Tuesday 14 March 2017

വാസ്തുവിദ്യയുടെ താന്ത്രിക ബന്ധം



വേദങ്ങളില്‍ നിന്നാണു വാസ്തുവിദ്യ രൂപപ്പെട്ടത് എന്ന ദര്‍ശനമാണു നാം സംവത്സരങ്ങളായി പിന്തുടരുന്നത്. ഭാരതത്തില്‍ 'വൈദിക മായ കാഴ്ചപ്പാടിലൂടെ വാസ്തുവിദ്യയെ ദര്‍ശിക്കുന്നവരാണു കൂടുതലും. കേരളം, ബംഗാള്‍, കശ്മീര്‍ എന്നിവിടങ്ങളിലാണു പൊതുവെ താന്ത്രികമായ ചിന്താധാരകള്‍ക്കു കൂടുതല്‍ പ്രാധാന്യമുള്ളത്. താന്ത്രിക വൈദിക പാരമ്പര്യങ്ങള്‍ വേര്‍തിരിച്ചെടുക്കാനാവാത്ത വിധം ഇഴുകിച്ചേര്‍ന്നതാണ് കേരളത്തിന്‍െറ വാസ്തുപാരമ്പര്യം എന്നും പറയാം.

എന്നാല്‍, വാസ്തുവിദ്യയ്ക്കു വൈദികബന്ധത്തെക്കാള്‍ കൂടുതല്‍ താന്ത്രികബന്ധമാണുള്ളത് എന്നതാണു വാസ്തവം. വാസ്തുവിലെ വൈദിക താന്ത്രിക വഴികള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും രണ്ടിന്‍െറയും ലക്ഷ്യം ഒന്നുതന്നെയാണ് എന്നതും മനസ്സിലാക്കണം. ഒരിടത്തേക്കു തന്നെയുള്ള രണ്ടു വഴികളാണ് താന്ത്രിക വൈദിക സിദ്ധാന്തങ്ങള്‍. താന്ത്രിക സിദ്ധാന്തത്തില്‍ ഭൌതിക ജീവിതത്തിനാണ് ഊന്നല്‍. അതായത് ആഗ്രഹങ്ങള്‍ സഫലീകരിച്ച് ആധ്യാത്മിക ഉന്നതിയിലെത്തിച്ചേരാനുള്ള വഴി അത് ഒരുക്കുന്നു. വൈദിക സിദ്ധാന്തത്തിലാകട്ടെ ആധ്യാത്മികതയ്ക്കാണ് ഊന്നല്‍. ഭൌതികത നിരാകരിച്ച് ആധ്യാത്മിക ഉന്നതിയിലെത്താനുള്ള വഴി അതു കാണിച്ചുതരുന്നു.

വാസ്തുമണ്ഡല രൂപകല്‍പന, വാസ്തുപുരുഷ സംവിധാനം ഇതെല്ലാം വാസ്തു താന്ത്രികാധിഷ്ഠിതമാണ് എന്നതിന്‍െറ ഉത്തമദൃഷ്ടാന്തങ്ങളാണ്. ഇത്തരത്തില്‍വാസ്തുവിദ്യയെ മനസ്സിലാക്കുന്നതിന് വേദങ്ങളിലുള്ള അറിവു മാത്രമല്ല, താന്ത്രികമായ സമീപനവും അത്യാവശ്യമാണ്. അപ്പോള്‍ മാത്രമേ പൂര്‍ണമായ അര്‍ഥത്തില്‍ വാസ്തുവിദ്യയെ ഉള്‍ക്കൊള്ളാനാകൂ. ഈ താന്ത്രിക ബന്ധം ശാസ്ത്രീയമായി സമര്‍ഥിക്കാന്‍ കഴിയുമ്പോള്‍ മþത്രമേ വാസ്തുവിന്‍െറ വിശ്വാസ്യത പൂര്‍ണമാകൂ. ഈ അറിവും പരിജ്ഞാനവും പണ്ഡിതന്മാരില്‍ മാത്രം ഉണ്ടായാല്‍ പോര മറിച്ച് കര്‍മ്മരംഗത്തുള്ള സാങ്കേതിക വിദഗ്ധര്‍, നിര്‍മാതാക്കള്‍ എന്നിവരിലും എത്തണം.

വാസ്തുവിദ്യയ്ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയെടുക്കുകയും ഒപ്പം ഭാരതത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള വാസ്തു ദര്‍ശനങ്ങള്‍ സമന്വയിപ്പിച്ച് അറിവ് രൂപപ്പെടുത്തുകയുമായിരുന്നു രാജ്യാന്തര വാസ്തു സെമിനാറിന്‍െറ ലക്ഷ്യം. ബനാറസ് ഹിന്ദു സര്‍വകലാശാലയും വാസ്തു സദന്‍ എന്ന സ്ഥാപനവും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ മൌലങ്കാര്‍ ഓഡിറ്റോറിയത്തിലായിരുന്നു സെമിനാര്‍.

മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറില്‍ വാസ്തു സംബന്ധിയായ വിഷയങ്ങളില്‍ പ്രബന്ധാവതരണങ്ങളും ചര്‍ച്ചകളും നടന്നു. ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. കേരളത്തെ പ്രതിനിധീകരിച്ച് കാലടി സര്‍വകലാശാല വാസ്തുവിദ്യാ വിഭാഗം മേധാവി ഡോ.പി.വി. ഔസേഫും പങ്കെടുത്തു.

No comments:

Post a Comment