Tuesday 14 March 2017

വാതിലുകൾ കഥ പറയുമ്പോൾ



ഗൃഹത്തിൻെറ ആന്തരികമായ പ്രസരിപ്പിന് വിസ്താരമുളള വാതിലുകളും ജനാലകളും അത്യാവശ്യമാണ്. തടിയുടെ ലഭ്യതക്കുറവും വിലയും വാതിലുകളുടെയും ജനാലകളുടെയും വലുപ്പവും എണ്ണവും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. വാതിലുകളുടെയും ജനാലകളുടെയും അടുക്കോടും ചിട്ടയോടും കൂടിയ ക്രമീകരണം ഗൃഹത്തിനുളളിലെ വായുസഞ്ചാരവും ഒപ്പം പ്രകാശക്രമീകരണവും സാധ്യമാക്കും. വാസ്തുശാസ്ത്രത്തില്‍ ഇവ ദ്വാരവിധാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. സാധാരണയായി ഗൃഹത്തിനു നല്‍കുന്ന വാതിലുകളുടെയും ജനലുകളുടെയും അളവുകള്‍ കോല്‍മാനത്തിലോ അംഗുലമാനത്തിലോ കണക്കാക്കാവുന്നതാണ്. ഇത് യോനിപ്പെടുത്തിയുളള ശുഭകരമായ അളവുകളോ അല്ലെങ്കില്‍ ആനുപാതിക ക്രമത്തിലുളള അളവുകളോ എടുക്കാവുന്നതാണ്.

തളളക്കതകും പിളളക്കതകും

വാതിലുകള്‍ ഒറ്റപ്പാളിയാണെങ്കില്‍ ഗൃഹത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഇവ ഇടതുഭാഗത്തായാണ് പിടിപ്പിക്കേണ്ടത്. രണ്ടു പാളിയാണെങ്കില്‍ ഇടതുഭാഗത്തുളളതിനെ തളളക്കതക് എന്നും വലതുഭാഗത്തുളളതിനെ പിളളക്കതക് എന്നും വിളിക്കുന്നു. തളളക്കതകിലാണ് അലങ്കാരപ്പണികളായ സൂത്രപ്പട്ടിക, സ്തനം മുതലായ അലങ്കാരങ്ങള്‍ നല്‍കേണ്ടത്. തളളക്കതകിന് പിളളക്കതകിനേക്കാള്‍ അല്പം വലുപ്പം അധികരിച്ചിരിക്കും.

ഭിത്തിവണ്ണത്തെ പന്ത്രണ്ടായി ഭാഗിച്ച് ഏഴംശം അകത്തും അഞ്ചംശം പുറത്തും വരത്തക്കവിധത്തിലുളള രേഖയില്‍ കട്ടിള മധ്യം വരത്തക്കവിധത്തില്‍വേണം കതകു സ്ഥാപിക്കാന്‍. എല്ലാ ദിക്കിലേക്കും ദര്‍ശനമായ ഗൃഹങ്ങള്‍ക്കും പ്രധാന വാതിലുകള്‍ ഗൃഹ മധ്യത്തില്‍ നിന്നും അല്പം ഇടതുമാറി വരുന്നത് ശ്രേഷ്ഠമാണ്. എന്നാല്‍ ആധുനിക രൂപകല്പനയില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. ഗൃഹമധ്യത്തില്‍ വാതിലിൻെറ മധ്യം വരത്തക്കവിധം വാതില്‍ നല്‍കുന്നത് ശുഭകരമാകില്ല എന്നാണ് ശാസ്ത്രം പറയുന്നത്. വാതിലിന്‍െറ മധ്യവും വഴി, മരങ്ങള്‍, തൂണുകള്‍, കിണര്‍, കോടി, മതിലുകള്‍ മുതലായവയുടെ മധ്യവും ഒന്നാകുന്ന രീതിയില്‍ ഇടഞ്ഞു വരുന്നതും ശുഭകരമല്ല. ഗൃഹ ഉയരത്തിന്‍െറ ഇരട്ടി ദൂരത്തിനപ്പുറമാണ് ഇവയെങ്കില്‍ അവയുടെ ദോഷവശങ്ങള്‍ ബാധകമാകില്ല എന്നു കരുതിപ്പോരുന്നു.

സാധാരണയായി ഭിത്തി (സ്തംഭ) ഉയരത്തിന്‍െറ 0.722 ഇരട്ടിയായാണ് വാസ്തുവിദ്യയില്‍ വാതിലിന്‍െറ ഉയരത്തെ ആനുപാതികമായി കണക്കാക്കിയിരിക്കുന്നത്. വാതില്‍ വിസ്താരമാകട്ടെ 0.341 ഇരട്ടിയായും കണക്കാക്കാം. വിസ്താരത്തിനിരട്ടി ഉയരമുളള കതകുകള്‍ മനുഷ്യഗൃഹത്തിനു പയോഗിക്കാതിരിക്കുന്നതാണ് നല്ലത്. വാതിലുകളുടെ പാളികള്‍ ഒറ്റസംഖ്യയിലെ തടിക്കഷണങ്ങള്‍ കൂട്ടിയോജിപ്പിച്ചതാകണം എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. തനിയേ അടയുന്നതോ തുറക്കുന്നതോ ആയ വാതിലുകളും തുറക്കുമ്പോള്‍ ശബ്ദം പുറപ്പെടുവിക്കുന്ന വാതിലുകളും ശുഭകരമായ ജീവിതം തരുകയില്ല എന്നു വിശ്വസിക്കപ്പെടുന്നു.

