Tuesday 14 March 2017

സ്റ്റെയ൪കേസ് വാസ്തുവീക്ഷണത്തിൽ



പ്രത്യേകമായി സ്ഥാനങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും വാസ്തുവിലെ അടിസ്ഥാനതത്വങ്ങള്‍ പാലിക്കപ്പെടുന്ന രീതിയിലാകണം സ്റ്റെയര്‍കേസിന്റെ സ്ഥാനം.

വാസ്തുശാസ്ത്രത്തില്‍ ഏറ്റവും അധികം സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന വിഷയമാണ് ഗോവണികള്‍. വാസ്തുവില്‍ സ്റ്റെയര്‍കേസിന് പ്രത്യേകമായി സ്ഥാനങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടില്ലെങ്കിലും വാസ്തുവിലെ അടിസ്ഥാനതത്വങ്ങള്‍ പാലിക്കപ്പെടുന്ന രീതിയിലാവണം അതിന്റെ സ്ഥാനം. പ്രധാന വാതില്‍ തുറക്കുമ്പോള്‍ സ്റ്റെയര്‍കേസ് കാണരുതെന്ന അന്ധവിശ്വാസം അടിസ്ഥാനരഹിതമാണ്. സ്റ്റെയര്‍കേസ് ഗൃഹത്തിന്റെ മധ്യഭാഗത്ത് നല്‍കാതിരിക്കുകയാണ് നല്ലത്. കാരണം, ഇത് സൂത്രവേധമുണ്ടാകാതിരിക്കാനിടയുണ്ട്. വാസ്തുവിദ്യ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാവുന്നവര്‍ക്ക് ഇതെല്ലാം നോക്കി മധ്യഭാഗത്ത് തന്നെ നല്‍കാവുന്നതാണ്. ഗൃഹത്തിന്റെ വടക്കുകിഴക്കേ കോണില്‍ കഴിവതും സ്റ്റെയര്‍കേസ് നല്‍കരുത്. ഇത് സാമ്പത്തികമായ പ്രതിസന്ധികള്‍ ഉണ്ടാക്കാനിടയുണ്ട് എന്ന അഭിപ്രായമുണ്ട്. സ്റ്റെയര്‍കേസിന് ഏറ്റവും ഉത്തമമായ സ്ഥലം തെക്കുപടിഞ്ഞാറ് ആണ്. പൊതുവെ, സ്റ്റെയര്‍കേസിന് പറ്റിയ സ്ഥാനം ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും വശങ്ങളാണ്. പ്രദക്ഷിണമായി വേണം സ്റ്റെയര്‍കേസ് നല്‍കാന്‍. തെക്കോട്ട് കയറരുത് എന്ന വാദം വച്ചു പുലര്‍ത്തുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രത്തിന്റെ പിന്തുണയില്ല. താഴത്തെ നിലയില്‍ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാന്‍ പടികളുടെ എണ്ണം ഇരട്ടസംഖ്യയില്‍ നല്‍കണം. അതായത്, മുകളിലത്തെ ലാന്‍ഡിങ് ഒറ്റസംഖ്യയില്‍ അവസാനിക്കണം.

പടികളുടെ വീതിയും ഉയരവും


സാധാരണയായി ഒരുമീറ്റര്‍ വീതിയില്‍ ഉള്ള സ്റ്റെയര്‍കേസ് ആണ് ഗൃഹങ്ങള്‍ക്ക് നല്‍കാറുള്ളത്. ഇത് 90 സെമീ വേണമെങ്കിലും ആകാം. പടികള്‍ക്ക് 27 മുതല്‍ 30 സെമീ വരെ വീതിയും 15-16 സെമീ ഉയരവും നല്‍കുകയാണ് ഏറ്റവും അഭികാമ്യം. ഒറ്റനില ഗൃഹങ്ങളില്‍ പുരപ്പുറത്തേക്ക് കയറാന്‍ കോണ്‍ക്രീറ്റ് സ്റ്റെയര്‍കേസ് നല്‍കേണ്ട ആവശ്യമില്ല. സ്റ്റീല്‍ കൊണ്ടുള്ള സ്റ്റെയര്‍കേസ് ലാഭകരവും ഈടുനില്‍ക്കുന്നതുമായിരിക്കും. സ്റ്റെയര്‍കേസുകള്‍ ഡോഗ് ലഗ്ഡ് , ഓപണ്‍ വോള്‍ , സ്പൈറല്‍ എന്നിങ്ങനെ പലവിധത്തിലുണ്ട്. ഏറ്റവും അധികം ചെലവ് കുറച്ചും സ്ഥലം കുറച്ചും നിര്‍മിക്കാനുതകുന്നത് ഡോഗ് ലഗ്ഡ് ആയിരിക്കും. സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ ഡൈനിങ് ഏരിയയില്‍ നിന്നുമാണ് സ്റ്റെയര്‍കേസ് നല്‍കുക. എന്നാല്‍ ഇത് ഷോപീസ് ആക്കണമെന്നുള്ളവര്‍ ഡ്രോയിങ് റൂമിലും നല്‍കാറുണ്ട്. സ്ഥലത്തെ പരമാവധി ഉപയോഗിക്കാന്‍ സ്റ്റെയര്‍കേസിന്റെ അടിഭാഗത്ത് ടോയ്‌ലറ്റ്  നല്‍കാറുണ്ട്. എന്നാല്‍ ഇത് സ്റ്റെയറിന്റെ സ്ഥാനത്തെ ആസ്പദമാക്കി വേണം നിശ്ചയിക്കാന്‍. നാലുകെട്ടുകളില്‍ നടുമുറ്റത്തു നിന്നും സ്റ്റെയര്‍കേസ് നല്‍കുന്നത് നല്ലതല്ല.


മനോജ് എസ്. നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള.

1 comment:

  1. ക്ലോക്ക് ചലിക്കുന്ന രീതിയിൽ വലത്തേയ്ക്ക് പിരിഞ്ഞുള്ള സ്പൈറൽ സ്റ്റെയർകേസ് ഗൃഹത്തിന് വളരെ അഭിവൃദ്ധി ദായകമാണ്. വീടിന്റെ കുബേര സ്ഥാനത്ത്, വടക്കിന് അഭിമുഖമായി നില്‍ക്കുന്ന ചുവരിനോട് ചേർന്ന് ഇത് ഘടിപ്പിച്ചാൽ സാമ്പത്തികമായി ആ വീടിനു എന്നും അഭിവൃദ്ധിയുണ്ടാകും. വാസ്തുവിൽ ഇടത്തേക്ക് പിരിഞ്ഞുകയറുന്ന സ്പൈറൽ സ്റ്റെയർകേസ് അശുഭമായി കരുതുന്നുവെങ്കിലും വലത്തേയ്ക്ക് പിരിഞ്ഞുള്ള സ്പൈറൽ സ്റ്റെയർകേസ് വലംപിരി ശംഖിനു തുല്യമാണ്.

    ReplyDelete