഥാനനിര്‍ണയം കൊണ്ടുദേശിക്കുന്നത്.

പ്ളാന്‍ തയാറാക്കാതെ സ്ഥാനനിര്‍ണയം നടത്താന്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്നില്ല. ഭൂമി കണ്ട് പ്ളാന്‍ വാസ്തുപരമായി തയാറാക്കിക്കഴിഞ്ഞാല്‍ മാത്രമേ സ്ഥാനനിര്‍ണയം നടത്താന്‍ സാധിക്കൂ. ഇതിനുശേഷം മാത്രമേ കിണര്‍, ഉരല്‍പ്പൂരം, പട്ടിക്കൂട്, ഗാരേജ്, കുളം മുതലായ ഉപാലയങ്ങള്‍ക്കു സ്ഥാനം കാണാന്‍ സാധിക്കൂ.

സ്ഥാനനിര്‍ണയത്തില്‍ അപാകത വന്നു എന്നു ബോധ്യം വന്നാല്‍ ചെയ്യുന്ന താന്ത്രികവിദ്യയാണ് പഞ്ചശിരസ്ഥാപനം. എല്ലാ വാസ്തുദോഷങ്ങള്‍ക്കും പരിഹാരമായി ഇതുപയോഗിച്ചാല്‍ പ്രയോജനം കിട്ടണമെന്നില്ല.

തെക്കോട്ടു ദര്‍ശനം


തെക്കോട്ടുള്ള വീടിന്റെ ദര്‍ശനം ഇന്നു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ് എന്നിങ്ങനെയുള്ള പ്രധാന ദിക്കുകളില്‍ ഏതിലേക്കെങ്കിലും ദര്‍ശനമായി വീട് പണിയാവുന്നതാണ്. ഗൃഹങ്ങളുടെ ദര്‍ശനം തീരുമാനിക്കുന്നത് വഴി, ദിക്ക്, ചുറ്റുപാട്, വാതില്‍ മുതലായവ കണക്കാക്കിയാണ്.

തെക്കുഭാഗത്തു വഴിയുള്ള പുരയിടത്തില്‍ തെക്കോട്ടു ദര്‍ശനമായി അതിനു പറഞ്ഞിരിക്കുന്ന കണക്കില്‍ തെക്കോട്ടു വാതില്‍ നല്‍കിത്തന്നെ വീടുപണിയാം. എന്നാല്‍, ഇങ്ങനെയുള്ള വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുന്നതിനായി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖമായി പടികള്‍ നല്‍കുന്ന ആചാരവും കണ്ടുവരുന്നു. വടക്കും കിഴക്കും ദിക്കുകള്‍ തമോഗുണവും തെക്ക് രജോഗുണവും പടിഞ്ഞാറ് സത്വഗുണ പ്രകാരവുമാണ് എന്നാണു ശാസ്ത്രം...

വാസ്തുവിലെ ജാതി

വാസ്തുവിദ്യയിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര ജാതി തിരിവുകള്‍ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടവയാണ്. ഗുണപ്രധാനമായി പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും നാലായി തിരിച്ചിരിക്കുന്നു.

സാത്വികരായവരെ ബ്രാഹ്മണഗണത്തിലും, രജോഗുണഭാവമുള്ളവരെ ക്ഷത്രിയഗണത്തിലും, രജോതമോസമ്മിശ്രഗുണമുള്ളവരെ വൈശ്യഗണത്തിലും, തമോഗുണപ്രധാനമായവരെ ശൂദ്രവിഭാഗത്തിലും പെടുത്തിയിരിക്കുന്നു. ഇതേരീതിയിലാണ് ഭൂമിയെയും നാലാക്കി തിരിച്ചത്. അതാതു ഗുണങ്ങള്‍ അധികരിച്ചവര്‍ക്ക് അതാതിനനുയോജ്യമായ ഭൂമി കൂടുതല്‍ ഫലപ്രദമായിരിക്കും എന്നു ചുരുക്കം.

കുറ്റിയടിക്കാന്‍ മുഹൂര്‍ത്തം


നമ്മുടെ ചുറ്റിപാടുമുള്ള വസ്തു നമ്മളെ സ്വാധീനിക്കുന്നതുപോലെ പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരം സ്വാധീനിക്കുന്നു. വസ്തുക്കളുടെ വലുപ്പവും ദൂരവുമനുസരിച്ച് അവയുടെ സ്വാധീനത്തിലും വ്യത്യാസമുണ്ട്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്താണ്. ചന്ദ്രന്‍ ഭൂമിയെ സ്വാധീനിക്കുന്നണ്ടെന്നതിന്റെ തെളിവാണല്ലോ വേലിയേറ്റവും വേലിയിറക്കവുമെല്ലാം.

ഭൂമിയുടെ അച്ചുതണ്ടിലുള്ള സ്വയം കറക്കവും സൂര്യനുചുറ്റുമുള്ള സഞ്ചാരവും ഭൂമിയുടെ 23 1/2 ഡിഗ്രി ചരിവും ആണ് കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. വാസ്തുവിദ്യയയില്‍ ഓരോ ദിക്കിലേക്കു ദര്‍ശനമായി നില്‍ക്കുന്ന ഗൃഹത്തിലും കുറ്റി വയ്ക്കാനായി പ്രത്യേകം മാസങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പന്ത്രണ്ട് മാസങ്ങളില്‍ എട്ടുമാസങ്ങള്‍ മാത്രമാണ് കുറ്റി വയ്ക്കാന്‍ അനുയോജ്യമായിട്ടുള്ളത്.

ഒരു ശാലയ്ക്ക് രണ്ടുമാസം വീതം നാലു ശാലയ്ക്ക് എട്ടുമാസമാണ് ഉള്ളത്. അതാതു ശാലയ്ക്ക് അതാതിനു പറയുന്ന മാസത്തില്‍ ഏറ്റവും നല്ല ഗ്രഹസ്ഥിതിയുള്ള മുഹൂര്‍ത്തം തിരഞ്ഞെടുക്കണം.

മരണച്ചുറ്റ് എന്നാല്‍

ഒരു വസ്തു അതിനു ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വസ്തുക്കളുടെ വലുപ്പവും രൂപവും ഈ ആശ്യവിനിമയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

അളവുകളാണ് വലുപ്പവും രൂപവും നിശ്ചയിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കുമുള്ള ബാല്യം, കൌമാരം, യൌവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് അവസ്ഥകള്‍ ഈ അളവുകള്‍ക്കും ബാധകമാണ്.

മരണ വിഭാഗത്തില്‍പെടുന്ന അളവുകള്‍ അനുസരിച്ചു ഗൃഹരൂപകല്‍പന ചെയ്താല്‍ ഗുണങ്ങള്‍ ഒന്നും ലഭിക്കുകയില്ല. കൌമാര, യൌവന വിഭാഗത്തിലെ കണക്കുകള്‍ക്കാണ് ശ്രേഷ്ഠത കല്‍പിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് മരണച്ചുറ്റ് ഉള്ള ഗൃഹത്തിലെ താമസം നന്നല്ല എന്നു പറയുന്നത്.

ഭൂമിയുടെ അധിപന്‍ സൂര്യനാണ്. അതിനാല്‍ സൂര്യനെ അധിഷ്ഠിതമാക്കിയുള്ള ദിക്കുകള്‍ക്കു പ്രാധാന്യമുണ്ട്. ഓരോ ദിക്കിനും അനുയോജ്യമായ കണക്കുണ്ട്. ദിക്കനുസരിച്ചു ഗൃഹത്തിനു നല്‍കാവുന്ന ആകൃതിയെക്കുറിച്ചും വാസ്തുവിദ്യയില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടുണ്ട്. കിഴക്കു ദിക്കിന് ഏതാകൃതിയും യോജിക്കും.

മുറികളുടെ സ്ഥാനം

ഊര്‍ജസംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുറികളുടെ സ്ഥാനം ക്രമീകരിച്ചിരിക്കുന്നത്. നമ്മള്‍ ചെലവാക്കുന്ന ഊര്‍ജത്തെ പിന്തുണയ്ക്കുന്ന ഊര്‍ജം നല്‍കുവാനാണ് ഓരോ മുറിക്കും ഇന്ന സ്ഥാനം എന്നു കല്‍പിച്ചിട്ടുള്ളത്. വിപരീതമായി നല്‍കിയാല്‍ നമ്മള്‍ ഓരോയിടത്തും ചെലവാക്കുന്ന ഊര്‍ജത്തെ സമ്പുഷ്ടമാക്കുന്ന ഊര്‍ജം ലഭിക്കില്ല എന്നേയുള്ളൂ.

മുറികള്‍ സ്ഥാനം തെറ്റിവച്ചാല്‍ ഊര്‍ജവ്യതിയാനം സംഭവിക്കുമെന്നു പറഞ്ഞല്ലോ. ഈ ഊര്‍ജവ്യതിയാനം കാലക്രമേണ നമ്മളെ മാനസികമായി ബാധിക്കുന്നു. അതായതു നമ്മുടെ ഉന്മേഷം കുറയുന്നു. അപ്പോള്‍ അതു നമ്മുടെ പ്രവൃത്തിയെ ബാധിക്കും. സ്വാഭാവികമായും പ്രതീക്ഷിച്ചപോലെയുള്ള ഫലങ്ങള്‍ നമ്മുടെ പ്രവൃത്തികള്‍ക്കു കിട്ടില്ല. അതാണ് സ്ഥാനം തെറ്റിയാല്‍ ഐശ്വര്യ കുറയുമെന്നു പറയുന്നതിന്റെ അടിസ്ഥാനം.

