Tuesday 14 March 2017

കാവുകൾ വെട്ടിതെളിച്ചു വീടു വെച്ചാൽ ?



നമ്മുടെ സംസ്കാരത്തിന്റെ ഈറ്റില്ലമാണ് കാവുകള്‍. പഴയസിനിമകളില്‍ കാവും കുളവുമില്ലാത്ത ഒരു കഥ പോലും ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. എന്നിട്ടും എന്തേ നാം കാവുകളെ ഭയപ്പെടുന്നു?

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സ്ഥൂല സൃഷ്ടിയാണ് കാവുകള്‍. മനുഷ്യന്റെ മനസ്സിലും ചിന്തയിലും ജീവിതത്തിലുമുള്ള ആത്മീയതയുടെ പൂര്‍ത്തീകരണമാണ് കാവുകള്‍. ഭൌതികതയുടെ അതിപ്രസരവും പൈതൃകത്തെക്കുറിച്ചുള്ള അജ്ഞതയും സംഘടിതമതങ്ങളുടെ കടന്നുകയറ്റവും ഹൈന്ദവസംസ്കാരത്തിലെ മൂല്യശോഷണവുമെല്ലാം ചേര്‍ന്നപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന കാവുകള്‍ അപ്രത്യക്ഷമായി.

കാര്‍ഷിക സംസ്കൃതിയുടെയും ശക്തമായ താന്ത്രികഅടിയൊഴുക്കുകളുടെയും പൂര്‍ത്തീകരണമായിരുന്നു നമ്മുടെ കാവുകള്‍. ഗൃഹം നിര്‍മിക്കുമ്പോള്‍ അതിനെടുക്കുന്ന സ്ഥലത്തെ ജീവജാലങ്ങള്‍ക്ക് വസിക്കാനായി തത്തുല്യമായ രീതിയില്‍ ഭൂമിയെ അവയ്ക്കുവേണ്ടി മാറ്റിയിട്ട് സംരക്ഷിച്ചിരുന്ന സംവിധാനമാണ് കാവുകളായി മാറിയത്. ഭൂമിയുമായി ഏറ്റവും ഇഴുകിച്ചേര്‍ന്ന ഉരഗവര്‍ഗത്തിലെ നാഗങ്ങളെ കാര്‍ഷിക സംസ്കൃതിയുടെ ആദ്യപാഠത്തിലെ സൂഹൃത്തായി പരിഗണിച്ച് അവയെ ആരാധിക്കുന്ന രീതി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. പിന്നീടെപ്പോഴോ രൂഢമൂലമായ താന്ത്രിക ആശയങ്ങളില്‍ നാഗങ്ങള്‍ പ്രാണന്റെ സ്ഥൂലമായ ആവിഷ്കാരമായി കരുതിവന്നു. അങ്ങനെ കാവുകള്‍ ക്രമേണ സര്‍പ്പക്കാവുകളായി.

പ്രാണന്റെ സഞ്ചാരം തരംഗരൂപത്തിലാണെന്നതും തരംഗരൂപത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകജീവി നാഗങ്ങളാണെന്നതും പ്രാണന്റെ പ്രക്രിയയില്‍ നാഗങ്ങളുടെ പ്രാധാന്യം കരുത്താര്‍ജിക്കാന്‍ ഇടയായി. ഇതുകൊണ്ടുതന്നെയാണ് കാവുകള്‍ നശിപ്പിച്ചാല്‍ മൂന്നാം തലമുറയില്‍ കുടുംബം അന്യംനിന്നുപോകും എന്ന് കരുതപ്പെട്ടിരുന്നത്. മേല്‍പ്പറഞ്ഞ വിശ്വാസങ്ങളും യുക്തികളും മാറ്റിവച്ചാല്‍ തന്നെ കാവുകള്‍ ജൈവവൈവിധ്യത്തിന്റെ ബാക്കിപത്രമാണ്. ശുദ്ധജലസ്രോതസ്സ് സംപുഷ്ടമാക്കുന്ന കാവുകള്‍ അപൂര്‍വസസ്യങ്ങളുടെയും ജീവികളുടെയും ഉറവിടമാണ്.

വാസ്തുപരമായി കാവുകളുടെ സംരക്ഷണം എത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കാവുകളുള്ള ഭൂമിയില്‍ കാവുകള്‍ ഒഴിച്ചിട്ട് ബാക്കിവരുന്ന സ്ഥലത്ത് വാസ്തുപരമായി കണക്കുകള്‍ നിഷ്കര്‍ഷിച്ച് ഗൃഹം നിര്‍മിക്കാന്‍ സാധിക്കുമെങ്കിലും അവ കാവുകളുടെ സ്വഭാവം, ആരാധനാ രീതി എന്നിവയെ ആശ്രയിച്ചിരിക്കും.

യാതൊരു കാരണവശാലും കാവുകള്‍ വെട്ടിത്തെളിച്ച സ്ഥലത്ത് ഗൃഹനിര്‍മാണംനടത്തുന്നത് ഉചിതമല്ല. കാവുകള്‍ ഉള്ള പറമ്പില്‍ ഗൃഹനിര്‍മാണത്തിന് നാഗസൂത്രവേധം ഒഴിവാക്കി വേണം ഗൃഹത്തിന് സ്ഥാനം കാണാന്‍. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമുള്ളവരും അതു പാലിക്കുന്നവരും കാവുകള്‍ ഉള്‍പ്പെട്ട പുരയിടങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പൊന്നുമില്ല. എന്നാല്‍, ജൈവവൈവിധ്യമാര്‍ന്ന കാവുകള്‍ വെട്ടി നിരത്തി സിമന്റ് കൊണ്ട് ആരാധനാബിംബങ്ങള്‍ പ്രതിഷ്ഠിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. നമ്മുടെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതി തന്നെയാണ് നമ്മുടെ ഈശ്വരനും . പ്രകൃതിസംരക്ഷണം വാസ്തുവിദ്യയില്‍ ഈശ്വരാരാധന തന്നെയാണ്.

വിവരങ്ങള്‍ക്ക്

മനോജ് എസ് നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍
വാസ്തുവിദ്യാ ഗുരുകുലം
ആറന്മുള

No comments:

Post a Comment