Tuesday 14 March 2017

ഉറക്കത്തിന്റെ നല്ല ശാസ്ത്രം




വാസ്തുശാസ്ത്രാനുസരണം ഗൃഹരൂപകല്പന ചെയ്യുമ്പോള്‍ ശയനമുറി വിന്യാസത്തിന് അല്‍പം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. സാധാരണയായി മാസ്റ്റര്‍ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം എന്നിങ്ങനെ തരംതിരിവോടെയായിരിക്കും ആര്‍ക്കിടെക്ട് പ്ളാന്‍ നല്‍കുന്നത്. പലപ്പോഴും ഇൌ പേരുകള്‍ തന്നെ ഗൃഹനിര്‍മാതാക്കളില്‍ തെറ്റിധാരണ പരത്തുന്നുണ്ട്. മാസ്റ്റര്‍ ബെഡ്റൂം എന്നുപറഞ്ഞാല്‍ ഏറ്റവും വലിയ ബെഡ്റൂം എന്ന സങ്കല്‍പിക്കുന്നവരും ഇത് തെക്കു പടിഞ്ഞാറ് തന്നെ വരണമെന്ന് ശഠിക്കുന്നവരും ധാരാളമുണ്ട്. വാസ്തുവില്‍ മാസ്റ്റര്‍ ബെഡ്റൂമിന് ഉപയോഗിച്ചിരിക്കുന്ന പേര് 'സ്വാമിഗൃഹം എന്നാണ്. ഇതു സൂചിപ്പിക്കുന്നത് തന്നെ ഗൃഹനാഥന്‍ ഉപയോഗിക്കുന്ന മുറി എന്ന അര്‍ഥത്തിലാണ്. സ്വാഭാവികമായും ഗൃഹനാഥന്‍ തന്റെ മുറി ഏറ്റവും വലുപ്പമുള്ളതും പ്രൌഢിയുള്ളതുമായി പണിയുമെന്നുള്ള സങ്കല്പമാണ് മാസ്റ്റര്‍ ബെഡ്റൂം ഏറ്റവും വലുപ്പമുള്ള മുറിയായിരിക്കണം എന്ന ചിന്ത വളര്‍ത്തിയത്. സ്ഥലപരിമിതി മൂലവും രൂപകല്പനയിലെ പ്രത്യേകത മൂലവും ചിലപ്പോള്‍ തെക്കുപടിഞ്ഞാറേ കോണിലെ മുറി ചെറുതായി പോകുന്നുണ്ടെങ്കില്‍ അത് വാസ്തുപരമായ ഒരു പരാധീനതയായി കണക്കാക്കേണ്ടതില്ല.

പൊതുവേ പറയുകയാണെങ്കില്‍ ബെഡ്റൂമുകള്‍ ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. മാസ്റ്റര്‍ ബെഡ്റൂമിന്റെ സ്ഥാനം സാധാരണയായി തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) നല്‍കാറുള്ളത്. എന്നാല്‍, വടക്കുപടിഞ്ഞാറെ മൂലയും ഇതിന് ഏറ്റവും ഉത്തമം തന്നെയാണ്. തെക്കുപടിഞ്ഞാറെ കോണിലെ മുറികളില്‍ സ്ത്രീകള്‍ക്ക് താമസം പറഞ്ഞിട്ടില്ല എന്ന മട്ടില്‍ വളരെയധികം ഉൌഹാപോഹങ്ങള്‍ പ്രചരിക്കുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. യഥാര്‍ഥത്തില്‍ വാസ്തുവിദ്യയില്‍ തെക്കുപടിഞ്ഞാറെ കോണിലെ മുറിയെ സൂതികാഗൃഹമായിട്ടാണ് (പ്രസവ മുറി) പറയുന്നത്. ഇതില്‍ നിന്ന് ഇത് സ്ത്രീകള്‍ക്കും സ്വീകാര്യമാണ് എന്നത് വ്യക്തമാണ്. വടക്കുകിഴക്കെ കോണിലൊഴിച്ച് മറ്റു സ്ഥാനങ്ങളില്‍ ബെഡ്റൂം വരുന്നതുകൊണ്ട് കാര്യമായ വാസ്തുവൈരുധ്യം സംഭവിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തെക്കുപടിഞ്ഞാറെ കോണില്‍ ബെഡ്റൂം നല്‍കുമ്പോള്‍ അറ്റാച്ഡ് ടോയ്ലറ്റ് തെക്കുപടിഞ്ഞാറെ മൂലയില്‍ വരാതെ ശ്രദ്ധിക്കേണ്ടതാണ്. സാധനങ്ങള്‍ കുത്തിനിറച്ച ശയനമുറികള്‍ അസ്വസ്ഥത സൃഷ്ടിക്കുകയേ ഉള്ളു. അതിനാല്‍ ശയനമുറി പൂര്‍ണമായും ആവശ്യമായ ജനാലകളോടും ലളിതമായും ക്രമീകരിച്ചവയായിരിക്കണം.