ഉദാഹരണത്തിന് ലിവിങ് റൂമിലിരുന്നാല്‍ കാണാന്‍ പാകത്തിന് ഒരു ടോയ്ലറ്റ് കൊടുത്താല്‍ എങ്ങനെയിരിക്കും? അതു കാഴ്ചക്കാരെ മാത്രമല്ല ഉപയോഗിക്കുന്നവരെയും അലോസരപ്പെടുത്തും. കാലക്രമേണ ഇതുണ്ടാക്കുന്ന ഊര്‍ജവ്യതിയാനം അവിടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

അടുക്കള ശ്രദ്ധാപൂ൪വം



ഗൃഹരൂപ കല്പനയില്‍ പാചകശാലയുടെ അഥവാ അടുക്കളയുടെ സ്ഥാനം പരമപ്രധാനമാണ്. അന്നം തയ്യാറാക്കുന്ന സ്ഥലം മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളിലൊന്നായ പോഷകസമൃദ്ധമായ ആഹാരത്തിന്റെയും അതിന്റെ രുചിയെയും സ്വാധീനിക്കുന്ന ഘടകമാണ്. ഒരു ഗൃഹത്തില്‍ ഏറ്റവും അധികം ഉൌര്‍ജം പുറപ്പെടുവിക്കുന്ന ഭാഗമാണ് അടുക്കള. ഗൃഹത്തിലെ സ്ത്രീകള്‍ ഏറ്റവും സമയം ചെലവിടുന്ന അടുക്കളയുടെ രൂപകല്പന ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒന്നാണ്. കാലത്തിനനുസരിച്ചു കോലം മാറുന്ന ഇൌ കാലത്ത് അടുക്കളയുടെ രൂപകല്പനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനസ്വഭാവമായ അഗ്നിജ്വലനവും പാചകം ചെയ്യലും മാറ്റമില്ലാതെ തുടരുകയാണ്.

അടുക്കളയുടെ സ്ഥാനം

വാസ്തുശാസ്ത്രാനുസൃതമായി ഗൃഹനിര്‍മിതി നടത്തുമ്പോള്‍ അടുക്കളയുടെ സ്ഥാനം കിഴക്കുഭാഗത്തായിട്ടാണ് വേണ്ടത് എന്നു മയമതം മുതലായ ഗ്രന്ഥങ്ങള്‍ പറയുന്നു. പദകല്പന നടത്തിയ മണ്ഡലത്തില്‍ മഹേന്ദ്രന്‍, അര്‍ക്കന്‍, ആര്യന്‍, സത്യന്‍, ഭൃശന്‍ മുതലായ പദങ്ങളില്‍ വരത്തക്കവിധം വേണം പാചകശാല നിര്‍മിക്കാന്‍ എന്നാണു പറയുന്നത്. മേല്‍പ്പറഞ്ഞ സ്ഥാനങ്ങളെല്ലാം തന്നെ ഗൃഹത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഏകദേശം വരുന്നത്. വാസ്തുവിദ്യയുടെ പ്രകാരണഗ്രന്ഥങ്ങളിലൊന്നായ മനുഷ്യാലയചന്ദ്രികയില്‍ പറയുന്നത് പര്‍ജന്യന്‍, അഗ്നി മുതലായ പദങ്ങളിലോ മേടം, ഇടവം രാശികളിലോ വായുപദത്തിലോ ആണ് അടുക്കള പണിയേണ്ടത് എന്നാണ്. പൊതുവേ പറഞ്ഞാല്‍ ഗൃഹരൂപകല്പനയില്‍ തെക്കുകിഴക്കെ കോണോഴിച്ച് തെക്കുഭാഗത്തും വടക്കുപടിഞ്ഞാറെ കോണൊഴിച്ച് പടിഞ്ഞാറു ഭാഗത്തും അടുക്കളയുടെ സ്ഥാനം നല്‍കാതിരിക്കുന്നതാണു നല്ലത്. കേരളത്തില്‍ ഏറ്റവും ഉത്തമസ്ഥാനങ്ങളായി കരുതിപ്പോരുന്ന സ്ഥാനങ്ങള്‍ വടക്കുകിഴക്കും തെക്കുകിഴക്കുമാണ്. തെക്കുപടിഞ്ഞാറെ കോണില്‍ അടുക്കള ഒരു കാരണവശാലും വന്നുകൂട എന്നാണ് ആചാര്യമതം.

മേല്‍പ്പറഞ്ഞ അടുക്കളയുടെ സ്ഥാനങ്ങളത്രയും ഗൃഹദര്‍ശനത്തെ കാര്യമാക്കാതെ എല്ലാ ദര്‍ശനങ്ങള്‍ക്കും നല്‍കാവുന്നതാണ്. ദര്‍ശനത്തിനനുസരിച്ചും രൂപകല്പനയ്ക്കനുസരിച്ചും മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ ഏതുവേണമെങ്കിലും ഉചിതമായി സ്വീകരിക്കാം. ഇന്ന് സര്‍വസാധാരണമായ മോഡുലര്‍ കിച്ചണിന് സ്വീകരിക്കാവുന്ന വാസ്തുപരമായ സാധാരണ അളവുകള്‍ 294*294 സെമീ, 318*270 സെമീ, 342*246 സെമീ, 306*282 സെമീ, 294*270 സെമീ, 282*282 സെമീ എന്നിവയാണ്. വലിയ അളവുകള്‍ 414*318 സെമീ, 390*342 സെമീ, 402*330 സെമീ, 438*294 സെമീ, 366*366 സെമീ എന്നിവയാണ്.

പാചകം കിഴക്കു ദര്‍ശനമായി


അടുക്കളയില്‍ കിഴക്കുദര്‍ശനമായി നിന്ന് പാചകം ചെയ്യത്തക്കവിധം വേണം കിച്ചണ്‍ഹോബ് മുതലായവ നിര്‍മിക്കാന്‍. ഒന്നില്‍ കൂടുതല്‍ അടുക്കള ഒരു ഗൃഹത്തില്‍ നിര്‍മിക്കുന്നതില്‍ തെറ്റില്ല. വര്‍ക്ഏരിയയില്‍ പാരമ്പര്യരീതിയില്‍ അടുപ്പിന് സ്ഥാനം നല്‍കുന്ന രീതിയും സ്വീകാര്യമാണ്. വിറക് കത്തിച്ചു പാചകം ചെയ്യുന്ന സ്ഥാനം ഗൃഹത്തിനു പുറത്തായി പ്രത്യേകം നിര്‍മിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഇതിനൊന്നും വാസ്തുശാസ്ത്രപരമായി യാതൊരു കുഴപ്പവുമില്ല. എല്ലാ സ്ഥാനത്തും കിഴക്കോട്ടു തിരിഞ്ഞുനിന്ന് അഗ്നിജ്വലിപ്പിക്കുന്ന രീതി അവംബിക്കണമെന്നു മാത്രം. അടുക്കളയ്ക്കുള്ളില്‍ വടക്കുകിഴക്കോട്ടു ചേര്‍ന്നോ കിഴക്കുഭാഗത്തായോ തെക്കുകിഴക്കോട്ടു ചേര്‍ന്നോ സൌകര്യം പോലെ അടുപ്പ് ക്രമീകരിക്കാവുന്നതാണ്. അടുക്കളയില്‍ പാത്രം കഴുകുന്ന സിങ്ക് കഴിവതും തെക്കുഭാഗത്ത് വരുന്നത് ഏറെ നന്നായിരിക്കും. ഇത് തുറസ്സായ ജനാല വരുന്ന ഭാഗത്ത് നല്‍കുന്നതും ഏറെ നല്ലതാണ്. കിച്ചണ്‍ ഹോബ് നല്‍കാനുദ്ദേശിക്കുന്ന ഭാഗത്ത് കഴിവതും ജനാല നല്‍കാതിരിക്കുന്നതാണ് നല്ലത്. പാതകത്തിന്റെ ഉയരം 65 സെമീ മുതല്‍ 75 സെമീക്കുള്ളില്‍ ക്രമീകരിക്കുന്നതാണ് ആയാസരഹിതമായ പാചകത്തിനു നല്ലത്. ഇത് വീട്ടമ്മയുടെ ഉയരത്തിനനുസരിച്ചു ക്രമീകരിക്കേണ്ടതാണ്.

അടുക്കളയില്‍ ഗ്യാസ് സിലണ്ടര്‍ മുറിയുടെ പുറത്ത് വെളിയിലായി സുരക്ഷിതമായി വയ്ക്കാനുള്ള അറ നല്‍കുന്നത് ഏറെ നല്ലതായിരിക്കും. അടുക്കളയില്‍ കഴിവതും തറയോട് ഒഴിവാക്കുക. മാറ്റ് ഫിനിഷ്ഡ് സെറാമിക് ടൈല്‍, ഗ്രാനൈറ്റ് എന്നിവയിലേതെങ്കിലുമായിരിക്കും ഫ്ളോറിങ്ങിന് ഏറ്റവും അഭികാമ്യം. മോഡുലര്‍ കിച്ചണ്‍ പണിയാന്‍ ആണെങ്കില്‍ സ്ളാബ് വാര്‍ത്തിടേണ്ട കാര്യമില്ല. ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍ മുതലായവയ്ക്ക് അടുക്കളയിലും വര്‍ക് ഏരിയയിലുമായി പോക്കറ്റ് സ്പേസ് നല്‍കുന്നതും ഏറെ പ്രയോജനപ്രദമാണ്. കുറഞ്ഞ വലുപ്പത്തില്‍ പരമാവധി ക്രമീകരണങ്ങളോടു കൂടിയ അടുക്കള വീട്ടമ്മയുടെ അധ്വാനം കുറയ്ക്കും.

അടുക്കളയോടു ചേര്‍ന്ന് ടോയ്ലറ്റ് വരുന്നത് വാസ്തുപരമായി കുഴപ്പമില്ല. പ്രത്യേകിച്ച് ഇന്നത്തെ ടോയ്ലറ്റുകള്‍ എല്ലാം ഗാമര്‍ റൂമുകള്‍ ആണല്ലോ. അടുക്കളയോടു ചേര്‍ന്നു പൂജാമുറി വരുന്നതും വാസ്തുവിരുദ്ധമല്ല (ഒരേ ഭിത്തിക്കിരുപുറം). തടിയുടെ ഉപയോഗം പരമാവധി കുറച്ച് ആധുനികമായ രൂപകല്‍പനകള്‍ സ്വീകരിച്ച് വാസ്തുപരമായ അടിസ്ഥാനതത്വങ്ങളും ഉള്‍ക്കൊണ്ടു വേണം അടുക്കള ക്രമീകരിക്കാന്‍.

വിലാസം:

മനോജ് എസ്. നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള

വാസ്തുവിദ്യയുടെ താന്ത്രിക ബന്ധം



വേദങ്ങളില്‍ നിന്നാണു വാസ്തുവിദ്യ രൂപപ്പെട്ടത് എന്ന ദര്‍ശനമാണു നാം സംവത്സരങ്ങളായി പിന്തുടരുന്നത്. ഭാരതത്തില്‍ 'വൈദിക മായ കാഴ്ചപ്പാടിലൂടെ വാസ്തുവിദ്യയെ ദര്‍ശിക്കുന്നവരാണു കൂടുതലും. കേരളം, ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങളിലാണു പൊതുവെ താന്ത്രികമായ ചിന്താധാരകള്‍ക്കു കൂടുതല്‍ പ്രാധാന്യമുള്ളത്. താന്ത്രിക വൈദിക പാരമ്പര്യങ്ങള്‍ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നതാണ് കേരളത്തിന്‍െറ വാസ്തുപാരമ്പര്യം എന്നും പറയാം.

