Tuesday 14 March 2017

ഊണുമുറിയുടെ സ്ഥാനം എവിടെ?



ഗൃഹസംവിധാനത്തില്‍ താരതമ്യേന നിഷ്കര്‍ഷകള്‍ കുറവുള്ള ഭാഗങ്ങളാണ് അന്നാലയം (ഡൈനിങ്), ഫാമിലി ലിവിങ് എന്നിവ. സാധാരണയായി ഗൃഹങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ പ്രാധാന്യമുള്ള മറ്റു മുറികള്‍ നല്‍കിയശേഷം ഗൃഹശോഭയ്ക്ക് മാറ്റു കൂട്ടത്തക്കവിധം ആര്‍ക്കിടെക്ടിന്റെ ഇഷ്ടപ്രകാരം മാറ്റങ്ങള്‍ വരുത്താവുന്ന ഭാഗമാണിത്. ഇങ്ങനെയാണെങ്കിലും ഇതിന് വൃത്തം മുതലായ ആകൃതികള്‍ സ്വീകരിക്കുന്നത് ഉത്തമമല്ല. ഡൈനിങ് ഹാളിനോടു ചേര്‍ന്ന് കോര്‍ട് യാര്‍ഡുകള്‍ നല്‍കുന്ന രീതി ഇന്ന് വ്യാപകമാണ്. എന്നാല്‍ ഇത് അല്പം ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ്. ഗൃഹ മധ്യത്തിലായിട്ടാണ് ഒാപണ്‍ കോര്‍ട് യാര്‍ഡ് നല്‍കുന്നതെങ്കില്‍ ആ ഗൃഹം നാലുകെട്ടിന്റെ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അതിനനുസൃതമായി തന്നെ രൂപകല്പന ചെയ്യേണ്ടതാണ്.

പഞ്ചഭൂതങ്ങളുടെ ഇടപെടല്‍ ഗൃഹത്തിനുള്ളിലേക്ക് നേരിട്ടു വരുമ്പോള്‍ അത് ശാലാസംവിധാനത്തെ സ്വാധീനിക്കുമെന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. സാധരണയായ ഗൃഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചെയ്യുന്ന രീതിയല്ല ഇവിടെ അവലംബിക്കേണ്ടി വരിക. ഒാപണ്‍ കോര്‍ട് യാര്‍ഡിന്റെ ഒരു ഭാഗം പുറംഭിത്തിയോട് ചേര്‍ന്നാണു വരുന്നതെങ്കില്‍ അതു വടക്കായോ കിഴക്കായോ ആണ് വേണ്ടത്. തെക്കും പടിഞ്ഞാറും വശങ്ങളിലായി വരുന്നത് ഉത്തമമല്ല. മുകള്‍ഭാഗം മൂടി വരുന്ന കോര്‍ട് യാര്‍ഡുകള്‍ ഏതു ഭാഗത്തും ക്രമീകരിക്കാവുന്നതാണ്. ഗൃഹസംവിധാനത്തില്‍ ഡൈനിങ് ഹാളിനോടനുബന്ധിച്ച് വേണമെങ്കില്‍ സ്റ്റെയര്‍കേസ് മുതാലായവ നല്‍കാവുന്നതാണ്. ഡൈനിങ്, സ്റ്റെയര്‍, ഫാമിലിലിവിങ് എന്നിവ ചേര്‍ത്ത് പണിയുകയാണെങ്കില്‍ ഹൃഹവിസ്താരത്തില്‍ കുറവു വരുത്തി മനോഹരമായ രൂപകല്പന നടത്തി എടുക്കാന്‍ സാധിക്കുന്നതാണ്.

ഊണുമേശ തെക്കുവടക്ക്


നാലുകെട്ടുകളിലാകട്ടെ നടുമുറ്റത്തിന് ചുറ്റുമുള്ള വരാന്തയും ചേര്‍ത്ത് നടുമുറ്റത്തേക്ക് തുറസ്സായി വരത്തക്കവിധം അന്നാലയത്തിനെ മനോഹരമാക്കിയെടുക്കാവുന്നതാണ്. അന്നാലയത്തില്‍ ഡൈനിങ് ടേബിള്‍ തെക്കുവടക്കാണ് ഇടേണ്ടത്. പരമാവധി ആളുകള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇരിക്കത്തക്കവിധം വേണം ഇതു ക്രമീകരിക്കാന്‍. ഡൈനിങ്ങിനോട് ചേര്‍ന്ന് ടോയ്ലറ്റ്, വാഷ്ബേസില്‍ എന്നിവ പണിയുമ്പോള്‍ അവ ആഹാരം കഴിക്കുന്നവര്‍ക്ക് അലോസരമാകാത്തവിധം വേണം രൂപകല്പന ചെയ്യാന്‍്. അടുക്കളയില്‍ നിന്നും എളുപ്പത്തില്‍ ആഹാരം എത്തിക്കത്തക്ക വിധവുമായിരിക്കണം രൂപകല്പന നടത്തേണ്ടത്. വാസ്തുപരമായി അന്നാലയത്തിനെ കിഴക്കു ഭാഗത്തോ മകരം, മേടം രാശികളിലോ ക്രമീകരിക്കാവുന്നതാണ്.

ഡൈനിങ്, സ്റ്റെയര്‍ , ഫാമിലി ലിവിങ്, പാന്‍ട്രി എന്നിവ ചേര്‍ന്നുണ്ടാക്കുന്ന ഭാഗമായിരിക്കും സാധരണയായി ഗൃഹത്തിലെ ഏറ്റവും വലിയ ഒാപണ്‍ സ്പേസ് . ഇളംനിറങ്ങള്‍ ഭിത്തിക്കു നല്‍കിയും മനോഹരമായ ചെറിയ ചിത്രങ്ങള്‍ നല്‍കിയും ഇതു കൂടൂതല്‍ മനോഹരമാക്കാവുന്നതാണ്. ഇവിടെയും കഴിവതും പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതാണുത്തമം. ഇന്‍ഡോര്‍ പ്ളാന്റ്സ്, അക്വേറിയം മുതലായവ ഒഴിവാക്കേണ്ടതാണ്. ഉയരക്കൂടൂതലുള്ള മേല്‍ക്കൂര നല്‍കി ഡൈനിങ് ഡബിള്‍ ഹൈറ്റില്‍ ചെയ്യുന്നതും വ്യത്യസ്തമായ അനുഭവമായിരിക്കും. ദീര്‍ഘചതുരാകൃതിയിലുള്ള ഊണുമേശകളായിരിക്കും ഏറെ അഭികാമ്യമെങ്കിലും സാഹചര്യത്തിനനുസരിച്ച് മറ്റ് ആകൃതികളും സ്വീകരിക്കാം.

മനോജ് എസ് നായര്‍
കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍
വാസ്തുവിദ്യാ ഗുരുകുലം
ആറന്‍മുള

No comments:

Post a Comment