സാധാരണയായി ഗൃഹങ്ങള്‍ രൂപകല്പന ചെയ്യുമ്പോള്‍ പൂര്‍ണമായും ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ കതകിന് അളവുകള്‍ നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടാറുണ്ട്. വാതിലുകളും ജനാലകളും എങ്ങോട്ടാണോ ദര്‍ശനമായി വരുന്നത് അതാത് യോനിയില്‍ വേണം അവയ്ക്ക് അളവുകള്‍ നല്‍കാന്‍ എന്നും ചില ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ ഒരു ഗൃഹത്തില്‍ പല അളവിലും കനത്തിലുമുളള ജനാലകളും വാതിലുകളും നിര്‍മിക്കേണ്ടിവരുന്നു. ഇത് നിര്‍മാണമേഖലയില്‍ കൂടുതല്‍ ആശയക്കുഴപ്പവും തെറ്റുകളും വരുത്തുന്നതിനാല്‍ മനുഷ്യാലയങ്ങള്‍ക്ക് പൊതുവായ അളവുകളാണ് ഉപയോഗിച്ചുവരുന്നത്. സാധാരണയായി ഉയോഗിക്കുന്ന 100 സെമി * 210 സെമീ അളവിലെ കതക് ഏറെക്കുറെ വാസ്തുശാസ്ത്രമനുശാസിക്കുന്ന എല്ലാ വശങ്ങളും ഉള്‍ക്കൊണ്ട് അളവാണ്. 209.5*86 സെമീ, 209.5*80 സെമീ, 210.5*110 സെമീ, 209.5*98 സെമീ എന്നീ അളവുകളും സ്വീകരിക്കാവുന്നതാണ്.

വാസ്തുവും ജനാലയും

വാസ്തുശാസ്ത്രപ്രകാരം ജനാലകള്‍ പലവിധത്തിലുണ്ട്. ഗവാക്ഷം, നന്ദ്യാവര്‍ത്തം, കുഞ്ജരാക്ഷം മുതലായവ ഇവയില്‍ ചിലതുമാത്രമാണ്. ഇന്നത്തെ രൂപകല്പനാ രീതിയുമായി പലപ്പോഴും യോജിക്കാത്ത രീതികളിലുളളവയായതിനാല്‍ ക്ഷേത്രനിര്‍മാണത്തില്‍ മാത്രമാണ് ഇവ ഉപയോഗിക്കാറുളളത്. 206*144.5 സെമീ നാലുപാളിക്കും 158*144.5 സെമീ മൂന്നുപാളിക്കും, 110*144.5 സെമീ രണ്ടു പാളിക്കും ഉപയോഗിക്കാവുന്ന യോനിപ്പെടുത്തിയ വാസ്തുപരമായ അളവുകളാണ്.

വാതിലുകളും ജനാലകളും തടി, ഇരുമ്പ്, അലുമിനിയം എന്നീ ഏതു തരത്തിലുളള പദാര്‍ഥം കൊണ്ടും നിര്‍മിക്കാവുന്നതാണ്. കാതലുളള ഏതുതടിയും വാതിലിന് ഉപയോഗിക്കാം. പല തരത്തിലുളള തടികള്‍ കൂട്ടിച്ചേര്‍ക്കുന്നതും പുതിയ വീടിന് പഴയ കതകുകള്‍ ഉപയോഗി ക്കുന്നതും ഉത്തമമല്ല. വാതിലുകളുടെയും ജനാലുകളുടെയും സ്ഥാനം നിശ്ചയിക്കുമ്പോള്‍ സൂത്രവേധങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാ ണ്. നിര്‍മാണത്തിനിടയില്‍ ദ്വാരസംബന്ധിയായി ഗൃഹ നിര്‍മാതാവ് ശ്രദ്ധാലുവാകാനും ഏറ്റവും ഭംഗിയോടും ഉറപ്പോടും കൂടി നിര്‍മാണപ്രക്രിയ നിര്‍വഹിക്കാനുമുളള ഒരു സന്ദേശമാണ് വാസ്തുഗ്രന്ഥങ്ങളിലെ ദ്വാര സംവിധാനം എന്ന ഭാഗം. ദ്വാരസ്ഥാനങ്ങള്‍, പൊതുവായ അളവുകള്‍ എന്നീ കാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി, ശാസ്ത്രം രൂപപ്പെട്ട കാലത്തെ സാമൂഹ്യവ്യവസ്ഥിതി, ആചാരം എന്നിവയെ അന്നത്തെ കാലത്തിനനുസരിച്ചു ഭേദഗതി വരുത്തി പ്രായോഗിക തലത്തില്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്.

No comments:

Post a Comment