എന്നാല്‍, വാസ്തുവിദ്യയ്ക്കു വൈദികബന്ധത്തെക്കാള്‍ കൂടുതല്‍ താന്ത്രികബന്ധമാണുള്ളത് എന്നതാണു വാസ്തവം. വാസ്തുവിലെ വൈദിക താന്ത്രിക വഴികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും രണ്ടിന്‍െറയും ലക്ഷ്യം ഒന്നുതന്നെയാണ് എന്നതും മനസ്സിലാക്കണം. ഒരിടത്തേക്കു തന്നെയുള്ള രണ്ടു വഴികളാണ് താന്ത്രിക വൈദിക സിദ്ധാന്തങ്ങള്‍. താന്ത്രിക സിദ്ധാന്തത്തില്‍ ഭൌതിക ജീവിതത്തിനാണ് ഊന്നല്‍. അതായത് ആഗ്രഹങ്ങള്‍ സഫലീകരിച്ച് ആധ്യാത്മിക ഉന്നതിയിലെത്തിച്ചേരാനുള്ള വഴി അത് ഒരുക്കുന്നു. വൈദിക സിദ്ധാന്തത്തിലാകട്ടെ ആധ്യാത്മികതയ്ക്കാണ് ഊന്നല്‍. ഭൌതികത നിരാകരിച്ച് ആധ്യാത്മിക ഉന്നതിയിലെത്താനുള്ള വഴി അതു കാണിച്ചുതരുന്നു.

വാസ്തുമണ്ഡല രൂപകല്‍പന, വാസ്തുപുരുഷ സംവിധാനം ഇതെല്ലാം വാസ്തു താന്ത്രികാധിഷ്ഠിതമാണ് എന്നതിന്‍െറ ഉത്തമദൃഷ്ടാന്തങ്ങളാണ്. ഇത്തരത്തില്‍വാസ്തുവിദ്യയെ മനസ്സിലാക്കുന്നതിന് വേദങ്ങളിലുള്ള അറിവു മാത്രമല്ല, താന്ത്രികമായ സമീപനവും അത്യാവശ്യമാണ്. അപ്പോള്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വാസ്തുവിദ്യയെ ഉള്‍ക്കൊള്ളാനാകൂ. ഈ താന്ത്രിക ബന്ധം ശാസ്ത്രീയമായി സമര്‍ഥിക്കാന്‍ കഴിയുമ്പോള്‍ മþത്രമേ വാസ്തുവിന്‍െറ വിശ്വാസ്യത പൂര്‍ണമാകൂ. ഈ അറിവും പരിജ്ഞാനവും പണ്ഡിതന്മാരില്‍ മാത്രം ഉണ്ടായാല്‍ പോര മറിച്ച് കര്‍മ്മരംഗത്തുള്ള സാങ്കേതിക വിദഗ്ധര്‍, നിര്‍മാതാക്കള്‍ എന്നിവരിലും എത്തണം.

വാസ്തുവിദ്യയ്ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയെടുക്കുകയും ഒപ്പം ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള വാസ്തു ദര്‍ശനങ്ങള്‍ സമന്വയിപ്പിച്ച് അറിവ് രൂപപ്പെടുത്തുകയുമായിരുന്നു രാജ്യാന്തര വാസ്തു സെമിനാറിന്‍െറ ലക്ഷ്യം. ബനാറസ് ഹിന്ദു സര്‍വകലാശാലയും വാസ്തു സദന്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ മൌലങ്കാര്‍ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാര്‍.

മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറില്‍ വാസ്തു സംബന്ധിയായ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടന്നു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കാലടി സര്‍വകലാശാല വാസ്തുവിദ്യാ വിഭാഗം മേധാവി ഡോ.പി.വി. ഔസേഫും പങ്കെടുത്തു.

ടോയ്‌ലെറ്റിന്റെ എണ്ണം കുറക്കാം



ഗൃഹത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ ഭാഗമായി ഇന്ന് ടോയ്ലൈറ്റുകള്‍ മാറിയിരിക്കുകയാണ്. കക്കൂസും കുളിക്കാനുള്ള സ്ഥലവും ഒന്നിച്ചുള്ള രീതിയാണ് ഇന്ന് ഏറ്റവും അധികം പ്രചാരത്തിലുള്ളത്. അടിസ്ഥാനപരമായ വാസ്തുഗ്രന്ഥങ്ങളില്‍ ഗൃഹത്തിനുള്ളിലെ ടോയ്ലറ്റിനെക്കുറിച്ച് പ്രത്യേക പ്രതിപാദ്യമൊന്നുമില്ല. എന്നാല്‍, പിന്നീട് വന്ന ഭാഷാഗ്രന്ഥങ്ങളിലും മറ്റും പുരീഷാലയം എന്ന പേരില്‍ ടോയ്ലറ്റിനെപ്പറ്റി പറയുന്നുണ്ട്. വാസ്തുപരമായി ഗൃഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗൃഹത്തിന്റെ നാലു മൂലകളിലും ടോയ്ലറ്റ് ഒഴിവാക്കുക എന്നതാണ്. നാലു മൂലകളും ഒഴിവാക്കാന്‍ സാധിക്കാത്തപക്ഷം ഏറ്റവും കുറഞ്ഞത് തെക്കുപടിഞ്ഞാറും വടക്കുകിഴക്കും ഒഴിവാക്കുക. മൂലകളില്‍ ഡ്രസ് ഏരിയ വരത്തക്കവിധം സ്പേസ് നല്‍കി ഇവയെ ഒഴിവാക്കാവുന്നതാണ്.

ഗൃഹം ഏതു ഭാഗത്തേക്കാണോ ദര്‍ശനമായി വരുന്നത് അതിനു വിപരീത ദിശയില്‍ മധ്യഭാഗത്തായി ടോയ്ലറ്റ് നല്‍കാതിരിക്കുക. പൂജാമുറിയും ടോയ്ലറ്റും ഒരേ ഭിത്തി പങ്കുവയ്ക്കുന്നതും ഒഴിവാക്കേണ്ടതാണ്. നാലുകെട്ടുകളാണെങ്കില്‍ നാലുദിക്കിലെയും ശാലകളുടെ മധ്യഭാഗത്തില്‍ ടോയ്ലറ്റ് നല്‍കാതിരിക്കുക. സാധാരണയായി ഒരു ഗൃഹത്തില്‍ മൂന്നു ടോയ്ലറ്റുകള്‍ ധാരാളമാണ്. ഇതിലധികമായി ടോയ്ലറ്റുകള്‍ നല്‍കുമ്പോള്‍ അതു വാസ്തുപരമായും ധനപരമായും ഗുണക്കുറവുണ്ടാക്കുന്നതാണ്.

സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം

സാധാരണയായി ഒരു കോമണ്‍ ടോയ്ലറ്റും ഒരു അറ്റാച്ഡ് ടോയ്ലറ്റും താഴത്തെ നിലയിലും മുകളിലും ഒരു അറ്റാച്ഡ് ടോയ്ലറ്റും മാത്രമാണ് ആവശ്യമായി വരിക. ടോയ്ലറ്റില്‍ വെറ്റ് ഏരിയ, ഡ്രൈ ഏരിയ എന്നിങ്ങനെ വേര്‍തിരിവോടുകൂടി ഇവ സംവിധാനം ചെയ്യാം. ടോയ്ലറ്റിന്റെ എണ്ണം കൂടുമ്പോള്‍ അവ ശുചിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഗൃഹത്തിലുണ്ടോ എന്നു പരിശോധിക്കണം. പല വിധത്തിലും വിലയിലുമുള്ള ടോയ്ലറ്റ് ഫിറ്റിങ്സ് ലഭ്യമാണ്. ആവശ്യമറിഞ്ഞുള്ള ഇവയുടെ തിരഞ്ഞെടുപ്പ് ചെലവു കുറയ്ക്കും. സെപ്റ്റിക് ടാങ്കുകളുടെ സ്ഥാനം വളരെയധികം ആശയകുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്. ഇതിന് ഗൃഹത്തിന്റെ നാലുകോണുകളും മധ്യഭാഗങ്ങളും തെക്കുഭാഗവും ഒഴിച്ച് മറ്റുഭാഗങ്ങളിലാണ് സ്ഥാനം നല്‍കേണ്ടത്. ഇതിനര്‍ഥം തെക്കുഭാഗത്ത് ടോയ്ലറ്റ് ഒഴിവാക്കണം എന്നല്ല മറിച്ച് അതിന്റെ സെപ്റ്റിക് ടാങ്ക് തെക്കുഭാഗത്തു നിന്ന് ഒഴിവാക്കണം എന്നതാണ്. വീടിനുള്ളില്‍ മുറികളുടെ അടിയിലായി സെപ്റ്റിക് ടാങ്ക് നല്‍കുന്നത് ഉചിതമല്ല. പൊതുവേ പറഞ്ഞാല്‍ ആവശ്യത്തിനു മþത്രമായി ടോയ്ലറ്റുകള്‍ വിന്യസിക്കുന്നതാണ് ഏറ്റവും ഉചിതം.

ഒരു വീട്ടില്‍ മൂന്നില്‍ക്കൂടൂതല്‍ ടോയ്ലറ്റുകള്‍ നല്‍കുമ്പോള്‍ അത് വാസ്തുപരമായും ധനപരമായും ഗുണക്കുറവുണ്ടാക്കുന്നതാണ്. വീടുനിര്‍മാണത്തില്‍ വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി തിരിച്ചറിയാം.

സ്ഥാന പ്രധാനം വാസ്തു



വാസ്തുവിദ്യപ്രകാരം വീടിന്‍െറ ദര്‍ശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങള്‍ മാറുന്നില്ല. ദര്‍ശനം ഏതു ദിക്കിലേക്കായാലും മുറികള്‍ക്കു പൊതുവായ സ്ഥാനമാണ് വാസ്തുവിദ്യയിലുള്ളത്. ബജറ്റും ഡിസൈനുമനുസരിച്ചു പദയോനിപ്പെടുത്തി എടുത്ത മുറികളാണ് അഭികാമ്യം.

