Tuesday 14 March 2017

കുളിയുടെ കാര്യം




മലയാളിയുടെ കുളിയുടെ കാര്യം പ്രശസ്തമാണ്. കടലേഴും കടന്ന് മരം കോച്ചുന്ന തണുപ്പുള്ളിടത്ത് ചെന്നാലും മലയാളി രണ്ടു നേരം കുളിച്ചിരിക്കും. നിശ്ചയം.

കുളി എന്നു പറയുന്നത് മലയാളിയുടെ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കുളിച്ച് ഈറനോടെ ഇഷ്ട ദേവനെയോ ദേവിയെയോ തൊഴുതാണ് കേരളീയര്‍ ഒരു ദിവസം തുടങ്ങിയിരുന്നത്. എന്നാല്‍ മാറിയ ജീവിതശൈലി മറ്റു പലതിനേയും പോലെ കുളപ്പടവുകളേയും അനാഥമാക്കി.

പ്രകൃതിയില്‍ രമിച്ചൊരു കുളി


ശരീരം ശുദ്ധീകരിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല കുളി എന്നാണ് പ്രകൃതി ജീവനം സമര്‍ഥിക്കുന്നത്. ''ശരീരം വൃത്തിയാക്കുക എന്നതിനൊപ്പം തന്നെ ശരീരോഷ്മാവ് സ്ഥായിയായി നിലനിര്‍ത്താനും കുളി സഹായിക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റ് നീന്തിക്കുളിക്കുന്നതുപോലെ നല്ലൊരു വ്യായാമം വേറെയില്ല, തിരൂരിലെ ഗാന്ധിയന്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തിന്‍െറ സ്ഥാപകന്‍ ഡോ. രാധാകൃഷ്ണന്‍ പറയുന്നു. ആയുര്‍വേദത്തിലെന്ന പോലെ പ്രകൃതി ചികിത്സയിലും കുളി ഒരു ചികിത്സാ വിധിയാണ്. ഉദരരോഗങ്ങള്‍ക്കു പരിഹാരമായുള്ള നിതംബസ്നാനം, നട്ടെല്ലിലെ കശേരുക്കള്‍ക്കു ബലം പകരുന്ന സ്പൈനല്‍ ബാത് തുടങ്ങിയവ ഈ ചികിത്സാവിധികളില്‍ ചിലതു മാത്രം.

മരണത്തില്‍ പോലും കുളിക്കുള്ള പ്രാധാന്യമാണ് പ്രകൃതി ചികിത്സകനായ ഡോ. ജയകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ''ഹൈന്ദവാചാരപ്രകാരം മരിച്ചു കഴിഞ്ഞാല്‍ കുളിപ്പിച്ചതിനു ശേഷമേ ശരീരം പൊതുദര്‍ശനത്തിനു വയ്ക്കു. ആചാരമെന്നതില്‍ കവിഞ്ഞ് ഇതൊരു ആരോഗ്യപരമായ മുന്‍കരുതല്‍ കൂടിയാണ്. ഇതിനു പുറമേ മണ്ണു തേച്ചുള്ള കുളിയും വെയിലത്തുള്ള കുളിയുമൊക്കെ ചികിത്സയുടെ ഭാഗമാവാറുണ്ട്.

കുളിക്കാം, ആനയെപ്പോലെ

നീന്തിത്തുടിക്കാന്‍ ജലാശയങ്ങളൊരുപാടുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എപ്പോഴാണ് മനുഷ്യര്‍ നീരാട്ടില്‍ നിന്നു കയറി കുളിമുറിയുടെ വാതിലുകള്‍ കൊട്ടിയടച്ചതെന്നറിയില്ല.

''ഭാരതീയ ശാസ്ത്രപ്രകാരം കുളി ഏഴു വിധത്തിലുണ്ട്. എപ്പോള്‍, എവിടെ വച്ച്, എങ്ങനെ കുളിക്കണമെന്നും കൃത്യമായ നിഷ്കര്‍ഷയുണ്ട്., വാസ്തുശാസ്ത്ര വിദഗ്ധനായ മനോജ്. എസ്. നായര്‍ പറയുന്നു. മാന്ത്രം, ഭൌമം, ആത്മേയം, വായവ്യം, ദിവ്യം, വാരുണം, മാനസം എന്നിങ്ങനെയാണ് കുളിയെ തരം തിരിച്ചിരിക്കുന്നത്. മാന്ത്രമെ ന്നാല്‍ മന്ത്രോച്ചാരണത്തോടു കൂടിയത്. ഭൌമം മണ്ണ് തേച്ചുള്ളതും ആത്മേയം ചാരം അല്ലെങ്കില്‍ ഭസ്മം തേച്ചുള്ള കുളിയുമാണ്. കുതിരക്കുളമ്പടിയില്‍ നിന്നുയരുന്ന പൊടി കൊണ്ടുള്ള കുളിയാണ് വായവ്യം. മഴയും വെയിലും ഒത്തുവരുമ്പോഴുള്ള കുളിയാണ് ദിവ്യം. വാരുണം മുങ്ങിക്കുളിയും മാനസം മനസ്സിന്‍െറ ശുദ്ധിയുമാകുന്നു. ഇതില്‍ വാരുണമാണ് ഏറ്റവും ഉത്തമം.