കിടക്കുമ്പോള്‍ ശ്രദ്ധിക്കാന്‍


ബെഡ്റൂമിനുള്ളില്‍ കട്ടിലുകള്‍ കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കുന്ന രീതിയില്‍ ക്രമീകരിക്കുകയാണു വേണ്ടത്. മയമതം പോലെയുള്ള ആദികാല വാസ്തുഗ്രന്ഥങ്ങളില്‍ തെക്കോട്ട് തലവയ്ക്കുമ്പോള്‍ ഇടത്തോട്ട് ചെരിഞ്ഞ് പടിഞ്ഞാറ് ദര്‍ശനമായും കിഴക്കോട്ട് തല വയ്ക്കുമ്പോള്‍ ഇടത്തോട്ട് ചരിഞ്ഞ് തെക്ക് ദര്‍ശനമായും വേണം കിടക്കാന്‍ എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. പല പുരാതനഗ്രന്ഥങ്ങളിലും ഇടത്തോട്ടു ചരിഞ്ഞു കിടന്ന്, ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഫലüിക്കുന്നവയാണ് എന്ന പറഞ്ഞിരിക്കുന്നതും ഇത്തരുണത്തില്‍ സ്മരണാര്‍ഹമാണ്. ശയന ഉപാധിയായ കട്ടിലുകള്‍ക്കും വാസ്തുവിദ്യയില്‍ അളവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവയെല്ലാം അംഗുലമാലനത്തിലെ ശുഭകരമായ കണക്കുകളിലാകണം എന്ന് ശാസ്ത്രം പറയുന്നു. ഇവയുടെ വിസ്താരം 108 സെമീ മുതല്‍ ഒമ്പത് സെമീ വര്‍ധനയിലും ദീര്‍ഘം 180 സെമീ മുതല്‍ 15 സെമീ വര്‍ധനയിലും ക്രമമായി വര്‍ധിപ്പിച്ച് അളവുകള്‍ സ്വീകരിക്കാമെന്ന് മയമതം പറയുന്നു. കട്ടിലിന്റെ ഉയരമാകടെ 36-54 സെന്റീമീറ്ററാവണം എന്ന് പറയുന്നു. തൂക്കുകട്ടിലുകളും ഉചിതമായി ഉപയോഗിക്കാവുന്നതാണ്.

വെള്ള, ക്രീം, ഇളംപച്ച, ഇളംനീല എന്നീ നിറങ്ങള്‍ കൂടുതല്‍ ഭംഗി നല്‍കുന്നതാണ്. തറയോടു പോലെയുള്ള ചെലവു കുറഞ്ഞ ഫ്ളോറിങ് ബെഡ്റൂമുകളില്‍ ഉചിതമായി ഉപയോഗിക്കാവുന്നതാണ്. മുറിക്കിണങ്ങും വിധമുള്ള കര്‍ട്ടനുകള്‍ ഭംഗി വര്‍ധിപ്പിക്കും. സാധാരണയായി നല്ല ബെഡ്റൂമുകള്‍ക്കുപയോഗിക്കാവുന്ന അളവുകള്‍ 318*44, 366*414, 366*438, 390*462, 414*558, 462*510, 432*534 എന്നിവയാണ്. ബെഡ്റൂം ചെറുത് മതിയെങ്കില്‍ 294*294, 270*318, 342*390 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

1 comment:

  1. നമസ്ക്കാരം സാർ,

    Whatsapp നമ്പർ തരുമോ ദയവായി

    ReplyDelete