ഓരോ മുറിക്കും പ്രത്യേകതരം അളവുകള്‍ സ്വീകരിക്കുന്ന രീതിയും വാസ്തുവിലില്ല. സിറ്റ് ഔട്ട്, സ്റ്റോര്‍, കാര്‍പോര്‍ച്ച്, വര്‍ക് ഏരിയ, സ്റ്റെയര്‍കെയ്സ് റൂം തുടങ്ങിയവയുടെ ഉള്ളളവുകള്‍ക്ക് വാസ്തുപരമായ അളവുകള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ല.

കിഴക്കു ദര്‍ശനമായുള്ള വീടിന്‍െറ രൂപകല്പനയിലും ക്രമീകരണത്തിലും ധാരാളം സ്വാതന്ത്യ്രമുണ്ടാകും. വടക്കു ദിക്കും ഏറെക്കുറെ കിഴക്കു ദിക്കുപോലെത്തന്നെയാണ്. എന്നാല്‍, തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദര്‍ശനമായുള്ള വീടിന്‍െറ രൂപകല്പനയില്‍ പരിമിതികളുണ്ട്.

സിറ്റ് ഔട്ട് / വരാന്ത വീടിന്‍െറ പ്രധാനപ്പെട്ട ഭാഗമാണ് വരാന്ത. വീടിന്‍െറ വിസ്താരത്തിന്‍െറ മൂന്നിലൊന്നു വിസ്താരം പൂമുഖത്തിനു വേണമെന്നാണ് പുരാതനഗ്രന്ഥങ്ങളില്‍ പറയുന്നത്. വീടിന്‍െറ ദര്‍ശനഭാഗം നിറഞ്ഞു നില്‍ക്കുന്ന ചെറിയ തൂണുകളോടു കൂടിയ വരാന്തയാണ് പഴയ വീടുകളുടെ സൌന്ദര്യത്തിന്‍െറ പ്രധാന ഘടകം.

എന്നാല്‍, ആധുനിക രൂപകല്പനയില്‍ വരാന്തയുടെ വകഭേദങ്ങളാണ് സിറ്റ് ഔട്ട് / പോര്‍ട്ടിക്കോ / ഫോയര്‍ എന്നിവ. ഇതിനായി വീടിന്‍െറ മുന്‍ഭാഗത്തു 'കട്ടിങ്സ് നല്‍കേണ്ടി വരുന്നു. 'കട്ടിങ്സ് വരുമ്പോള്‍ വീടിന്‍െറ വടക്കു കിഴക്കേ കോണില്‍ വരുന്നതാണ് ഉചിതം. കാര്‍പോര്‍ച്ച്, എന്‍ട്രി, സിറ്റ് ഔട്ട് എന്നിവ വടക്കു കിഴക്കേ കോണില്‍ വരുന്നത് ഏറെ അഭികാമ്യമാണ്.

ഇപ്പോള്‍ പൂമുഖവും വരാന്തയോടനുബന്ധിച്ചുള്ള പൂമുഖവും തരംഗമായി തിരിച്ചു വന്നിട്ടുണ്ട്. തൂണ്‍, ചാരുപടി തുടങ്ങിയവ ഉള്‍ക്കൊണ്ട പരമ്പരാഗത രീതിയിലുള്ള വരാന്തയുടെ നിര്‍മാണം ചെലവേറിയതാണ്. തടികൊണ്ടുള്ള നിര്‍മാണം നിരുത്സാഹപ്പെടുത്തുകയാണ് ചെലവു കുറയ്ക്കാനുള്ള വഴി.

വാസ്തുപരമായി കാര്‍പോര്‍ച്ച് വീടിനോടു ചേര്‍ന്നല്ലാതെ മാറ്റി നല്‍കുന്നതാണ് ഉചിതം. പക്ഷേ, ആധുനിക ജീവിതശൈലിയുടെ ഭാഗമായി വീടിനോടു ചേര്‍ത്ത് കാര്‍പോര്‍ച്ച് നല്‍കാറുണ്ട്. ഇതില്‍ അപാകതയൊന്നുമില്ല.

പ്രധാനവാതില്‍ വീടിന്‍െറ മധ്യത്തില്‍ നിന്ന് അല്പം മാറ്റി (മധ്യത്തിലാണെന്നു തോന്നിക്കും വിധം) പ്രധാന വാതില്‍ വയ്ക്കുന്നതാണ് ഉചിതം. ഇതിനര്‍ഥം ഇങ്ങനെയല്ലാത്ത വാതിലുകള്‍ വാസ്തുവിരുദ്ധമായി കരുതണമെന്നല്ല. മറിച്ചാണെങ്കില്‍ കൂടുതല്‍ നല്ലത് എന്നേ ഉള്ളൂ.

സ്വീകരണമുറി തെക്ക്, തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വീടിന്‍െറ മധ്യം എന്നിവിടങ്ങളാണ് സ്വീകരണമുറിക്ക് ഉചിതം. എന്നിരുന്നാലും ഡിസൈന്‍ അനുസരിച്ച് മറ്റുള്ള മുറികള്‍ക്ക് പ്രാമുഖ്യം നല്‍കി ശേഷിക്കുന്ന ഭാഗം സ്വീകരണമുറിയായി രൂപപ്പെടുത്തിയെടുക്കാം. പക്ഷേ, ലിവിങ്ങില്‍ സോഫയും കസേരയും ഇടുമ്പോള്‍ അധികമാളുകളും കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി ഇരിക്കത്തക്ക വിധം ക്രമീകരിക്കുന്നതാണ് ഉത്തമം.

ചില ആധുനിക വീടുകളില്‍ ലിവിങ് റൂം ഒരു പടി താഴ്ത്തി നല്‍കാറുണ്ട്. പക്ഷേ, ഗൃഹത്തിന്‍െറ തറനിരപ്പ് സമാനമായി ഇരിക്കുന്നതാണ് ഏറ്റവും അഭികാമ്യം. വടക്കോ കിഴക്കോ ദര്‍ശനമായ ഗൃഹത്തില്‍ വടക്കുഭാഗത്തോ കിഴക്കു ഭാഗത്തോ ഉള്ള പൂമുഖവും സ്വീകരണമുറിയും താഴ്ത്തിയിടുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ തെക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളിലേക്കു ദര്‍ശനമായുള്ള ഗൃഹത്തിന്‍െറ മുന്‍ഭാഗം താഴ്ത്തി പണിയുന്നത് അഭികാമ്യമല്ല.

പൂജാമുറി വീടിന്‍െറ വടക്കു കിഴക്കേ കോണിലും തെക്കു പടിഞ്ഞാറേ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തിലും പൂജാമുറിക്കു സ്ഥാനം നല്‍കാം. വീടിന്‍െറ മധ്യഭാഗത്തും വെന്‍റിലേഷനുണ്ടെങ്കില്‍ പൂജാമുറി പണിയാം. ഏറ്റവും ചെറിയ പൂജാമുറിക്ക് 1.5*1.5 മീറ്റര്‍ ധ്വജ യോനി കണക്ക് അഭികാമ്യമാണ്. നാലുകെട്ടിലാണെങ്കില്‍ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നതാണ് അഭികാമ്യം. വടക്കുകിഴക്കും കിഴക്കും ഉള്ള പൂജാമുറിയില്‍ പടിഞ്ഞാറു ദര്‍ശനമായി ആരാധനാമൂര്‍ത്തികളുടെ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ വയ്ക്കാം. തെക്കുപടിഞ്ഞാറും പടിഞ്ഞാറും ഉള്ള പൂജാമുറിയില്‍ കിഴക്കുദര്‍ശനമായും വയ്ക്കാം. വിളക്കു കൊളുത്തുമ്പോള്‍ രണ്ടു തിരിയിട്ട് കൊളുത്തുന്നത് ഉത്തമമാണ്.

അടുക്കള ഗൃഹത്തിന്‍െറ വടക്കുകിഴക്കേ കോണായ ഈശാനകോണും തെക്കുകിഴക്കേ കോണായ അഗ്നികോണിലുമാണ് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥാനം. വടക്കു പടിഞ്ഞാറേ കോണിലും അടുക്കളയ്ക്കു സ്ഥാനം നല്‍കുന്നതില്‍ തെറ്റില്ല. അടുക്കളയില്‍ പാതകം ക്രമീകരിക്കുമ്പോള്‍ കിഴക്കു ദര്‍ശനമായി നിന്നു പാചകം ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് നല്ലത്. നിവൃത്തിയില്ലെങ്കില്‍ വടക്കോട്ടു ദര്‍ശനമായി നിന്നും പാചകം ചെയ്യാം. മറ്റു രണ്ടു ദിക്കുകളും നിഷിദ്ധമാണ്.

തെക്കുപടിഞ്ഞാറേ കോണില്‍ യാതൊരുകാരണവശാലും അടുക്കള നല്‍കരുത്. അടുക്കളയുടെ കിഴക്കു മധ്യത്തിലോ വടക്കുകിഴക്ക് കോണിലോ തെക്കുകിഴക്ക് കോണിലോ ആയി അടുപ്പുകള്‍ സ്ഥാപിക്കാം. തീ കത്തിക്കുന്ന അടുപ്പ് ആണെങ്കില്‍ ഒന്ന് അല്ലെങ്കില്‍ മൂന്ന് എണ്ണം നല്‍കുന്നതാണ് ഉചിതം.

ആധുനിക രീതിയിലുള്ള അടുക്കളയുടെ സജ്ജീകരണത്തില്‍ സ്റ്റോര്‍ അധികപറ്റാണ്. മോഡുലാര്‍ കിച്ചണ്‍ സര്‍വസാധാരണമായ ഇക്കാലത്ത് സ്റ്റോറേജിനായി പ്രത്യേകമുറിയുടെ ആവശ്യമില്ല. പ്രധാന അടുക്കളയില്‍ ഗ്യാസ് അടുപ്പ് വച്ച് വര്‍ക് ഏരിയയില്‍ തീകത്തിക്കുന്ന പതിവുണ്ട്. അല്ലെങ്കില്‍ പുകയടുപ്പ് വീടിനു പുറത്തു നല്‍കുന്ന രീതിയുമുണ്ട്.

ഊണുമുറി അടുക്കളയ്ക്കു പറഞ്ഞ സ്ഥാനങ്ങളൊക്കെ ഊണുമുറിക്കും ഉപയോഗയോഗ്യമാണ്. അതു കൂടാതെ വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ഊണുമുറി നല്‍കാം.