നദി, തടാകം, പൊയ്ക, വെള്ളച്ചാട്ടം, വെള്ളം നിറഞ്ഞ ആഴമുള്ള ഗര്‍ത്തം തുടങ്ങിയവയിലാണ് കുളിക്കേണ്ടത്. അതും അതിരാവിലെ. ദിവസം രണ്ടു നേരം കുളിക്കണം. കുളിയില്‍ നിഷിദ്ധമായ കാര്യങ്ങളെക്കുറിച്ചും ശാസ്ത്രത്തില്‍ പ്രതിപാദി ക്കുന്നുണ്ട്. പരിചയമില്ലാത്ത സ്ഥലത്ത് കുളി പാടില്ല. അതുപോലെ തന്നെ ഭക്ഷണ ശേഷവും രാത്രിയുള്ള കുളിയേയും വസ്ത്രത്തോടെയുള്ള കുളിയേയും ശാസ്ത്രം വിലക്കുന്നു. ഇനി എന്തിനു കുളിക്കുന്നു എന്നു ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. നൈര്‍മല്യം, ഭാവശുദ്ധി, കാര്യവിശുദ്ധി, ഐശ്വര്യം, ആരോഗ്യപുഷ്ടി തുടങ്ങിയവ യാണ് കുളിയുടെ പ്രധാന ഉദ്ദേശ്യങ്ങള്‍. അതുപോലെതന്നെ ഏതു കര്‍മത്തിനു മുമ്പും കുളിക്കുന്നത് നല്ലതാണെന്നും പറയുന്നു. ഇനി ഏറ്റവും രസകരമായത് കേട്ടോളു, ആനയെപ്പോലെ കുളിക്കണമെന്നാണ് വേദങ്ങള്‍ പറയുന്നത്. അതായത് വളരെയേറെ സമയമെടുത്ത് നീരാടി മദിച്ച്.... വീടു പണിയുമ്പോള്‍ ഒരിക്കലും മധ്യഭാഗത്തായി കുളിമുറി വരാന്‍ പാടില്ല. വീടിനു പുറത്താണ് കുളിമുറിയുടെ ഉത്തമസ്ഥാനം. വടക്കുകിഴക്ക് ഭാഗങ്ങളില്‍ കുളിമുറി പണിയാമെന്നു പറയുന്ന വാസ്തുശാസ്ത്രം തെക്കുപടിഞ്ഞാറ് ഭാഗങ്ങളില്‍ പണിയുന്നത് കര്‍ശനമായി വിലക്കുന്നു.

'ചി വരുന്ന വഴി

''ചി എന്നു വിളിക്കപ്പെടുന്ന ഊര്‍ജമാണ് ഫുങ്ഷ്വേയുടെ ആധാരം. നെഗറ്റീവ് എനര്‍ജിയുടെ വിളനിലമായിട്ടാണ് ഫുങ്ഷ്വേ കുളിമുറിയെ കാണുന്നത്. 'ചി കുളിമുറിക്കുള്ളില്‍ കുടുങ്ങിപ്പോകാതെ നോക്കേണ്ടതുണ്ട്, ഫുങ്ഷ്വേ വിദഗ്ധ ചിത്രാ ഹാന്‍സന്‍ പറയുന്നു. അധികം വിസ്താരമില്ലാത്ത കുളിമുറിയാണ് ഫുങ്ഷ്വേ നിര്‍ദേശിക്കുന്നത്. വലിയ ആഡംബരങ്ങളൊന്നും തന്നെ പാടില്ല. വീടിന്‍െറ ഏതു കോണില്‍ കുളിമുറി സ്ഥാപിച്ചാലും ദോഷങ്ങളുണ്ടാകാം.

വീടിന്‍െറ തെക്കുഭാഗത്താണ് കുളിമുറിയെങ്കില്‍ അപകീര്‍ത്തിയും ദുഷ്പേരുമു ണ്ടാകാം. കലാരംഗത്തുള്ളവര്‍ക്ക് ശോഭനമായ ഭാവിയായിരിക്കില്ല. തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലാണെങ്കില്‍ ബന്ധങ്ങളെ ബാധിക്കും. കüല്യാണം നടക്കാന്‍ വിഷമമായിരി ക്കും. കിഴക്കു ഭാഗത്താണെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കും. ആണ്‍മക്കള്‍ ഉണ്ടാവില്ല. ഉണ്ടാവുന്നെങ്കില്‍ തന്നെ 'ഹൈപ്പര്‍ ആക്ടീവ് ആയിരിക്കും. വടക്കാണെങ്കിലോ ജോലിയില്‍ എപ്പോഴും തടസ്സങ്ങള്‍ നേരിട്ടു കൊണ്ടിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ തിക്തഫലങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് കുളിമുറി സ്ഥാപിക്കാന്‍ കഴിയില്ലെന്നര്‍ഥം. ഏറ്റവും കുറച്ച് ഉപദ്രവമുണ്ടാക്കുന്ന ഇടം തിരഞ്ഞെടുക്കുക എന്നതാണ് പോംവഴി.

