Tuesday 14 March 2017

കാ൪പോ൪ച്ചിന്റെ വാസ്തു



ഇന്ന് ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി വാഹനമുണ്ട്. അതോടെ കാര്‍പോര്‍ച്ച് വീടിന്റെ ആവശ്യഘടകമായി മാറി. സ്ഥലത്തിന്റെ ലഭ്യതക്കുറവും വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവും പല വിധങ്ങളായ കാര്‍പോര്‍ച്ചുകളുടെ നിര്‍മാണത്തിനു വഴിവച്ചു.

വാസ്തുശാസ്ത്രാനുസൃതമായി വീട്ടില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ ഇടതുഭാഗത്തായിട്ടാണ് വാഹനപ്പുര വരേണ്ടത്. എന്നാല്‍, ഇത് വാസ്തുശാസ്ത്രത്തിലെ മറ്റു പ്രമാണങ്ങളോടു വിയോജിപ്പ് വരാത്തവണ്ണം വേണം നല്‍കാന്‍. ഉദാഹരണത്തിന് പ്രത്യേകമായി ഗരാഷ്  (Garage) ആണ് നിര്‍മിക്കുന്നതെങ്കില്‍ കിഴക്കുദര്‍ശനമായ ഗൃഹത്തില്‍ വടക്കുകിഴക്ക് സ്ഥാനം കാണുന്നതിനേക്കാള്‍ നല്ലത് ഇടതു ഭാഗമായ വടക്കു സ്ഥാനത്ത് നല്‍കുന്നതാണ്. കോണുകളിലെ വേധം കഴിയുന്നത്ര ഒഴിവാക്കുന്നതു നല്ലതാണ്. ഇതിനു വിപരീതമായി ഗൃഹത്തിനോടു ചേര്‍ന്നാണ് പോര്‍ച്ച് പണിയുന്നതെങ്കില്‍ ഇതു ഗൃഹത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുതന്നെ നല്‍കുന്നതില്‍ തെറ്റില്ല.

വടക്കുകിഴക്കേ കോണില്‍ കാര്‍പോര്‍ച്ച് വരുന്നതു വലിയ കുഴപ്പമാണ്(ഗൃഹത്തോടു ചേര്‍ന്നു പണിയുമ്പോള്‍) എന്ന രീതിയില്‍ പ്രചാരമുണ്ട്. എന്നാല്‍, ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഗൃഹത്തിനോട് ചേര്‍ന്ന്, ഗൃഹത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കത്തക്ക വിധത്തിലാണെങ്കില്‍ ഏതു ഭാഗത്തും കാര്‍പോര്‍ച്ച് നല്‍കാവുന്നതാണ്. തെക്കുപടിഞ്ഞാറ് ഭാഗത്ത് കട്ടിങ്  വരത്തക്ക വിധം അകത്തേക്കു കയറി പോര്‍ച്ച് നല്‍കുന്നതു ഗുണകരമാവില്ല.

പോര്‍ച്ച് പ്രത്യേകം പണിയാം

ഗൃഹത്തോടു ചേര്‍ന്ന് പോര്‍ച്ച് നല്‍കുന്നതിനേക്കാള്‍ പ്രത്യേകമായി 'ഗരാഷ് പണിയുന്നതാണ് ഇന്നത്തെ രീതി. ഒരു പരിധി വരെ ഇതാണ് ഉത്തമം. അടച്ചുറപ്പുള്ള പ്രത്യേകമായ 'ഗരാഷ് ഗൃഹത്തിനു മുന്‍പില്‍ അനാവശ്യമായ തിക്കും തിരക്കും കുറയ്ക്കുകയും ആവശ്യമായ കാറ്റും വെളിച്ചവും അകത്തേക്കു പ്രദാനം ചെയ്യുകയും ചെയ്യും. പുറത്തെല്ലാം ഓടി വരുന്ന വാഹനങ്ങള്‍ ഗൃഹവുമായി ബന്ധമില്ലാതെ ഇടുന്നത് ശുചിത്വസംവിധാനത്തെ കാര്യക്ഷമമാക്കാന്‍ സഹായിക്കുകയും ചെയ്യും.

മനോഹരമായ ഗൃഹം സംവിധാനം ചെയ്യുമ്പോള്‍ കഴിയുന്നത്ര രീതിയില്‍ ലോഹങ്ങളുമായി സ്ഥിരസമ്പര്‍ക്കം ഒഴിവാക്കി കിട്ടുന്നതു നല്ലതായിരിക്കും. അതുകൊണ്ട് കാര്‍പോര്‍ച്ച് പ്രത്യേകം ഗരാഷ് ആയി മാറ്റുന്നത് ഉത്തമമാണ്. ഇന്ന് കാറില്‍ വന്ന് ഇറങ്ങാന്‍ ചെറിയ, തള്ളിനില്‍ക്കുന്ന  കാര്‍പോര്‍ച്ച് നല്‍കുകയും കാര്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരു സ്ഥാനം നല്‍കുന്ന രീതിയും വര്‍ധിച്ചിച്ചുണ്ട്.

ഗൃഹത്തിനോടു ചേര്‍ന്ന് പോര്‍ച്ച് പണിയുമ്പോള്‍ പോര്‍ച്ചില്ലാതെയും പോര്‍ച്ച് ചേര്‍ന്നും കണക്കുകള്‍ ക്രമപ്പെടുത്തണം. അടിസ്ഥാനപരമായി അടിത്തറയിലെങ്കിലും ഗൃഹത്തിലെ ഒരു അവയവമായി തന്നെ കാര്‍പോര്‍ച്ചിനെ കണക്കാക്കണം. സാധാരണ ഒരു വാഹനത്തിന് സുഖമായി പാര്‍ക്ക് ചെയ്യാന്‍ ഏകദേശം മൂന്ന് മീറ്ററെങ്കിലും വീതിയും നാലര മീറ്ററെങ്കിലും നീളവുമുള്ള പോര്‍ച്ച് ആവശ്യമാണ്.

No comments:

Post a Comment