ദീര്‍ഘചതുരാകൃതിയിലുള്ള ഊണുമുറിയാണ് അഭികാമ്യം. ഊണുമേശയുടെ ആകൃതി ഏതായാലും കുഴപ്പമില്ല. പക്ഷേ, കൂടുതല്‍ ആളുകള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും അഭിമുഖമായി ഇരിക്കാവുന്ന രീതിയില്‍ വേണം ഊണുമേശ ഇടാന്‍. അതായത് തെക്കുവടക്കായി ഊണുമേശ ഇടണമെന്ന് അര്‍ഥം.

കിടപ്പുമുറി നാലുകെട്ട് ശൈലിയിലുള്ള വീടുകളില്‍ ബെഡ്റൂം തെക്കിനിയിലോ പടിഞ്ഞാറ്റിനിയിലോ നല്‍കുന്നതാണ് നല്ലത്. സാധാരണ വീടുകളില്‍ തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കിടപ്പുമുറി നല്‍കുന്നത് ഏറെ ഉചിതമാണ്. തല കിഴക്കോട്ടോ തെക്കോട്ടോ വച്ചു കിടക്കത്തക്ക വിധം വേണം കട്ടില്‍ ഇടാന്‍.

അനാവശ്യമായ അലങ്കാരങ്ങളും അലമാരകളും ഇല്ലാതെ കട്ടിലും കിടക്കയും മാത്രം ഇടാവുന്ന ചെറിയ കിടപ്പുമുറിയാണ് ഉചിതം. അനാവശ്യമായ ബെര്‍ത്ത്, ഷെല്‍ഫ് എന്നിവയൊക്കെ മുറിയുടെ അളവിന്‍െറ പൂര്‍ണതയെ ബാധിക്കും. കാബിനറ്റുകള്‍ കിടപ്പുമുറിയോടു ചേര്‍ന്നുള്ള ഡ്രസിങ് ഏരിയയില്‍ നല്‍കി അവിടെ നിന്ന് ടോയ്ലറ്റിലേക്കു കയറുന്നതാണ് ഉചിതം.

ബാത്റൂം പൂജാമുറിക്കു പറഞ്ഞ സ്ഥാനങ്ങളെല്ലാം ടോയ്ലറ്റിനു വര്‍ജ്യമാണ്. പൂജാമുറിയുടെ ഭിത്തിയോടു ചേര്‍ന്നു ബാത്റൂം പണിയരുത്. അടുക്കളയോടു ചേര്‍ന്നു ബാത്റൂം പണിയുന്നതു ശരിയല്ലെന്നൊരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ അതില്‍ വാസ്തുപരമായി തെറ്റില്ല. നാലു കോണുകളും വീടിന്‍െറ മധ്യവും ഒഴിവാക്കി വേണം ടോയ്ലറ്റിനു സ്ഥാനം കാണാന്‍. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകള്‍ നിശ്ചയമായും ഒഴിവാക്കണം. ഡിസൈന്‍ അനുസരിച്ചു സൌകര്യപ്രദമായ രീതിയില്‍ ക്ലോസറ്റ് സ്ഥാപിക്കാം. അതിനു പ്രത്യേകം സ്ഥാനമൊന്നും നിര്‍ദേശിച്ചിട്ടില്ല.

ഡ്രൈ ഏരിയയും വെറ്റ് ഏരിയയും തമ്മില്‍ വേര്‍തിരിക്കാനായി വെറ്റ് ഏരിയ അല്പം താഴ്ത്തി നല്‍കുന്ന പ്രവണതയുണ്ട്. എന്നാല്‍, തെക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള ടോയ്ലറ്റുകള്‍ ഇങ്ങനെ താഴ്ത്തി നല്‍കുന്നത് അഭികാമ്യമല്ല. വടക്കു ഭാഗത്തും കിഴക്കു ഭാഗത്തും തറ താഴ്ത്തി നല്‍കാം.

ഹോം തിയറ്റര്‍ പണ്ടുകാലത്ത് വിനോദങ്ങള്‍ക്കായി വീടിനു പുറത്ത് വലതുവശത്തായി മണ്ഡപങ്ങള്‍ പണിതിരുന്നു. ആധുനിക രൂപകല്പനയില്‍ മുകളിലെ നിലയിലെ ഓപ്പണ്‍ ടെറസ്, ഓപ്പണ്‍ വരാന്ത എന്നിവ വിനോദങ്ങള്‍ക്കായി ഉപയോഗിക്കാം. വടക്കുപടിഞ്ഞാറേ ഭാഗത്ത് ഹോംതിയറ്റര്‍ സജ്ജീകരിക്കാം. മുകളിലെ നിലയിലെ ലോഞ്ച് ഹോംതിയറ്ററിന് അനുയോജ്യമാണ്. ഊണുമുറിയില്‍ തന്നെ ടിവി വയ്ക്കുന്ന പ്രവണതയും ഉണ്ട്. ഇതിനും കുഴപ്പമില്ല. പഠനമുറി, പൂജാമുറി എന്നിവയില്‍ നിന്ന് ദൂരം പാലിച്ചു ക്രമീകരിക്കാം.

പഠനമുറി, വ്യായാമ മുറി, യൂട്ടിലിറ്റി പഠനമുറി വടക്കുഭാഗത്ത് വരുന്നതാണ് ഉത്തമം. വടക്ക് അഭിമുഖമായോ കിഴക്ക് അഭിമുഖമായോ ഇരുന്നു പഠിക്കുന്നതാണ് നല്ലത്.

വ്യായാമം, യോഗ, തെറപ്പി തുങ്ങി ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തെക്കു പടിഞ്ഞാറും പടിഞ്ഞാറുമാണ് ഉത്തമം. വടക്കുപടിഞ്ഞാറ് യൂട്ടിലിറ്റി റൂമിനു സ്ഥാനം നല്‍കാവുന്നതാണ്.

സ്റ്റെയര്‍കെയ്സ് സ്റ്റെയര്‍കെയ്സ് തെക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ആയി വരുന്നതു ഗുണകരമാണ്. ഘടികാരസൂചികള്‍ കറങ്ങുന്ന ദിശയില്‍ മുകളിലേക്കു കയറുന്ന രീതിയിലുള്ള ഗോവണിയാണ് അനുയോജ്യം. പ്രധാനവാതില്‍ തുറക്കുമ്പോള്‍ സ്റ്റെയര്‍കെയ്സ് കാണുന്നതുകൊണ്ട് കുഴപ്പമില്ല. മറിച്ചൊരു ധാരണ ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റെയര്‍കെയ്സ് ഗൃഹമദ്ധ്യത്തിലും പ്രധാനവാതില്‍ ഗൃഹമധ്യത്തില്‍ തന്നെ നേര്‍ക്കു നേരെ വരുമ്പോഴാണ് സ്റ്റെയര്‍കെയ്സ് വില്ലനാകുന്നത്. ഗൃഹമധ്യത്തിലും പാര്‍ശ്വവശങ്ങളിലെ മധ്യഭാഗത്തും ഗോവണി ഒഴിവാക്കുന്നതാണു നല്ലത്.

കോര്‍ട്ട്യാര്‍ഡിന്‍െറ പാര്‍ശ്വങ്ങളിലോ ധാരാളം വെന്‍റിലേഷനോടെയോ സ്റ്റെയര്‍കെയ്സ് നല്‍കുന്നതും ഗുണപ്രദമാണ്. നാലുകെട്ടിനുള്ളില്‍ ഒരുകാരണവശാലും നടുമുറ്റത്ത് സ്റ്റെയര്‍കെയ്സ് നല്‍കാന്‍ പാടില്ല. ചില വീടുകളില്‍ പുറത്തു നിന്നു സ്റ്റെയര്‍കെയ്സ് നല്‍കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പടിഞ്ഞാറേ പുറത്തു നിന്നോ തെക്കുപുറത്തു നിന്നോ കയറുന്ന രീതിയില്‍ നല്‍കാം.

ഏതവസ്ഥയിലും തെക്കുപടിഞ്ഞാറേ കോണ്‍പൂര്‍ണമായി നില്‍ക്കുന്ന രീതിയില്‍ വേണം രൂപകല്പന ചെയ്യാന്‍. ഈ ഭാഗത്ത് കാര്‍പോര്‍ച്ച് കട്ട് ചെയ്തു കയറിവരുന്നത് അപാകതയാണ്. എന്നാല്‍, പുറത്തേക്കു തള്ളി കാര്‍പോര്‍ച്ച് നല്‍കുന്നതില്‍ അപാകതയില്ല. അനാവശ്യമായ തൊങ്ങലുകളും തള്ളലുകളും ഒഴിവാക്കുന്നതു നല്ലതാണ്. വീടുപണി കഴിയുമ്പള്‍ വീടിന് തെക്കുപടിഞ്ഞാറ് ഉയര്‍ന്ന് വടക്കുകിഴക്ക് താഴ്ന്നിരിക്കുന്ന ആകാരമാണ് ഉചിതം. രണ്ടാംനില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറേ മൂല ഒഴിവാക്കി ഗൃഹനിര്‍മിതി അരുത്.

ഇളം നിറങ്ങള്‍ നല്ലത് പച്ച, നീല എന്നിവയുടെ ഇളം ഷെയ്ഡുകള്‍ ആണ് വീടിനുള്‍വശത്ത് അഭികാമ്യം. വീടിനു പുറത്ത് വെള്ളനിറത്തോളം അഭികാമ്യമായി മറ്റു നിറങ്ങളില്ല. ചുവരുകള്‍ക്ക് കറുപ്പുനിറവും ചാരനിറവും കടുംമഞ്ഞയും കടുംചുവപ്പും ഒഴിവാക്കാം. വെള്ളയുടെ പല ഷെയ്ഡുകളാണ് ഫ്ളോറിങ്ങിന് കൂടുതലായും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്. വീടിനെ പ്രകാശമാനമാക്കാന്‍ ഇതു നല്ലതാണ്. കടുത്ത നിറങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. തടികൊണ്ട് ഫോള്‍സ് സീലിങ് ചെയ്യുമ്പോള്‍ തടിയുടെ ഗുണമേന്മയ്ക്കും ഉത്ഭവത്തിനും വാസ്തുവില്‍ ഏറെ പ്രാധാന്യമുണ്ട്.

