Tuesday 14 March 2017

കാഴ്ചയിൽ കാര്യമുണ്ട്‌



ഗൃഹം നിര്‍മിക്കാന്‍ തുടങ്ങുന്ന ഏതൊരാളിനും ആവശ്യം വ്യത്യസ്തമായ ശൈലിയാണ്. തന്റെ വീടിന് എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ ഉണ്ടാകണം എന്ന് ശഠിക്കുന്ന നിര്‍മാതാവ് ഭാവിയില്‍ അതുണ്ടാക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ഒട്ടും ബോധവാനായിരിക്കുകയില്ല.

ഒരു എന്‍ജിനീയര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് ആദ്യമായി മുന്‍കൈ എടുത്ത് ഇങ്ങനെയുള്ള കാര്യങ്ങള്‍ വിശദമാക്കുകയാണ് വേണ്ടത്. എല്ലാവരില്‍ നിന്നും വ്യത്യസ്തമാവാനായി നക്ഷത്രരൂപത്തില്‍ ഗൃഹം നിര്‍മിച്ച് ശാരീരിക, മാനസിക പീഡനങ്ങള്‍ ഏറ്റു വാങ്ങിയ ഒരാളിനെയാണ് ഇപ്പോള്‍ ഒാര്‍മ്മവരുന്നത്.

പ്രകൃതി നമുക്കു പറഞ്ഞു തരുന്ന ഒരു വലിയ പാഠമുണ്ട്, എല്ലാം അനുഭവിക്കുക, ഉപയോഗിക്കുക. ആവശ്യത്തിനു മാത്രം. മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളെയും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യം അവയുടെ എല്ലാം വാസസ്ഥാനങ്ങള്‍, ആവശ്യത്തിനുമാത്രം നിര്‍മിച്ചവയാണ്. ഒരേ ജാതിയില്‍പ്പെട്ട ജീവികള്‍ക്ക് ഒരേ തരത്തില്‍ അല്ലെങ്കില്‍ ഒരേ ഘടനയിലെ ആവാസ സ്ഥാനങ്ങളാവും ഉണ്ടാവുക. മനുഷ്യന്റെ കാര്യമാകട്ടെ ഇതിനു നേരെ വിപരീതവും. മനനം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് അതിരുവിടുമ്പോള്‍ അത് അരോചകമായ സൃഷ്ടികളുണ്ടാവാന്‍ കാരണമാവുന്നു എന്ന് ഒാര്‍മയുണ്ടാവണം.

ശാലാവിന്യാസം പ്രധാനം


വാസ്തുവിദ്യയില്‍ ഗൃഹരൂപകല്പനയ്ക്ക് സ്വീകരിക്കാവുന്ന ആകൃതികളെക്കുറിച്ച് വളരെ വ്യക്തമായ സൂചനകളുണ്ട്. ഗൃഹത്തിന്റെ ദര്‍ശനമനുസരിച്ചാണ് അതിന് സ്വീകരിക്കാവുന്ന രൂപഭാവങ്ങള്‍. വാസ്തുവിന്റെ അടിസ്ഥാനഘടകങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇൌ ആകൃതികള്‍ നിശ്ചയിച്ചിരിക്കുന്നത്.

വാസ്തുവില്‍ പറഞ്ഞ പ്രകാരം പൂര്‍ണതയുള്ള ഗൃഹം എന്നു പറയാവുന്നത് നാലുകെട്ടിനെയാണ്. നാലു ദിക്കുകളെ പ്രതിനിധാനം ചെയ്ത് അന്തര്‍മുഖമായി, നടുമുറ്റത്തിനു ചുറ്റും വിന്യസിക്കുന്ന നാലുകെട്ടിനെ പ്രായേണ ഏതു ദിക്കിലേക്കും ദര്‍ശനമായും ഏതു തരം ഭൂമിയിലും നിര്‍മിക്കാവുന്നതാണ്.

