Tuesday 14 March 2017

അടുക്കള ശ്രദ്ധാപൂ൪വം



ഗൃഹരൂപ കല്പനയില്‍ പാചകശാലയുടെ അഥവാ അടുക്കളയുടെ സ്ഥാനം പരമപ്രധാനമാണ്. അന്നം തയ്യാറാക്കുന്ന സ്ഥലം മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങളിലൊന്നായ പോഷകസമൃദ്ധമായ ആഹാരത്തിന്റെയും അതിന്റെ രുചിയെയും സ്വാധീനിക്കുന്ന ഘടകമാണ്. ഒരു ഗൃഹത്തില്‍ ഏറ്റവും അധികം ഉൌര്‍ജം പുറപ്പെടുവിക്കുന്ന ഭാഗമാണ് അടുക്കള. ഗൃഹത്തിലെ സ്ത്രീകള്‍ ഏറ്റവും സമയം ചെലവിടുന്ന അടുക്കളയുടെ രൂപകല്പന ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഒന്നാണ്. കാലത്തിനനുസരിച്ചു കോലം മാറുന്ന ഇൌ കാലത്ത് അടുക്കളയുടെ രൂപകല്പനയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനസ്വഭാവമായ അഗ്നിജ്വലനവും പാചകം ചെയ്യലും മാറ്റമില്ലാതെ തുടരുകയാണ്.

അടുക്കളയുടെ സ്ഥാനം

വാസ്തുശാസ്ത്രാനുസൃതമായി ഗൃഹനിര്‍മിതി നടത്തുമ്പോള്‍ അടുക്കളയുടെ സ്ഥാനം കിഴക്കുഭാഗത്തായിട്ടാണ് വേണ്ടത് എന്നു മയമതം മുതലായ ഗ്രന്ഥങ്ങള്‍ പറയുന്നു. പദകല്പന നടത്തിയ മണ്ഡലത്തില്‍ മഹേന്ദ്രന്‍, അര്‍ക്കന്‍, ആര്യന്‍, സത്യന്‍, ഭൃശന്‍ മുതലായ പദങ്ങളില്‍ വരത്തക്കവിധം വേണം പാചകശാല നിര്‍മിക്കാന്‍ എന്നാണു പറയുന്നത്. മേല്‍പ്പറഞ്ഞ സ്ഥാനങ്ങളെല്ലാം തന്നെ ഗൃഹത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഏകദേശം വരുന്നത്. വാസ്തുവിദ്യയുടെ പ്രകാരണഗ്രന്ഥങ്ങളിലൊന്നായ മനുഷ്യാലയചന്ദ്രികയില്‍ പറയുന്നത് പര്‍ജന്യന്‍, അഗ്നി മുതലായ പദങ്ങളിലോ മേടം, ഇടവം രാശികളിലോ വായുപദത്തിലോ ആണ് അടുക്കള പണിയേണ്ടത് എന്നാണ്. പൊതുവേ പറഞ്ഞാല്‍ ഗൃഹരൂപകല്പനയില്‍ തെക്കുകിഴക്കെ കോണോഴിച്ച് തെക്കുഭാഗത്തും വടക്കുപടിഞ്ഞാറെ കോണൊഴിച്ച് പടിഞ്ഞാറു ഭാഗത്തും അടുക്കളയുടെ സ്ഥാനം നല്‍കാതിരിക്കുന്നതാണു നല്ലത്. കേരളത്തില്‍ ഏറ്റവും ഉത്തമസ്ഥാനങ്ങളായി കരുതിപ്പോരുന്ന സ്ഥാനങ്ങള്‍ വടക്കുകിഴക്കും തെക്കുകിഴക്കുമാണ്. തെക്കുപടിഞ്ഞാറെ കോണില്‍ അടുക്കള ഒരു കാരണവശാലും വന്നുകൂട എന്നാണ് ആചാര്യമതം.

മേല്‍പ്പറഞ്ഞ അടുക്കളയുടെ സ്ഥാനങ്ങളത്രയും ഗൃഹദര്‍ശനത്തെ കാര്യമാക്കാതെ എല്ലാ ദര്‍ശനങ്ങള്‍ക്കും നല്‍കാവുന്നതാണ്. ദര്‍ശനത്തിനനുസരിച്ചും രൂപകല്പനയ്ക്കനുസരിച്ചും മേല്‍പ്പറഞ്ഞ സ്ഥാനങ്ങളില്‍ ഏതുവേണമെങ്കിലും ഉചിതമായി സ്വീകരിക്കാം. ഇന്ന് സര്‍വസാധാരണമായ മോഡുലര്‍ കിച്ചണിന് സ്വീകരിക്കാവുന്ന വാസ്തുപരമായ സാധാരണ അളവുകള്‍ 294*294 സെമീ, 318*270 സെമീ, 342*246 സെമീ, 306*282 സെമീ, 294*270 സെമീ, 282*282 സെമീ എന്നിവയാണ്. വലിയ അളവുകള്‍ 414*318 സെമീ, 390*342 സെമീ, 402*330 സെമീ, 438*294 സെമീ, 366*366 സെമീ എന്നിവയാണ്.