ഓമനമൃഗങ്ങള്‍ വീടിനുപുറത്ത് അക്വേറിയം, വീട്ടിനുള്ളിലെ ചെടികള്‍, പക്ഷികള്‍, വാട്ടര്‍ ഫൌണ്ടന്‍ പോലെയുള്ള ഒഴുകുന്ന ജലസാന്നിധ്യം എന്നിവ ഒഴിവാക്കാം. വീട് മനുഷ്യനു വസിക്കാനുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് അതാതിന്‍െറ സ്ഥാനം വീടിനു പുറത്ത് നിര്‍ദേശിക്കുന്നുണ്ട്. വീട്ടിനുള്ളിലും പുറത്തും മുള്ളുള്ള ചെടികള്‍ നടുന്നതും ഉചിതമല്ല.

എല്ലാ സ്ഥാനവും അതിന്‍െറ പൂര്‍ണരൂപത്തില്‍ ആവിഷ്കരിച്ചുകൊണ്ട് രൂപകല്പന നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഗൃഹനാഥന്‍ അധികപ്രാമുഖ്യം നല്‍കുന്ന ഘടകങ്ങള്‍ക്കു പ്രാധാന്യം നല്‍കി മറ്റുള്ളവയ്ക്കു ദോഷങ്ങള്‍ ഒഴിവാക്കിയുള്ള ശൈലി സംയോജിപ്പിച്ച് രൂപകല്പന ചെയ്യുകയാണ് വാസ്തുവിദഗ്ധന്‍ ചെയ്യേണ്ടത്.

1:1:5 എന്ന അനുപാതം ഉള്ളില്‍വരത്തക്ക വിധമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള മുറികളാണ് ഏറ്റവും അഭികാമ്യം. സമചതുരവും ഉപയോഗിക്കാം. എന്നാല്‍, ത്രികോണം, ഷഡ്കോണ്‍, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ മറ്റ് ആകൃതികള്‍ ഒഴിവാക്കണം.

മനോജ് എസ്. നായര്‍ (എംഐഇ)
കണ്‍സള്‍ട്ടിങ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള.

വാസ്തുവും ശാസ്ത്രവും



വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ വാസ്തു നോക്കണം എന്ന നിര്‍ബന്ധം ഇപ്പോള്‍ മിക്കയാളുകളും പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ വാസ്തുവിനെക്കുറിച്ചുളള അജ്ഞത നിലനില്‍ക്കുകയും ചെയ്യുന്നു. മോഡേണ്‍ ആര്‍ക്കിടെക്ചര്‍ എന്നതുപോലെത്തന്നെ വാസ്തുശാസ്ത്രവും കെട്ടിടനിര്‍മാണത്തിനുളള ഒരു വഴിയാണ് എന്നേ ഉളളൂ. വാസ്തുശാസ്ത്രം നിരവധി വിദഗ്ധരുടെ അനേക കാലത്തെ അനുഭവങ്ങളില്‍ നിന്നും അറിവുകളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില നിര്‍ദേശങ്ങള്‍ മാത്രമാണ്.

വാസ്തുവനുസരിച്ച് കെട്ടിടനിര്‍മാണത്തിന് ഒരു വ്യാകരണം ഉണ്ട്. അതു പിന്തുടര്‍ന്നില്ലെങ്കില്‍ അശുഭ കാര്യങ്ങള്‍ സംഭവിക്കാം എന്നേ വാസ്തുശാസ്ത്രം പറയുന്നുളളൂ. മോഡേണ്‍ ആര്‍ക്കിടെക്ചറും നാഷണല്‍ ബില്‍ഡിങ് റൂളും എല്ലാം ഇതുതന്നെയാണ് പറയുന്നത്. അല്ലാതെ വാസ്തു ഒരിക്കലും നിര്‍ബന്ധിതമായ ഒരു കാര്യമല്ല. കെട്ടിടത്തിന്‍െറ വാസ്തുനോക്കുമ്പോള്‍ ഉണ്ടാകാവുന്ന കുറച്ച് സംശയങ്ങളുടെ ഉത്തരങ്ങളാണ് ചുവടെ കൊടുക്കുന്നത്.

1.പ്ലോട്ട് തിരഞ്ഞെടുക്കുന്ന അവസരത്തില്‍തന്നെ വാസ്തു വിദഗ്ധനെ കാണിക്കണം.

വാസ്തുവില്‍ അധിഷ്ഠിതമായി നിര്‍മിക്കുന്ന വീടെന്നു പറയുമ്പോള്‍ പ്ലോട്ടിന്‍െറ സ്ഥാനം എങ്ങനെ എന്നതു മുതല്‍ തുടങ്ങേണ്ടി വരും. പ്ലോട്ടിന്‍െറ ആകൃതി, ദിശ എന്നീ കാര്യങ്ങളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. സാധാരണയായി കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിങ്ങനെ ഏതെങ്കിലും ദിക്കുകളിലേക്കു തിരിഞ്ഞാണ് വീടു നിര്‍മിക്കുന്നത്. വിദിക്കുകളിലേക്കു (വടക്കുകിഴക്ക്, തെക്കു കിഴക്ക്, വടക്കു പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ്) തിരിഞ്ഞ രീതിയില്‍ വീടുവയ്ക്കുന്നത് വാസ്തുശാസ്ത്രം അനുവദിക്കുന്നില്ല. ഇതേ രീതിയില്‍ വിദിക്കുകളിലേക്കു തിരിഞ്ഞിരിക്കുന്ന പ്ലോട്ടും വീടു നിര്‍മാണത്തിന് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഒരു സ്ഥലം വാങ്ങി വീടുവയ്ക്കുകയാണെങ്കില്‍ ചിലപ്പോള്‍ പ്ലോട്ട് റോഡിനെ അഭിമുഖീകരിക്കുന്ന രീതിയിലാകും. എന്നാല്‍ റോഡു തന്നെ ദിക്കിലേക്കാണെങ്കിലോ ? ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ അത്തരം പ്ലോട്ടുകള്‍ ഒഴിവാക്കാം. പക്ഷേ, നേരത്തേ വാങ്ങിയിട്ട പ്ലോട്ടാണെങ്കില്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ വീടിന്‍െറ ഡിസൈനിങ് സമയത്ത് പരിഹരിക്കാം.

2.വീടു നിര്‍മാണത്തിനു പറ്റിയ പ്ലോട്ടിന് ദീര്‍ഘചതുരാകൃതി ഉത്തമം

സമചതുരമാണ് ഏറ്റവും പൂര്‍ണതയുളള ആകൃതി. എന്നാല്‍ മനുഷ്യന്‍ പൂര്‍ണനല്ലാത്തതിനാല്‍ സമചതുരാകൃതിയിലുളള പ്ലോട്ടുകള്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ബ്രാഹ്മണന് സമചതുരത്തോട് ചേര്‍ന്ന ആകൃതിയും ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിങ്ങനെ ഓരോ ജാതികളിലെത്തുമ്പോള്‍ ദീര്‍ഘചതുരാകൃതി കൂടി വരാമെന്നും വാസ്തുശാസ്ത്രം പറയുന്നു. വീടിരിക്കുന്ന സ്ഥലത്തിന്‍െറ ആകൃതിയില്‍ നിന്ന് താമസക്കാരുടെ ജോലി എന്താണെന്നു മനസ്സിലാകാനും എല്ലാവര്‍ക്കും ഭൂമി ലഭിക്കാനുമായിരുന്നിരിക്കണം ഈ നിഷ്കര്‍ഷകള്‍. ദീര്‍ഘചതുരാകൃതിയായ പ്ലോട്ടാണ് വീടുവയ്ക്കാന്‍ നല്ലത് എന്നര്‍ത്ഥം. 1:1:25 ആണ് ഭൂമിക്കുവേണ്ട പൊതു അനുപാതം.

3.വീടിന്‍െറ ദര്‍ശനം ഏതു ദിക്കിലേക്കുമാകാം

ഭാരതീയ ശാസ്ത്രമനുസരിച്ച് കിഴക്കിനും വടക്കിനും പ്രത്യേകതകളുണ്ട്. സൂര്യന്‍ കിഴക്ക് ഉദിക്കുന്നു, അസ്തമിക്കുന്നതു പടിഞ്ഞാറാണ്, ധ്രുവ നക്ഷത്രം ഉദിക്കുന്നത് വടക്കാണ്, തെക്ക് അശുഭകാരിയായ ത്രിശങ്കുവാണുളളത്. ഇതെല്ലാമായിരിക്കും കിഴക്കിനും വടക്കിനും പ്രാധാന്യം കൂടാന്‍ കാരണം. എന്നാല്‍ മറ്റു ദിക്കുകളിലേക്കും ദര്‍ശനം സാധ്യമാണ്.

കിഴക്കോട്ടു ദര്‍ശനമുളള വീട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് വീട് കിഴക്കിന്‍െറ അധിദേവതയെ നോക്കിയിരിക്കുന്നു എന്നതാണ്. വാസ്തു ശാസ്ത്രമനുസരിച്ച് കിഴക്കിന്‍െറ ദേവത ഇന്ദ്രന്‍, ഉപേന്ദ്രന്‍, സൂര്യന്‍ (ഐശ്വര്യം) തുടങ്ങിയവരാണ്. വടക്കിന്‍െറ അധിദേവത കുബേരനും(ധനം) സോമനുമാണ്. തെക്കിന്‍െറ യമനും(ധര്‍മ്മം) പടിഞ്ഞാറിന്‍േറത് വരുണനു (സമാധാനം) മാണ്. വേദകാലത്ത് ഇന്ദ്രനേക്കാള്‍ പ്രാധാന്യം വരുണനായിരുന്നു. അതുകൊണ്ട് പടിഞ്ഞാട്ടു ദര്‍ശനമുളള കിഴക്കിനി ഉത്തമമാണെന്നു വിധിച്ചു. ഇന്ന് ഉയര്‍ച്ചയ്ക്കാണ് മിക്കവരും പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടാണ് കിഴക്കോട്ടു ദര്‍ശനം നല്ലതാണെന്നു പറയുന്നത്. വേദകാലത്ത് തെക്കോട്ടു നോക്കുന്ന ഗൃഹങ്ങള്‍ ശ്രേയസ്കരമായിരുന്നു. കാരണം തെക്കിന്‍െറ ദേവതയായ യമന്‍ ധര്‍മ്മരാജാവാണ്.

വാസ്തവത്തില്‍ ഓരോ മനുഷ്യനും എന്താണ് ആവശ്യം എന്നതനുസരിച്ചാവണം വീടിന്‍െറ ദര്‍ശനം എവിടേക്ക് എന്നു തീരുമാനിക്കാന്‍.