പ്രശ്നങ്ങള്‍ക്കെല്ലാം ഫുങ്ഷ്വേ പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്. തെക്ക് കുളിമുറിയെങ്കില്‍ നീല കളര്‍ തീം കൊടുക്കണം. ഒരു ബക്കറ്റ് നിറയെ വെള്ളം പിടിച്ചു വയ്ക്കുന്നതും നല്ലതാണ്. വടക്കാണെങ്കില്‍ ബാത്റൂമില്‍ ഒരു ചെടി വയ്ക്കാം. കിഴക്കാണെങ്കില്‍ ചുവന്ന കളര്‍തീമും വിന്‍ഡ് ചൈമും കൊടുക്കണം. പടിഞ്ഞാറാ ണെങ്കില്‍ കുളിമുറിയില്‍ ഒരു ചുവന്ന ലൈറ്റ് പിടിപ്പിക്കുന്നതു വഴി നെഗറ്റീവ് എനര്‍ജിയെ പടി കടത്താം. ചെറിയ ഒരു കോപ്പയില്‍ ഉപ്പു സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഉപ്പു വെള്ളത്തിലുള്ള കുളി അത്യുത്തമമെന്നും ഫുങ് ഷ്വേ പറയുന്നു.

കുളിയിലൂടെ പാപമുക്തിയും

കുളിയുടെ ആരോഗ്യവശങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ ഒട്ടേറെ പ്രതിപാദിക്കുന്നുണ്ട്. ദഹനശക്തി, പൌരുഷം, ഊര്‍ജം, ആയുസ്സ് എന്നിവ വര്‍ധിപ്പിക്കുകയാണ് കുളിയുടെ പ്രധാന ഉദ്ദേശ്യം. ഇതു കൂടാതെ ചെയ്ത പാപങ്ങള്‍ കഴുകിക്കളഞ്ഞ് മനസ്സിനെ ശുദ്ധമാക്കാനും കുളിയിലൂടെ സാധിക്കും, പ്രശസ്ത ഭിഷഗ്വരന്‍ ഡോ. സി. കെ. രാമചന്ദ്രന്‍ പറയുന്നു.

ചെറിയ ചൂടുവെള്ളത്തിലാണ് കുളിക്കേണ്ടത്. ഇത് ശരീരത്തിലെ നാഡീ ഞരമ്പുകള്‍ ക്കു ബലം കൊടുക്കും. കണ്ണിനസുഖമുള്ളവര്‍ ചൂടുവെള്ളത്തില്‍ തല കുളിക്കാന്‍ പാടുള്ളതല്ല. രാവിലെ വ്യായാമത്തിനു ശേഷമാണ് കുളിക്കേണ്ടത്. നീന്തിത്തുടിച്ചുള്ള കുളിയാണ് ആയുര്‍വേദവും നിര്‍ദേശിക്കുന്നത്. വാതം, ദഹനേന്ദ്രിയക്കേട് തുടങ്ങിയ അസുഖങ്ങളുള്ളവര്‍ കുളി നിയന്ത്രിക്കണം. അതുപോലെ കണ്ണ്, ചെവി, കഴുത്ത് തുടങ്ങിയ അവയവങ്ങള്‍ക്ക് രോഗം ബാധിച്ചവരും കുളി നിജപ്പെടുത്തണം. ഇഞ്ച, പച്ചില, താളി എന്നിവ തേച്ചുള്ള കുളി ശരീരപുഷ്ടിയോടൊപ്പം സൌന്ദര്യവും നല്കുമെന്നും ആയുര്‍വേദം പറയുന്നു.

സമയമെടുത്ത് ചെയ്യേണ്ടതാണ് കുളി. കുളിമുറിയുടെ പരിമിതികള്‍ക്കുള്ളിലും ആസ്വദിച്ചു കുളിക്കുക. തുടര്‍ച്ചയായി കുറച്ചു ദിവസം നദിയിലോ കുളത്തിലോ നീന്തിക്കുളിച്ചുനോക്കട്ടെ. ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന മാറ്റം സുനിശ്ചിതം. ആശയങ്ങള്‍ വിഭിന്നമാണെങ്കിലും ശാസ്ത്രങ്ങളെല്ലാം ഒറ്റക്കെട്ടായി പറയുന്ന കാര്യവും ഇതു തന്നെ. കുളി, വെറും കളിയല്ല.

1 comment:

  1. Best Slots, Table Games & Live Dealer Casinos
    Casino.lv is the only software platform that can bring 계룡 출장샵 live 광주광역 출장마사지 dealer games to 군산 출장마사지 you without having to make any reservation. Play 군포 출장샵 live 이천 출장샵 casino games

    ReplyDelete