സാധാരണയായി നിര്‍മിക്കപ്പെടുന്ന ഗൃഹങ്ങളെ ഏകശാലകള്‍ എന്നു പറയുന്നു. ഇതിനെ ഏതു ദിക്കിലേക്കും ദര്‍ശനമായി നിര്‍മിക്കാം. ദര്‍ശനത്തിനനുസൃതമായ കണക്കുകള്‍ നിശ്ചയിക്കുകയാണ് പതിവ്. രണ്ടു ശാലകള്‍ ചേര്‍ന്നുവരുന്ന രീതിക്ക് ദ്വിശാല എന്നു പറയുന്നു. അത് വടക്കു മുഖമുള്ളതും, കിഴക്കുമുഖമുള്ളതുമായ രണ്ടു ശാലകളായി പണിയാം. അല്ലെങ്കില്‍ കിഴക്കും പടിഞ്ഞാറും മുഖങ്ങളോടു കൂടിയതും സമാന്തരമായി കിടക്കുന്നതുമായ രണ്ടു ശാലകള്‍ ചേര്‍ന്ന രീതിയിലും നിര്‍മിക്കാം. ഇവ രണ്ടും മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായിട്ടുള്ളു.

മൂന്ന് ശാലകള്‍ ചേര്‍ന്ന രീതിയിലുള്ള ഗൃഹത്തിനെ കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി പണിയാവുന്നതാണ്. ഇത് മറ്റു ദിക്കുകളിലേക്ക് അനുയോജ്യമല്ല. മുമ്പു പറഞ്ഞ ഗൃഹരൂപകല്‍പനയിലെ ആകൃതികള്‍ മേല്‍പറഞ്ഞ ശാലാവിന്യാസത്തിനനുസൃതമായിട്ട് വേണം എടുക്കു വാന്‍. ഇത് ദിക്കുകള്‍ക്കനുസരിച്ച് ഭിന്നമായിരിക്കുകയും ചെയ്യും.

വാസ്തുദോഷപരിഹാരത്തില്‍ ഗൃഹത്തിന്റെ കോണിലെ കട്ടിങ്ങുകള്‍ ഒഴിവാക്കത്തക്ക രീതിയില്‍ എല്ലാ മൂലകളിലും കെട്ടിയടയ്ക്കുന്ന രീതി മേല്‍പ്പറഞ്ഞ ശാലാവിന്യാസത്തെ ശരിക്ക് മനസ്സിലാക്കാതെ പ്രയോഗത്തില്‍ വരുത്തുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. ഇതിന്റെ ശരിയായ തത്വം മനസ്സിലാക്കാതെയാണ് വടക്ക് കിഴക്ക് കാര്‍പോര്‍ച്ച് വരുന്നതു നല്ലതല്ല എന്നു പറയുന്നത്. അതുപോലെ തന്നെ തെക്കുപടിഞ്ഞാറ് വരുന്ന കിട്ടിങ്ങുകള്‍ ഒഴിവാക്കേണ്ടതാണ്. രണ്ടാം നില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് കോണ്‍ ചേര്‍ത്ത് എടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

വേണ്ടത് സിംപിള്‍ സ്ട്രെയിറ്റ്

പൊതുവേ പറഞ്ഞാല്‍ ഗൃഹത്തിന് കൃത്യമായ സമചതുരമോ, ദീര്‍ഘചതുരാകൃതിയോ, വരത്തക്കവിധം വേണം രൂപകല്‍പന നിര്‍വഹിക്കാന്‍. ഇതില്‍ നിന്നുള്ള പ്രൊജക്ഷന്‍സ് മേല്‍ സൂചിപ്പിച്ച ശാലാവിന്യാസത്തെ സാധൂകരിക്കുന്ന രീതിയില്‍ നല്‍കുന്നത് ഏറെ ഉത്തമമായിരിക്കും. വൃത്താകൃതി, അര്‍ധവൃത്താകൃതി തുടങ്ങിയ വ്യത്യസ്തങ്ങളായ ആകൃതികള്‍ കാലക്രമത്തില്‍ അസൌകര്യങ്ങളും അസംതൃപ്തിയും മാത്രമായിരിക്കും നല്‍കുക.

ഗൃഹരൂപകല്‍പന നടത്തുമ്പോള്‍ ഭൂമിയുടെ ചരിവ്, റോഡിന്റെ സ്ഥിതി, ചുറ്റുപാടുകള്‍ എന്നിവയ്ക്ക് ചേര്‍ന്നവിധത്തില്‍ സിംപിള്‍ സ്ട്രെയിറ്റ് ഡിസൈനുകളാവും ഏറ്റവും അനുയോജ്യമായിട്ടുള്ളത്.

No comments:

Post a Comment