4.ഭൂമിയുടെ ചരിവും വീടും

മനുഷ്യാലയ ചന്ദ്രികയില്‍ കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമി നല്ലത് എന്നു പറയുന്നുണ്ടെങ്കിലും ഇത് ക്ഷേത്രത്തെ ബാധിച്ചക്കുന്നതാണ്. മാത്രമല്ല ഇത് വലിയൊരു ഭൂപ്രദേശത്തെ കണക്കിലെടുത്തു കൊണ്ടാണ് ചെയ്യേണ്ടത്. അതനുസരിച്ചു നോക്കിയാല്‍ കേരളത്തില്‍ വീടു വയ്ക്കാനേ സാധിക്കില്ല. കാരണം കേരളം പടിഞ്ഞാട്ടു ചരിഞ്ഞല്ലേ കിടക്കുന്നത്, അതുകൊണ്ടുതന്നെ ഈ നിയമം വീടു വയ്ക്കുമ്പോള്‍ നോക്കേണ്ടതില്ല.

5.ഓരോ മുറിക്കും ഓരോ പ്രത്യേക സ്ഥാനങ്ങള്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്.

താമസിക്കുകയും വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കുകയുമായിരുന്നു പണ്ടത്തെ മനുഷ്യന്‍ വീടുകൊണ്ടുദ്ദേശിച്ചിരുന്നത്. താമസം എന്നാല്‍ ഉറങ്ങുക എന്നര്‍ഥം. അതുകൊണ്ട് പ്രാധാന്യം സൂക്ഷിക്കുന്ന മുറിക്കായിരുന്നു.

പടിഞ്ഞാറു ദിക്കിനേക്കാള്‍ പ്രാധാന്യം കിഴക്കിനും തെക്കിനേക്കാള്‍ പ്രാധാന്യം വടക്കിനും നമ്മുടെ പൂര്‍വികര്‍ കല്‍പ്പിച്ചു നല്‍കിയിരുന്നു. സൂര്യന്‍ ഉദിക്കുന്നത് കിഴക്കും അസ്തമിക്കുന്നത് പടിഞ്ഞാറുമാണ് എന്നതാകാം കിഴക്കിനു പ്രാധാന്യം കൂടാന്‍ കാരണം. വടക്ക് ശുഭകാരണനായ ധ്രുവനക്ഷത്രവും തെക്ക് ത്രിശങ്കുവുമാണ് എന്നതു വടക്കിനു പ്രാധാന്യം നല്‍കുകയും ചെയ്തിരിക്കാം. അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട മുറിക്ക് വടക്കോ കിഴക്കോ സ്ഥാനം നല്‍കി വന്നു. അങ്ങനെ സാധാനങ്ങള്‍ സൂക്ഷിക്കുന്ന മുറി വടക്ക് അല്ലെങ്കില്‍ കിഴക്ക് വന്നു. താമസിക്കാനുളള മുറി, തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറും. പ്രധാനപ്പെട്ട മുറി കിഴക്കോ വടക്കോ വേണം എന്ന ഈ നിയമം അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മുറികളുടെയും സ്ഥാനം നിര്‍ണയിച്ചിരുന്നത്.

6.അടുക്കള വീടിന്‍െറ വടക്കുകിഴക്കേ ഭാഗത്തുവരണം

പഴയ വീടുകളില്‍ അടുക്കള വീടിനു പുറത്തായിരുന്നു. ഓലപ്പുരകളാണ് അന്നുണ്ടായിരുന്നത് എന്നതിനാല്‍ തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളളതിനാലാണ് ഈ സമ്പ്രദായം പിന്തുടര്‍ന്നിരുന്നത്. മനുഷ്യാലയ ചന്ദ്രികയനുസരിച്ച് ഗൃഹ നിര്‍മിതിയിലല്ല, ഉപനിര്‍മിതികളിലാണ് അടുക്കളയെ കണക്കാക്കിയിരുന്നത്. പ്രധാന കെട്ടിടത്തിനു ചുറ്റുമുളള കിണര്‍, പടിപ്പുര തുടങ്ങിയ നിര്‍മിതികളെല്ലാം തന്നെ ഉപനിര്‍മിതികളാണ്. ഈ ഉപനിര്‍മിതികള്‍ എവിടെയെല്ലാം നിര്‍മിക്കാമെന്നതിനെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഒന്നല്ല, നിരവധി സ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇവയ്ക്കു തിരഞ്ഞെടുക്കാം.

ഓരോ മുറിയുടെയും ധര്‍മ്മമനുസരിച്ചാണ് അവയുടെ സ്ഥാനം നിര്‍ണയിക്കേണ്ടത്. അടുക്കള വളരെ പ്രധാനപ്പെട്ട മുറിയാണ്. കാരണം, ഭക്ഷണം പാകം ചെയ്യല്‍ വളരെ വിശുദ്ധമായ കര്‍മമാണല്ലോ. അങ്ങനെ അടുക്കള ഏറ്റവും മികച്ച വടക്കുകിഴക്കു സ്ഥാനത്തെത്തി. പക്ഷേ, വടക്കുകിഴക്ക് ഉത്തമമാണെങ്കിലും നിര്‍ബന്ധമല്ല. തെക്കു കിഴക്കോ, വടക്കുപടിഞ്ഞാറോ അടുക്കളയാകാം. പക്ഷേ, തെക്കുപടിഞ്ഞാറ് അടുക്കള പതിവില്ല.

7.എന്തെല്ലാം നോക്കണം

പ്ളോട്ടിന്റെ ആകൃതി, ദര്‍ശനം, പ്ളോട്ടില്‍ വീടു വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, വീടിന്റെ ദര്‍ശനം ഇവയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കേണ്ടത്. അതിനുശേഷം വീടിന്റെ ഡിസൈനിങ്ങിന്റെ ഘട്ടത്തിലെത്തുമ്പോള്‍ ഓരോ മുറിയുടെയും അളവുകള്‍, മുറികളുടെ ആനുപാതികമായുള്ള സ്ഥാനം. രണ്ടു നില വീടാണെങ്കില്‍ ഏതെല്ലാം ഭാഗങ്ങള്‍ ഉയര്‍ത്തണം. മുറികളുടെ ഉയരം ഇവയെല്ലാം വാസ്തുവിനെ ബാധിക്കും.

8.തെക്കു പടിഞ്ഞാറ് പുറത്തളം എന്ന സിറ്റ്ഔട്ടിനു മാത്രം അനുയോജ്യം

തെക്കു പടിഞ്ഞാറുളള മുറിയിലായിരിക്കും ഏറ്റവും ചൂട്. അതിനാല്‍ അതിഥി മുറിയായോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ അനുയോജ്യമല്ല, പഴയ തറവാടുകളില്‍ തെക്കുപടിഞ്ഞാറ് പുറത്തളം എന്നു വിളിക്കുന്ന മുറിയായിരുന്നു, പുറത്തളം എന്നാല്‍ പുറത്തെ തളം. അതായത് അവിടത്തെ ചൂട് കാരണം മൂന്നുവശവും തുറന്ന മുറിയായിരിക്കണം. ചാരുകസേരയില്‍ വിശറികൊണ്ട് വീശിക്കിടക്കാന്‍ പറ്റുന്ന ഒരിടമാണ് അത്. ഇപ്പോഴത്തെ സിറ്റ് ഔട്ടാണ് ഈ സ്ഥാനത്തുവരുന്നത്.

9.തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, വടക്കു കിഴക്ക് - കിടപ്പുമുറിക്ക് മൂന്നു സ്ഥാനങ്ങള്‍

കിഴക്കുവശത്ത് പതിനൊന്നുമണിവരെ വെയില്‍ ഉണ്ടാകും. അതു കഴിഞ്ഞാല്‍ സൂര്യന്‍ നീങ്ങിത്തുടങ്ങും. വടക്കുവശത്തും വെയിലിന്‍െറ ശല്യമില്ല. അതുകൊണ്ടുതന്നെ, കാലാവസ്ഥാപരമായി കിടപ്പുമുറിക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം വടക്കു കിഴക്കാണ്. അടുക്കളയ്ക്കും അതുതന്നെയാണ് ഏറ്റവുമനുയോജ്യം. എന്നാല്‍ അടുക്കളയില്‍ തീ ഉപയോഗിക്കേണ്ടതിനാല്‍ കിടപ്പു മുറിയേക്കാള്‍ അടുക്കളയാണ് ഇവിടെ കൂടുതല്‍ യോജിക്കുക. മാത്രമല്ല, കേരളത്തിലെ കാറ്റിന്‍െറ ഗതിയും വടക്കോട്ടും കിഴക്കോട്ടുമായതിനാല്‍ അടുക്കളയില്‍ നിന്നുളള മണം പുറത്തേക്കു പോകാനും ഈ സ്ഥാനം അനുയോജ്യമായിരിക്കും. ഇനി അടുക്കളയുടെ സ്ഥാനം വടക്കുകിഴക്കല്ല എങ്കില്‍ അവിടെ അച്ഛനമ്മമാരുടെ കിടപ്പുമുറിയാകാമെന്ന് വാസ്തു പറയുന്നു.

തെക്കു കിഴക്ക് രാവിലെ കിഴക്കുനിന്നുളള വെയിലുണ്ടാകും, ഉച്ചയ്ക്ക് തെക്കുനിന്നും. എന്നാല്‍ വൈകുന്നേരമാകുമ്പോഴേക്ക് ചൂടു കുറയും. വടക്കു കിഴക്കുപോലെ സുഖപ്രദമല്ലെങ്കിലും തരക്കേടില്ലാത്ത കാലാവസ്ഥയായിരിക്കും ഈ മുറിയില്‍. വടക്കു പടിഞ്ഞാറു മുറിയില്‍ പടിഞ്ഞാറു നിന്നുളള കാറ്റു കിട്ടും. വടക്ക് ചൂട് കുറവുമാണ്. അതിനാല്‍ വടക്കു പടിഞ്ഞാറേ മുറിയും നല്ല കാലാവസ്ഥയുളള മുറിയാണ്. പടിഞ്ഞാറു നിന്നുളള കാറ്റു കിട്ടുന്നതിനാല്‍ വടക്കു പടിഞ്ഞാറിനെ വായുകോണ്‍ എന്നാണു പറയുക. അതുകൊണ്ടു തന്നെ തെക്കുകിഴക്കും, വടക്കുപടിഞ്ഞാറും കിടപ്പു മുറിക്ക് അനുയോജ്യമാണ്.

10.കന്നിമൂലയില്‍ മാത്രമല്ല, ഒരു മൂലയിലും ബാത്റൂം നിര്‍മിക്കരുത്.