പാചകം കിഴക്കു ദര്‍ശനമായി


അടുക്കളയില്‍ കിഴക്കുദര്‍ശനമായി നിന്ന് പാചകം ചെയ്യത്തക്കവിധം വേണം കിച്ചണ്‍ഹോബ് മുതലായവ നിര്‍മിക്കാന്‍. ഒന്നില്‍ കൂടുതല്‍ അടുക്കള ഒരു ഗൃഹത്തില്‍ നിര്‍മിക്കുന്നതില്‍ തെറ്റില്ല. വര്‍ക്ഏരിയയില്‍ പാരമ്പര്യരീതിയില്‍ അടുപ്പിന് സ്ഥാനം നല്‍കുന്ന രീതിയും സ്വീകാര്യമാണ്. വിറക് കത്തിച്ചു പാചകം ചെയ്യുന്ന സ്ഥാനം ഗൃഹത്തിനു പുറത്തായി പ്രത്യേകം നിര്‍മിക്കുന്ന രീതിയും ഇന്ന് നിലവിലുണ്ട്. ഇതിനൊന്നും വാസ്തുശാസ്ത്രപരമായി യാതൊരു കുഴപ്പവുമില്ല. എല്ലാ സ്ഥാനത്തും കിഴക്കോട്ടു തിരിഞ്ഞുനിന്ന് അഗ്നിജ്വലിപ്പിക്കുന്ന രീതി അവംബിക്കണമെന്നു മാത്രം. അടുക്കളയ്ക്കുള്ളില്‍ വടക്കുകിഴക്കോട്ടു ചേര്‍ന്നോ കിഴക്കുഭാഗത്തായോ തെക്കുകിഴക്കോട്ടു ചേര്‍ന്നോ സൌകര്യം പോലെ അടുപ്പ് ക്രമീകരിക്കാവുന്നതാണ്. അടുക്കളയില്‍ പാത്രം കഴുകുന്ന സിങ്ക് കഴിവതും തെക്കുഭാഗത്ത് വരുന്നത് ഏറെ നന്നായിരിക്കും. ഇത് തുറസ്സായ ജനാല വരുന്ന ഭാഗത്ത് നല്‍കുന്നതും ഏറെ നല്ലതാണ്. കിച്ചണ്‍ ഹോബ് നല്‍കാനുദ്ദേശിക്കുന്ന ഭാഗത്ത് കഴിവതും ജനാല നല്‍കാതിരിക്കുന്നതാണ് നല്ലത്. പാതകത്തിന്റെ ഉയരം 65 സെമീ മുതല്‍ 75 സെമീക്കുള്ളില്‍ ക്രമീകരിക്കുന്നതാണ് ആയാസരഹിതമായ പാചകത്തിനു നല്ലത്. ഇത് വീട്ടമ്മയുടെ ഉയരത്തിനനുസരിച്ചു ക്രമീകരിക്കേണ്ടതാണ്.

അടുക്കളയില്‍ ഗ്യാസ് സിലണ്ടര്‍ മുറിയുടെ പുറത്ത് വെളിയിലായി സുരക്ഷിതമായി വയ്ക്കാനുള്ള അറ നല്‍കുന്നത് ഏറെ നല്ലതായിരിക്കും. അടുക്കളയില്‍ കഴിവതും തറയോട് ഒഴിവാക്കുക. മാറ്റ് ഫിനിഷ്ഡ് സെറാമിക് ടൈല്‍, ഗ്രാനൈറ്റ് എന്നിവയിലേതെങ്കിലുമായിരിക്കും ഫ്ളോറിങ്ങിന് ഏറ്റവും അഭികാമ്യം. മോഡുലര്‍ കിച്ചണ്‍ പണിയാന്‍ ആണെങ്കില്‍ സ്ളാബ് വാര്‍ത്തിടേണ്ട കാര്യമില്ല. ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍ മുതലായവയ്ക്ക് അടുക്കളയിലും വര്‍ക് ഏരിയയിലുമായി പോക്കറ്റ് സ്പേസ് നല്‍കുന്നതും ഏറെ പ്രയോജനപ്രദമാണ്. കുറഞ്ഞ വലുപ്പത്തില്‍ പരമാവധി ക്രമീകരണങ്ങളോടു കൂടിയ അടുക്കള വീട്ടമ്മയുടെ അധ്വാനം കുറയ്ക്കും.

അടുക്കളയോടു ചേര്‍ന്ന് ടോയ്ലറ്റ് വരുന്നത് വാസ്തുപരമായി കുഴപ്പമില്ല. പ്രത്യേകിച്ച് ഇന്നത്തെ ടോയ്ലറ്റുകള്‍ എല്ലാം ഗാമര്‍ റൂമുകള്‍ ആണല്ലോ. അടുക്കളയോടു ചേര്‍ന്നു പൂജാമുറി വരുന്നതും വാസ്തുവിരുദ്ധമല്ല (ഒരേ ഭിത്തിക്കിരുപുറം). തടിയുടെ ഉപയോഗം പരമാവധി കുറച്ച് ആധുനികമായ രൂപകല്‍പനകള്‍ സ്വീകരിച്ച് വാസ്തുപരമായ അടിസ്ഥാനതത്വങ്ങളും ഉള്‍ക്കൊണ്ടു വേണം അടുക്കള ക്രമീകരിക്കാന്‍.

വിലാസം:

മനോജ് എസ്. നായര്‍
കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍,
വാസ്തുവിദ്യാ ഗുരുകുലം,
ആറന്മുള

No comments:

Post a Comment