കന്നിമൂലയില്‍ ബാത്റൂം നിര്‍മിക്കാന്‍ പാടില്ല എന്നു പറയുന്നവരുണ്ട്. എന്നാല്‍ കന്നിമൂലയില്‍ മാത്രമല്ല, ഒരു മൂലയിലും ബാത്റൂം വരരുത്. മൂലകള്‍ക്കെല്ലാം തുല്യപ്രാധാന്യമുളളതിനാലാണിത്. വാസ്തുശാസ്ത്രമനുസരിച്ച് കിണറിന്‍െറ സ്ഥാനം വടക്കു കിഴക്കാണ്. അപ്പോള്‍ അതിനെതിരായി തെക്കോ പടിഞ്ഞാറോ ആയിരിക്കണം ബാത്റൂമിന്‍െറ സ്ഥാനം. മാത്രമല്ല, കിടപ്പുമുറിയുടെ സ്ഥാനമനുസരിച്ച് ബാത്റൂമുകള്‍ക്ക് സ്ഥാനം കൊടുക്കണം. പ്രാധാന്യമുളള മുറിക്ക് കിഴക്കോ വടക്കോ സ്ഥാനം നല്‍കണം എന്ന നിയമമനുസരിച്ചു നോക്കിയാലും ബാത്റൂമിന് കിടപ്പുമുറിയുടെ തെക്കോ പടിഞ്ഞാറോ ആയേ സ്ഥാനം ലഭിക്കൂ. അപ്പോള്‍ മൂലയില്‍ വരില്ല.

11.ഊണു മുറിയുടെ സ്ഥാനം

അടുക്കള വടക്കുകിഴക്കാണെങ്കില്‍ അതിനടുത്തുതന്നെയായിരിക്കണം ഭക്ഷണം കഴിക്കാനുള്ള ഇടം. അപ്പോള്‍ ഭക്ഷണശാല അതായത് ഡൈനിങ്്റൂം വടക്കുവശത്തോ കിഴക്കുവശത്തോ ആയിരിക്കും. മാത്രമല്ല പഴയകാലത്തെ സമ്പ്രദായമനുസരിച്ച് അതിഥികള്‍ക്ക് ഭക്ഷണം, കൊടുക്കല്‍ അതിവിശിഷ്ടമായ കാര്യമായിരുന്നു. അതുകൊണ്ട് അതിന്റെ സ്ഥാനം വടക്കോ കിഴക്കോ വശത്താകണം. പ്രാര്‍ഥനാമുറി അല്ലെങ്കില്‍ പൂജാ മുറിയും വടക്കോ കിഴക്കോ ആകാം.

12.മുറിയുടെ വലുപ്പത്തിനു പ്രാധാന്യമുണ്ട്.

വാസ്തുശാസ്ത്രമനുസരിച്ച് വീടിന്‍െറ ദിശയും സ്ഥാനവുമെന്നതുപോലെത്തന്നെ പ്രധാനമാണ് മുറികളുടെ വലുപ്പവും. പലരും അതുവേണ്ടത്ര പരിഗണിക്കാറില്ല. മനുഷ്യശരീരത്തിലെ അവയവങ്ങള്‍ തമ്മില്‍ ഒരു അനുപാതമുളളതുപോലെ വീട്ടിലെ മുറികള്‍ തമ്മിലും അനുപാതം ആവശ്യമാണ്. കാഴ്ചയ്ക്കും വീടിനുളളിലെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് ആവശ്യമാണ്.

മനുഷ്യശരീരത്തിനനുസൃതമായാണ് വാസ്തുശാസ്ത്രമനുസരിച്ച് മുറികളുടെ വüലുപ്പം തീരുമാനിക്കുന്നത്. ഒരാള്‍ക്ക് നീണ്ടു നിവര്‍ന്നു നില്‍ക്കാനും നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങാനുമുളള വലുപ്പമാണ് ഒരു മുറിക്ക് വേണ്ടത്. ഒരാള്‍ കൈകള്‍ മുകളിലേക്കു കൂപ്പിനില്‍ക്കുന്ന(പുരുഷാഞ്ജലി) ഉയരമാണ് ഇതിനുവേണ്ടി കണക്കാക്കുന്നത്. മുറിയുടെ ഉയരം ഒരു പുരുഷാഞ്ജലിയും നീളമോ വീതിയോ കുറഞ്ഞത് രണ്ടു പുരുഷാഞ്ജലിയുമായിരിക്കണം. ഒരു പുരുഷാഞ്ജലി എന്നാല്‍ അഞ്ച് മുഴം എന്നാണ് കണക്ക്. ഒരു മുഴം എന്നാല്‍ രണ്ട് പദം, ഒരു പദം 24 സെമി. അതായത്, 240 സെമി*240 സെമി ആയിരിക്കണം മുറിയുടെ ഏറ്റവും കുറഞ്ഞ വലുപ്പം. നാഷണല്‍ ബില്‍ഡിങ് റൂള്‍ അനുസരിച്ചും ഇതേ അളവുകളാണ് നിഷ്കര്‍ഷിക്കുന്നത്. 240*240 സെമി വലുപ്പമുളള മുറി സമചതുരമായിരിക്കുമെന്നതിനാല്‍ ഏതെങ്കിലുമൊരു വശത്തിന് നീളമോ വീതിയോ കൂടുതല്‍ വേണം.

13.തെക്ക് ധാന്യം, പടിഞ്ഞാറ് ധനം, കിഴക്ക് അന്നം, വടക്ക് സുഖം

മയമതം എന്ന പുസ്തകം പറയുന്നത് തെക്ക് ധാന്യാലയം, പടിഞ്ഞാറ് ധനാലയം, കിഴക്ക് അന്നാലയം, വടക്ക് സുഖാലയം എന്നാണ്. നമ്മുടെ കാലാവസ്ഥയുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. ഇന്ത്യ, പ്രത്യേകിച്ച് ദക്ഷിണേന്ത്യ, ഉത്തരാര്‍ദ്ധഗോളത്തിലാണ് ( nഗ്നത്സന്ധhന്ത്സn hന്ണ്ഡദ്ധന്ഥണ്മന്ത്സന്) കിടക്കുന്നത്. അതായത്, കേരളം ഏതാണ്ട് എട്ട്- പത്ത് ഡിഗ്രി അക്ഷാംശത്തില്‍ കിടക്കുന്നു. അപ്പോള്‍ കൂടുതല്‍ സമയവും സൂര്യന്‍ തെക്കുവശത്തായിരിക്കും. കേരളത്തെ സംബന്ധിച്ച് വര്‍ഷത്തില്‍ എട്ടുമാസവും സൂര്യന്‍ തെക്കുവശത്തായിരിക്കും. അതായത്, ഏറ്റവും ചൂട് തെക്കുവശത്തുളള മുറികളിലായിരിക്കും. അതുകൊണ്ടുതന്നെ കിടപ്പുമുറിയോ അടുക്കളയോ കൊടുക്കാന്‍ കഴിയില്ല. ചൂടുളളതിനാല്‍ അവിടെ ധാന്യം കേടുകൂടാതെയിരിക്കും. തെക്കിന് എതിര്‍വശമുളള ഭാഗം. അതായത് വടക്കുവശത്ത് ഈ സമയം തണലായിരിക്കും. അതുകൊണ്ട് അവിടം സുഖാലയമാകുന്നു. അതിഥികള്‍ക്ക് ഭക്ഷണം നല്‍കല്‍ പ്രധാനമായതിനാല്‍ അതു കിഴക്കായി. പണം സൂക്ഷിക്കല്‍ വളരെ പ്രധാനപ്പെട്ട എന്നു സൂചിപ്പിക്കാന്‍ കൂടിയാണ് ധനാലയം പടിഞ്ഞാറാക്കിയത്.

14. മുറികള്‍ക്ക് കൃത്യമായ അളവുകള്‍ ഉണ്ട്

പല വീടുകളും പല ദിക്കിനെ അഭിമുഖീകരിച്ചായിരിക്കും കിടക്കുന്നത്. ചില വീടുകള്‍ കിഴക്കോട്ടു നോക്കി, ചിലത് പടിഞ്ഞാട്ടു നോക്കി. അങ്ങനെ. അപ്പോള്‍ വാസ്തുനിയമങ്ങള്‍ക്കനുസൃതമായി വീടു പണിയുമ്പോള്‍ ഈ വീടുകള്‍ തമ്മില്‍ കാഴ്ചയില്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഗണിത ശാസ്ത്രപരമായി ചെറിയൊരു മാര്‍ഗം പണ്ടുളളവര്‍ കണ്ടെത്തി.

മുറിയുടെ ചുറ്റളവ് എത്രയാണെങ്കിലും അത് പദത്തിലേക്കു മാറ്റുന്നു. പദത്തിലേക്കു മാറ്റാന്‍ മൂന്ന് കൊണ്ട് ഗുണിക്കുകയാണ് ചെയ്യേണ്ടത്. ആകെ എട്ട് ദിക്കുകളാണ് എന്നതിനാല്‍ ആ കിട്ടുന്ന ഗുണനഫലത്തെ എട്ട് കൊണ്ട് ഹരിക്കണം. ശിഷ്ടം കിട്ടുന്നത് പദത്തിലുളള അളവുമായി കൂട്ടണം. 40*40 പദം വലുപ്പമുളള മുറിയുടെ കാര്യമെടുക്കയാണെങ്കില്‍, ശിഷ്ടം ഒന്നു കിട്ടിയാല്‍ ഒരു വശം 41 പദമാകും. അപ്പോള്‍ കിഴക്കുനിന്ന് പടിഞ്ഞാട്ട് തിരിഞ്ഞിരിക്കുന്ന വീടാകും. ശിഷ്ടം രണ്ടാണെങ്കില്‍ ദിശ തെക്കുകിഴക്കാണ്. അങ്ങനെ എട്ടു ദിശയ്ക്കും വരും. എന്നാല്‍ പടിഞ്ഞാട്ട് തിരിഞ്ഞ വീടിന് ശിഷ്ടം ഒന്നു വരുന്ന അടുത്ത അളവ് 49 പദമാണ്. ഈ വിധത്തില്‍ വളരെ ലളിതമായ ഗണിതത്തിലൂടെയാണ് മുറികളുടെ വലുപ്പം നിര്‍ണയിക്കുന്നത്.

ഡോ ബാലഗോപാല്‍ ടി എസ് പ്രഭു
ഡയറക്ടര്‍
വാസ്തുവിദ്യാപ്രതിഷ്ഠാനം
കോഴിക്കോട്